അഴിമതി: നജീബ് റസാഖ് വീണ്ടും അറസ്റ്റിൽ

നജീബ് റസാഖ്

ക്വാലലംപുർ ∙ കൂടുതൽ അഴിമതി ആരോപണങ്ങൾക്കു തെളിവ് ലഭിച്ചതിനെ തുടർന്ന് മലേഷ്യയുടെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് വീണ്ടും അറസ്റ്റിലായി. 2009ൽ നജീബ് പ്രധാനമന്ത്രിയായിരിക്കെ തുടക്കമിട്ട വൺ മലേഷ്യ ഡവലപ്മെന്റ് (1എംഡിബി) പദ്ധതിയിൽനിന്നു പണം വകമാറ്റിയതായി അഴിമതിവിരുദ്ധ ഏജൻസി കണ്ടെത്തി. നജീബിന്റെ സ്വകാര്യ അക്കൗണ്ടിൽ കണ്ടെത്തിയ 62.779 കോടി ഡോളർ കണ്ടുകെട്ടി. 1എംഡിബിയിൽ നിന്ന് കോടിക്കണക്കിനു ഡോളർ തട്ടിച്ചുവെന്ന കേസിൽ ഇദ്ദേഹത്തെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ നജീബ് റസാഖിന്റെ ഭരണസഖ്യത്തെ പരാജയപ്പെടുത്തി മഹാതീർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അപ്രതീക്ഷിത വിജയം നേടിയതിനു പിന്നാലെയാണ് നജീബിനെതിരായ അന്വേഷണം തുടങ്ങിയത്. 1എംഡിബി യൂണിറ്റ് ആയ എസ്ആർസി ഇന്റർനാഷനലിൽ നിന്ന് 1.014 കോടി ഡോളർ നജീബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതാണ് ജൂലൈയിൽ നജീബിന്റെ അറസ്റ്റിലേക്ക് നയിച്ചത്.