ക്വാന്റികോ വിവാദം: ക്ഷമ ചോദിച്ച് എബിസി ചാനൽ

ന്യൂയോർക്ക് ∙ പ്രിയങ്ക ചോപ്ര വേഷമിടുന്ന കുറ്റാന്വേഷണ സീരിയലിലെ വിവാദ എപ്പിസോഡിനു ക്ഷമ ചോദിച്ച് എബിസി ചാനൽ. ഹോളിവുഡിൽ പ്രിയങ്കയെ ഹിറ്റാക്കിയ ക്വാന്റികോ പരമ്പരയിൽ, ന്യൂയോർക്കിൽ ബോംബ് സ്ഫോടനം പദ്ധതിയിടുന്ന യുഎസ് സർവകലാശാലാ ഫിസിക്സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതു വിവാദമായപ്പോഴാണ് ഇതിന്റെ പേരിലുള്ള വിമർശനങ്ങളിൽനിന്നു നടിയെ വെറുതെവിടണമെന്നു പറഞ്ഞ് എബിസി ക്ഷമാപണം. തിരക്കഥയും കഥാപാത്രങ്ങളെയും നിശ്ചയിക്കുന്നതിൽ പ്രിയങ്കയ്ക്ക് ഒരുപങ്കുമില്ലെന്നു ചാനൽ വ്യക്തമാക്കി. വിവാദത്തെ തുടർന്നു ദ് ബ്ലഡ് ഓഫ് റോമിയോ എന്ന എപ്പിസോഡ് ഇന്ത്യയിൽ സംപ്രേഷണം ചെയ്തിരുന്നില്ല.