ഭൂചലനം: ഇന്തൊനീഷ്യൻ ദ്വീപ് 25 സെ.മീ. ഉയർന്നു

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ 387 പേർ കൊല്ലപ്പെട്ട ശക്തമായ ഭൂചലനത്തിൽ ലോംബോക് ദ്വീപ് 25 സെന്റിമീറ്റർ ഉയർന്നെന്നു ഭൗമശാസ്ത്രജ്ഞർ. ഓഗസ്റ്റ് അഞ്ചിനാണു ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനമുണ്ടായത്. തുടർന്നു നാസയിലെയും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (കാൽടെക്) ഗവേഷകർ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ചു നടത്തിയ താരതമ്യപഠനമാണു കൗതുകകരമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. 

ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ മേഖലയാണ് 25 സെന്റിമീറ്റർ ഉയർന്നത്. ബാക്കിയുള്ളയിടങ്ങൾ 5–10 സെന്റിമീറ്റർ ഉയർന്നു. റിക്ടർ സ്കെയിലിൽ‌ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 68,000 വീടുകൾക്കു കേടുപറ്റി. 

ഭൂമിയുടെ ബാഹ്യപടലത്തെ (ക്രസ്റ്റ്) ബ്ലോക്കുകളായി വേർതിരിച്ചു നിർത്തുന്ന ഫോൾട്ട് ലൈനുകളിലാണു ഭൂചലനമുണ്ടാകുന്നത്. കമ്പനത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകുന്ന ആഘാതമാണു ഭൂമി ഉയർന്നതിനും കാരണമാകുന്നത്. 2016ൽ ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം തീരം രണ്ടു മീറ്റർ ഉയർന്നു.

 2007ൽ സോളമൻ ദ്വീപുകളിൽ ഭൂചലനത്തിൽ കടലിന്റെ അടിത്തറ മൂന്നു മീറ്ററോളം ഉയർന്നു പുതിയ തീരം രൂപപ്പെട്ടു.