ഈജിപ്തിൽ കോപ്റ്റിക് ബിഷപ്പിന്റെ കൊലപാതകം: മുൻസന്യാസി പിടിയിൽ

ബിഷപ് അൻബ എപ്പിഫാനിയോസ്, വെയ്ൽ സാദ്

കയ്റോ∙ ഈജിപ്തിലെ മരുഭൂമിയോടു ചേർന്നു കിടക്കുന്ന ഒറ്റപ്പെട്ട ക്രിസ്തീയ ആശ്രമത്തിൽ കോപ്റ്റിക് ബിഷപ് അൻബ എപ്പിഫാനിയോസിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ സന്യാസി പിടിയിൽ. കയ്റോയിൽനിന്ന് 110 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള അബു മാക്കർ ആശ്രമത്തിൽ കഴിഞ്ഞ മാസം 29ന്ആണ് ബിഷപ് എപ്പിഫാനിയോസ് കൊല്ലപ്പെട്ടത്. 

ഐസക് അൽ മക്കാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുൻ സന്യാസി വെയ്ൽ സാദിനെതിരെയാണ് അലക്സാൻഡ്രിയയിലെ പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

സന്യാസവൃത്തിയിൽ വീഴ്ച വരുത്തിയതിന് വെയ്ൽ സാദിനെതിരെ സഭ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബിഷപ്പിന്റെ കൊലപാതകത്തിൽ അദ്ദേഹത്തിന് പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു സഭയുടെ നിലപാട്.

ബിഷപ്പിന്റെ കൊലപാതകത്തെ തുടർന്ന് പുരോഹിതർക്കും മറ്റു പ്രവർത്തകർക്കും സഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈജിപ്തിൽ കോപ്റ്റിക് സഭയ്ക്ക് ഒന്നേമുക്കാൽ കോടിയോളം വിശ്വാസികളും നൂറിലധികം ബിഷപ്പുമാരുമുണ്ട്.