ശ്രീനിവാസിന്റെ കൊലയാളി വംശീയ വിദ്വേഷക്കുറ്റം സമ്മതിച്ചു

ശ്രീനിവാസ് കുച്ചിബോട്‌ല, ആഡം പുരിൻടൻ

വാഷിങ്ടൻ∙ ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥൻ ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവച്ചു കൊലപ്പെടുത്തിയ മുൻ യുഎസ് നാവികൻ ആഡം പുരിൻടൻ (53) കുറ്റപത്രത്തിലെ വംശീയവിദ്വേഷക്കുറ്റം കോടതിയിൽ സമ്മതിച്ചു. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ‌കൊലക്കുറ്റത്തിന് ഇയാളെ നേരത്തേ 78 വർഷം തടവിനു ശിക്ഷിച്ചിരുന്നു.

കൻസാസിലെ ബാറിൽ കഴിഞ്ഞ ഫെബ്രുവരി 22ന് ആണു ശ്രീനിവാസിനെ പുരിൻടൻ വെടിവച്ചു കൊന്നത്. ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മടസാനിക്കു വെടിവയ്പിൽ പരുക്കേൽക്കുകയും ചെയ്തു. ‘എന്റെ രാജ്യത്തുനിന്നു പോകൂ’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു പുരിൻടൻ ഇന്ത്യൻ യുവാക്കൾക്കു നേരെ വെടിയുതിർത്തത്. ഇയാളെ തടയാൻ ശ്രമിച്ച ഇയാൻ ഗ്രില്ലറ്റ് എന്ന അമേരിക്കക്കാരനും വെടിയേറ്റിരുന്നു.

ശ്രീനിവാസിന്റെ വിധവ സുനന്യ കോടതി നടപടികളെ സ്വാഗതം ചെയ്തു. വംശീയവിദ്വേഷത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് അന്ത്യംകുറിക്കാൻ ഇതു സഹായിക്കുമെന്നു സുനന്യ പ്രത്യാശ പ്രകടിപ്പിച്ചു.