ഡമാസ്കസിൽനിന്ന് ഐഎസിനെ തുരത്തി

ബെയ്റൂട്ട്∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ തുരത്തി തലസ്ഥാനമായ ഡമാസ്കസിന്റെയും പ്രാന്തപ്രദേശങ്ങളുടെയും സമീപപട്ടണങ്ങളുടെയും പൂർണ നിയന്ത്രണം പിടിച്ചതായി സിറിയൻ സൈന്യം അറിയിച്ചു. ഏഴുവർഷമായി തുടരുന്ന യുദ്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.

യാർമുഖിലെ പലസ്തീൻ അഭയാർഥി ക്യാംപും അടുത്ത ജില്ലയായ ഹജാർ അൽ അസ്വാദുമുൾപ്പെടെ ഡമാസ്കസിന്റെ സുപ്രധാന തെക്കൻമേഖല സൈന്യം പിടിച്ചതോടെയാണ് ഐഎസിനെ പൂർണമായി തുരത്താൻ വഴിതുറന്നതെന്നു സർക്കാർ വ്യക്തമാക്കി. നൂറുകണക്കിന് ഐഎസ് ഭീകരരും ബന്ധുക്കളും യാർമുഖ് വിട്ടു.

ഐഎസിന്റെ പതനം സൈന്യം ആഘോഷിച്ചു. സിറിയയുടെ ഭൂമി ശുദ്ധീകരിക്കുംവരെ യുദ്ധം തുടരുമെന്നു സൈന്യം അറിയിച്ചു. 2011ലാണു സിറിയൻ യുദ്ധം തുടങ്ങിയത്. പ്രസിഡന്റ് ബഷാർ അൽ അസദിനെതിരായ പ്രതിഷേധത്തോടെയായിരുന്നു തുടക്കം. പിറ്റേ വർഷത്തോടെ ഡമാസ്കസിന്റെ നിയന്ത്രണം സർക്കാരിനു നഷ്ടമായി.