തത്തയുടെ ചിത്രം കിട്ടി; മധ്യകാല വാണിജ്യത്തിന് പുത്തൻ തെളിവായി

ഫ്രെഡറിക് രണ്ടാമൻ 700 കൊല്ലം മുൻപു വരച്ച തത്തയുടെ ചിത്രം.

സിഡ്നി, ഓസ്ട്രേലിയ ∙ ദക്ഷിണ പൂർവേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം, ഇപ്പോൾ കരുതുന്നതിനും രണ്ടര നൂറ്റാണ്ടു മുൻപേ തുടങ്ങി എന്നതിനു പുതിയ തെളിവ്. റോമാ ചക്രവർത്തി ഫ്രെഡറിക് രണ്ടാമൻ 700 കൊല്ലം മുൻപു വരച്ച തത്തയുടെ ചിത്രം ലഭിച്ചതോടെയാണിത്.

ഓസ്ട്രേലിയയിലും പരിസരത്തും കാണപ്പെടുന്ന തത്തയിനത്തിൽപ്പെട്ട ഓസ്ട്രേലേഷ്യൻ കൊക്കറ്റൂവിന്റെ ചിത്രം, തനിക്കു സമ്മാനമായി ലഭിച്ച അപൂർവപക്ഷികളുടെ കൂട്ടത്തിലാണു ചക്രവർത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 1241നും 48നും ഇടയിലാണു ചിത്രം വരച്ചിട്ടുള്ളത്. അതിനർഥം ഓസ്ട്രേലിയയുടെയും പൂർവേഷ്യയുടെയും പരിസരത്തു നിന്നു ജലമാർഗം അക്കാലത്തു തന്നെ യൂറോപ്പിലേക്കു വാണിജ്യം നടന്നിട്ടുണ്ടാകുമെന്നാണ്.

പൂർവേഷ്യ–യൂറോപ്പ് മധ്യകാല വാണിജ്യബന്ധം വ്യക്തമാക്കുന്ന ഏറ്റവും പഴക്കമുള്ള തെളിവ്, 1493ൽ യൂറോപ്പിൽ വരച്ച ഓസ്ട്രേലിയൻ തത്തയുടെ ചിത്രമായിരുന്നു. ആ ധാരണയാണു പുതിയ ചിത്രം തിരുത്തിയത്. ഫിൻലൻഡുകാരായ മൂന്നു ഗവേഷകരാണ് ഈ ചിത്രം വത്തിക്കാനിലെ ഒരു പുസ്തകത്തിൽനിന്നു പകർത്തി ഓസ്ട്രേലിയൻ ചരിത്രകാരനായ ഹീതർ ഡാൾട്ടനു കൈമാറിയത്.