Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ട നീതിയുടെ ക്രൂരത; ഡല്‍ഹിയില്‍ നൈജീരിയക്കാരനെ തല്ലിച്ചതച്ചു

Nigerian-National മോഷണക്കുറ്റം ആരോപിച്ചു ഡൽഹിയിൽ ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ നൈജീരിയൻ യുവാവ്. (വി‍ഡിയോ ദൃശ്യം)

ന്യൂഡൽഹി∙ മോഷണക്കുറ്റം ആരോപിച്ച് ഡൽഹിയിൽ ആൾക്കൂട്ടം നൈജീരിയൻ യുവാവിനെ തല്ലിച്ചതച്ചു. ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചാണു പത്തോളം പേര്‍ യുവാവിനുനേരെ ക്രൂരമായ വംശീയാക്രണം നടത്തിയത്. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. മാളവ്യനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ടു ജനക്കൂട്ടം മര്‍ദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലായിരുന്നു സംഭവം. മയക്കുമരുന്നു വില്‍പനയും മോഷണവുമാരോപിച്ചാണ് ഇയാളെ റോഡരികിലെ പോസ്റ്റിൽ കെട്ടിയിട്ടതെന്നു പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ ഗോവണിയില്‍നിന്നു വീണാണ് ഇയാൾക്കു പരുക്കേറ്റതെന്നാണു പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്​.

സ്​ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ യുവാവിനെ മർദിക്കുന്നതു കാണാം. ഉപദ്രവിക്കരുതെന്നു കേണപേക്ഷിച്ചിട്ടും മർദനം തുടരുകയായിരുന്നു. സെപ്​തംബര്‍ 24 വരെ ഇയാള്‍ മറ്റൊരു കേസില്‍ ജയിലായിരുന്നു. പുറത്തിറങ്ങിയ ഇയാളെ പ്രദേശവാസികള്‍ പിടികൂടി കെട്ടിയിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.