പ്രധാനമന്ത്രി തെരേസ മേയുമായി അഭിപ്രായവ്യത്യാസം; വിദേശകാര്യ, ബ്രെക്സിറ്റ് മന്ത്രിമാർ രാജിവച്ചു

ഡേവിഡ് ഡേവിസ്.

ലണ്ടൻ∙ പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു ബ്രിട്ടനിലെ ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും വിദേശകാര്യ മന്ത്രി ബോറിസ് ജോൺസനും രാജിവച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിൽ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണു പ്രധാനമന്ത്രിയുടേതെന്ന് ആരോപിച്ചാണു രാജി.

ബ്രെക്സിറ്റ് കരാറിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചു രണ്ടു ദിവസത്തിനുള്ളിലാണു വകുപ്പുമന്ത്രിയുടെ രാജിയെന്നതു ശ്രദ്ധേയം. 2016ലെ ബ്രെക്സിറ്റ് വോട്ടെടുപ്പിനുശേഷം നിയമിതനായ ഡേവിസാണ് ഇതുസംബന്ധിച്ച നടപടികൾ മുന്നോട്ടു കൊണ്ടുപോയത്. ഡേവിസ് രാജിവച്ച് മണിക്കൂറുകൾ കഴിയും മുൻപേ ജോൺസനും രാജി നൽകി. ബ്രെക്സിറ്റ് പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുന്നതിന് അരമണിക്കൂർ മുൻപായിരുന്നു ജോൺസന്റെ രാജി.

ഏക വിപണിയും കസ്റ്റംസ് യൂണിയനിൽ നിന്നുള്ള പിന്മാറ്റവുമാണു പ്രധാന തർക്കവിഷയം. ബ്രിട്ടന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യൂറോപ്പ് നഷ്ടമാകാതിരിക്കാൻ യൂറോപ്യൻ യൂണിയന്റെ കർശനമായ നിബന്ധനകൾക്കു വഴങ്ങാൻ പ്രധാനമന്ത്രി മേ തയാറാകുന്നതാണു ഡേവിസിനെ പ്രകോപിപ്പിച്ചത്. ഇതു ബ്രിട്ടന്റെ നിലപാട് ബലഹീനമാക്കുമെന്നും രക്ഷപ്പെടാനാവാത്ത സ്ഥിതിയിലെത്തിക്കുമെന്നും ഡേവിസ് രാജിക്കത്തിൽ പറയുന്നു.

യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾ സംബന്ധിച്ചു ധാരണയിലായി 2019 മാർച്ചിനു മുൻപ് കരാർ ഒപ്പിട്ടില്ലെങ്കിൽ ബ്രെക്സിറ്റ് അവതാളത്തിലാകുമെന്ന ആശങ്കയുമുണ്ട്. അഴിമതിയും ലൈംഗിക അപവാദങ്ങളും മൂലം ഒട്ടേറെ മന്ത്രിമാരെ നഷ്ടമായ തെരേസ മേ സർക്കാരിനു ഡേവിസിന്റെയും ജോൺസന്റെയും രാജി കൂടുതൽ തലവേദനയായിട്ടുണ്ട്.

കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാർക്കിടയിലും മേയുടെ നിലപാടിനെതിരെ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്.