ടെക്സസ് സ്കൂൾ വെടിവയ്പു നടത്തിയത് പതിനേഴുകാരൻ

ഹൂസ്റ്റൺ∙ യുഎസിലെ ടെക്സസിലെ സാന്താ ഫെ ഹൈസ്കൂളിൽ പത്തുപേരെ വെടിവച്ചുകൊന്ന പതിനേഴുകാരൻ ദിമിത്രിയോസ് പഗൂർടിസ് ചിലരെ ഒഴിവാക്കിയത് തന്റെ ‘വീര’കഥ മറ്റുള്ളവരെ അറിയിക്കാനായി.

‘ബോൺ ടു കിൽ’ എന്നെഴുതിയ ടീ–ഷർട് ധരിച്ച‌ു നിറത്തോക്കും സ്ഫോടകവസ്തുക്കളുമായെത്തിയ പഗൂർടിസ് വിദ്യാർഥികളുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളുടെ ഓവർകോട്ടിൽ നാത്‍സി മെഡലും മറ്റു വിദ്വേഷ ചിഹ്നങ്ങളും ഉണ്ടായിരുന്നു. സ്കൂളിനു ചുറ്റും പഗൂർടിസ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായും കണ്ടെത്തി. വെടിവയ്പിനു കാരണം കണ്ടെത്താനായില്ല.

കൊല്ലപ്പെട്ട എട്ടു വിദ്യാർഥികളിൽ കൈമാറ്റ പദ്ധതിയിൽ പഠനത്തിനെത്തിയ പാക്കിസ്ഥാൻകാരൻ സബിക ഷെയ്ക്കും ഉണ്ട്. രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. കൊലയാളി പഗൂർടിസിനെ കീഴടക്കുന്നതിനിടെ വെടിയേറ്റ പൊലീസ് ഓഫിസർ ബാർനെസിന്റെ നില ഗുരുതരമായി തുടരുന്നു.