നെതന്യാഹുവിന്റെ ഭാര്യയ്ക്കെതിരെ വഞ്ചനക്കേസ്

ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്ക് (59) എതിരെ ചട്ടങ്ങൾ മറികടന്നു ഭക്ഷണം വാങ്ങി ഖജനാവിന് ഒരു ലക്ഷം ഡോളർ നഷ്ടമുണ്ടാക്കിയതിനു കേസ്. ഒരു സർക്കാർ ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഔദ്യോഗിക പാചകക്കാരന്റെ സേവനം ലഭിക്കുന്നവർ സർക്കാർ പണം ഉപയോഗിച്ചു പുറത്തുനിന്നു ഭക്ഷണം വാങ്ങരുതെന്നാണു ചട്ടം. എന്നാൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഔദ്യോഗിക പാചകക്കാരനുള്ള വിവരം മറച്ചുവച്ചു പലതവണ ഭക്ഷണം പുറത്തുനിന്നു വാങ്ങി സാമ്പത്തിക തിരിമറി നടത്തിയതായാണു കേസ്.

ഭാര്യയ്ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നു നെതന്യാഹു പറഞ്ഞു. സാറയ്ക്കെതിരെ മുൻപും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നെതന്യാഹുവിനെതിരെയും അടുത്തകാലത്ത് അഴിമതി ആരോപണങ്ങളുയർന്നിരുന്നുവെങ്കിലും അഭിപ്രായ സർവേകളിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോഴും ഉയർന്ന നിലയിലാണ്.