ചരിത്രം കുറിച്ച് ഹെൽസിങ്കി; ട്രംപും പുടിനും സംസാരിച്ചിരുന്നത് രണ്ടു മണിക്കൂറിലേറെ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ സമ്മാനിച്ച ഫുട്ബോൾ, സദസ്സിലിരുന്ന ഭാര്യ മെലനിയയ്ക്ക് എറിഞ്ഞുകൊടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഹെൽസിങ്കി (ഫിൻലൻഡ്)∙ ‘യുഎസും റഷ്യയും തമ്മിലുള്ള ബന്ധം തീരെ മോശമായിരുന്നു– നാലു മണിക്കൂർ മുൻപു വരെ!’ – സ്വതസിദ്ധമായ ശൈലിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതു മുറിയിലുണ്ടായിരുന്ന പലരിലും ചിരിയുണർത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖത്തു മാത്രം ഒരു ഭാവഭേദവുമില്ല. ഉലഞ്ഞ ബന്ധം ദൃഢമാക്കാനുള്ള ഉറച്ച തീരുമാനവുമായി ഹെൽസിങ്കിയിൽ രണ്ടു മണിക്കൂറിലേറെ നേരം ചർച്ചചെയ്തു പിരിയും മുൻപാണു ട്രംപും പുടിനും മാധ്യമപ്രവർത്തകരെ കണ്ടത്.

ശീതയുദ്ധത്തിന്റെ ഉഗ്രകാലത്തുപോലും അത്യാവശ്യം ഭേദപ്പെട്ട നിലയിൽ യുഎസും റഷ്യയും തമ്മിൽ ആശയവിനിമയം സാധ്യമായിരുന്നെന്നും അടുത്തിടെയാണു ബന്ധം പൂർണമായും ഉലഞ്ഞതെന്നും ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഹിലറി ക്ലിന്റനെ തോൽപിക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. പുടിനുമായി ഇനിയും കൂടിക്കാഴ്ചയുണ്ടാകുമെന്നും പറഞ്ഞു. യുഎസും റഷ്യയും ഒരുമിച്ചു നിന്നാൽ സിറിയയിൽ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സേനകൾ, നേതാക്കളേക്കാളുപരി നല്ല ബന്ധത്തിൽ പോയിട്ടുണ്ടെന്നും പറഞ്ഞു.

റഷ്യയുമായി ബന്ധം നന്നാക്കാൻ ആഗ്രഹിക്കുന്ന ട്രംപ് തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നു താൻ ആഗ്രഹിച്ചിരുന്നെന്നു പുടിൻ പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതായി കുറ്റം ചുമത്തപ്പെട്ട റഷ്യക്കാരെക്കുറിച്ചു റഷ്യൻ സർക്കാർ തന്നെ അന്വേഷിക്കാൻ തയാറാണെന്നും പകരം, റഷ്യയ്ക്കെതിരെ പ്രവർത്തിച്ച അമേരിക്കക്കാരെക്കുറിച്ച് ട്രംപിന്റെ സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളല്ല, വസ്തുതകളാണു നമ്മെ നയിക്കേണ്ടതെന്നും പറഞ്ഞു.

മുൻപു മോസ്കോ സന്ദർശിച്ചിട്ടുള്ള ട്രംപിനെപ്പറ്റി അദ്ദേഹത്തിനു പ്രശ്നമുണ്ടാകുന്ന തരം എന്തെങ്കിലും വിവരം കയ്യിലുണ്ടോയെന്നു പുടിനോടു ചോദിച്ചപ്പോൾ, അദ്ദേഹം അത്തരം കാര്യങ്ങൾ അവഗണിക്കണമെന്നു മാത്രം പറഞ്ഞത് അർഥഗർഭമായി. മോസ്കോയിൽ നടന്ന ലോകകപ്പ് ഫുട്ബോളിനായി ഉപയോഗിച്ച പന്ത് പുടിൻ, ട്രംപിനു സമ്മാനിച്ചപ്പോൾ ‘തന്റെ മകനിത് ഇഷ്ടപ്പെടു’മെന്നു പറഞ്ഞ് സദസ്സിലിരുന്ന ഭാര്യ മെലനിയയ്ക്ക് എറിഞ്ഞുകൊടുത്തു. ഉച്ചകോടി കഴിഞ്ഞു വാർത്താസമ്മേളനം തുടങ്ങുംമുൻപ് പ്ലക്കാർഡുമായി പ്രതിഷേധിച്ചയാളെ സുരക്ഷാസേന പുറത്താക്കിയിരുന്നു.