മലേഷ്യയിൽ മുൻപ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിൽ

ക്വാലലംപുർ ∙ അഴിമതിക്കേസിൽ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിലായി. 2009ൽ നജീബ് പ്രധാനമന്ത്രിയായിരിക്കെ തുടക്കമിട്ട വൺ മലേഷ്യ ഡവലപ്മെന്റ് ബെർഹാദ് (1എംഡിബി) നിക്ഷേപ പദ്ധതിയിൽനിന്നു കോടിക്കണക്കിനു ഡോളർ തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

മൂന്നു കാറുകളിലെത്തിയ അഴിമതിവിരുദ്ധ അന്വേഷണ സംഘം ക്വാലലംപുരിലെ കൊട്ടാരതുല്യമായ വസതിയിൽനിന്നാണു നജീബിനെ പിടികൂടിയത്. 1എംഡിബിയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 27.2 കോടി ഡോളറിന്റെ (ഏകദേശം 1850 കോടി രൂപ) 408 ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞയാഴ്ച മരവിപ്പിച്ചിരുന്നു. 2011നും 2015നുമിടയിൽ 1എംഡിബി ഫണ്ട് സ്വീകരിച്ച കമ്പനികളുടെയും വ്യക്തികളുടെയുമാണ് അക്കൗണ്ടുകൾ. ഇതിൽ ചിലതു നജീബിന്റെ രാഷ്ട്രീയകക്ഷിയുടേതാണെന്നു പറയുന്നു. നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ് നിർമാതാവുമായ റിസ അസീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.

അഴിമതിപ്പണം റിസയുടെ സിനിമാക്കമ്പനിക്കുവേണ്ടി ചെലവഴിച്ചുവെന്നാണ് ആരോപണം. നജീബിന്റെ ഭാര്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ നജീബ് റസാഖിന്റെ ഭരണസഖ്യത്തെ പരാജയപ്പെടുത്തി മഹാതീർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അപ്രതീക്ഷിത വിജയം നേടിയിരുന്നു. പിന്നാലെ നജീബിനും കുടുംബാംഗങ്ങൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തി. മേയ് അവസാനം നജീബിന്റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ 200 കോടിയോളം രൂപ വിലവരുന്ന ആഡംബരവസ്തുക്കളും കണ്ടെടുത്തു.