വൻ ചുഴലിക്കാറ്റ് ഭീഷണി; യുഎസിൽ 15 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുന്നു

ഫ്ലോറൻസ് ചുഴലിക്കൊടുങ്കാറ്റ് യുഎസിന്റെ കിഴക്കൻ തീരത്തേക്ക് അടുക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യം.

ഹോൾഡൻ ബീച്ച് (യുഎസ്) ∙ മൂന്നു പതിറ്റാണ്ടിനിടെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഭീഷണിക്കു മുന്നിൽ യുഎസ്. അറ്റ്ലാന്റിക് തീരപ്രദേശത്തെ മൂന്നു സംസ്ഥാനങ്ങളിൽനിന്നു 15 ലക്ഷം പേർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം. ഫ്ലോറൻസ് എന്നു പേരിട്ടിട്ടുള്ള കാറ്റഗറി നാല് ചുഴലിക്കാറ്റ് നാളെ കരയിലെത്തുമെന്നാണു മുന്നറിയിപ്പ്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റ് കരയിലെത്തുമ്പോഴേക്കും കൂടുതൽ വേഗം കൈവരിച്ചേക്കുമെന്നാണു മുന്നറിയിപ്പ്. യുഎസ് സംസ്ഥാനമായ സൗത്ത് കാരലൈന അതിർത്തിയിലാകും ചുഴലിക്കാറ്റ് ആദ്യം കര തൊടുക. 

സൗത്ത് കാരലൈനയിൽ 10 ലക്ഷം പേർക്കും നോർത്ത് കാരലൈനയിൽ 2.5 ലക്ഷം പേർക്കും വെർജീനിയയിൽ 2.45 ലക്ഷം പേർക്കുമാണ് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പു നൽകിയിട്ടുള്ളത്. 

തിങ്കളാഴ്ച നോർത്ത് കാരലൈനയിൽ അരലക്ഷം പേർക്കു മുന്നറിയിപ്പു നൽകിയിരുന്നു. നോർത്ത്, സൗത്ത് കാരലൈനകൾ, വെർജീനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനു പുറമേ കനത്തമഴ, കടൽക്ഷോഭം, പ്രളയം എന്നിവയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. മധ്യ അറ്റ്ലാന്റിക് മേഖലയിലാകെ പ്രളയമുണ്ടാകുന്ന രീതിയിൽ കനത്ത മഴയുണ്ടായേക്കും. 

ചുഴലിക്കാറ്റുകളുടെ തീവ്രത വിലയിരുത്തുന്ന ഒന്നുമുതൽ അഞ്ചുവരെയുള്ള പട്ടികയിൽ നാലാം വിഭാഗത്തിലാണു ഫ്ലോറൻസിനെ പെടുത്തിയിട്ടുള്ളത്. 1989നു ശേഷം കാരലൈനയിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇത്. കഴിഞ്ഞ വർഷം ചുഴലിക്കാറ്റുകളുടെ നിരതന്നെ യുഎസ് തീരമേഖലകളിൽ നാശം വിതച്ചിരുന്നു.