കണ്ണുരുട്ടി മെർക്കലും മക്രോയും, കൈകെട്ടി ട്രംപ്; ചരിത്രത്തിലിടം നേടാൻ ആ ജി–7 ചിത്രം

ജെസ്കോ ഡെൻസൽ പകർത്തിയ ജി–7 ചിത്രം.

ബർലിൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നന്നാക്കിയേ അടങ്ങൂ എന്നുറപ്പിച്ചു കണ്ണുരുട്ടുന്ന ജർമൻ ചാൻസലർ അംഗല മെർക്കൽ; അതുമാത്രം ആരു വിചാരിച്ചാലും നടക്കില്ലെന്ന ഭാവത്തിൽ കയ്യുംകെട്ടിയിരിക്കുന്ന ട്രംപ്. മെർക്കലിനു തൊട്ടടുത്തു തന്നെ ട്രംപിനു നേരെ നോക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. തനിക്കിനിയും ഉപദേശിക്കാൻ വയ്യെന്നു പറയും പോലെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സമീപമുണ്ട്. 

ജി–7 രാജ്യങ്ങൾക്കിടയിലെ അഭിപ്രായഭിന്നതകൾ പകൽപോലെ വ്യക്തമാക്കുന്ന ഈ ചിത്രം ചരിത്രപ്രധാന ഫോട്ടോഗ്രാഫുകളുടെ കൂട്ടത്തിലേക്കെന്നുറപ്പായി. കാനഡയിൽ നടന്ന ജി–7 ഉച്ചകോടിക്കിടെ, ജർമൻ സർക്കാരിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ ജെസ്കോ ഡെൻസൽ പകർത്തിയ ചിത്രത്തിലായിരുന്നു കഴിഞ്ഞദിവസം ലോകത്തിന്റെ കണ്ണുടക്കിയത്.

സമൂഹമാധ്യമങ്ങളി‍ൽ അടിക്കുറിപ്പു മൽസരങ്ങൾ വരെ ഫോട്ടോയുടെ പേരിൽ നടന്നു. മെർക്കലും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മറ്റു ലോകനേതാക്കളും തങ്ങളുടേതായ അടിക്കുറിപ്പുകളോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.