ചൈനയിലും ബിഷപ്പിനെ വത്തിക്കാൻ നിയമിക്കും; കരാർ ഒപ്പിട്ടു

വിൽനിയുസ് (ലിത്വാനിയ)∙ ചൈനയിൽ റോമൻ കത്തോലിക്കാ ബിഷപ്പുമാരെ നിയമിക്കുന്നതിൽ മാർപാപ്പയ്ക്കു കൂടി അവകാശം നൽകി ചൈന – വത്തിക്കാൻ കരാർ. ബിഷപ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരെ നിരസിക്കാൻ മാർപാപ്പയ്ക്ക് അന്തിമാധികാരവും നൽകിയിട്ടുണ്ട്. വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ചരിത്രപരമായ നടപടിയായി കരാർ വിലയിരുത്തപ്പെടുന്നു.

ചൈനീസ് സർക്കാർ അംഗീകരിക്കുന്നവരും എന്നാൽ വത്തിക്കാനോടു വിധേയത്വമുള്ളവരുമായ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടതെന്ന് വത്തിക്കാൻ വക്താവ് ഗ്രഗ് ബർക് വെളിപ്പെടുത്തി. ദീർഘനാൾ നടത്തിയ ചർച്ചകൾക്കുശേഷമാണ് കരാറുണ്ടാക്കിയതെന്നും കാലാകാലങ്ങളിൽ പുനഃപരിശോധിക്കാനുള്ള സാധ്യതകൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയം തുടരും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമം തുടരും.

രാഷ്ട്രീയ കരാർ അല്ല, സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറാണെന്നു വക്താവ് വിശദീകരിച്ചെങ്കിലും ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിനു സഭ സമ്പൂർണമായി കീഴടങ്ങുകയാണെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു.

വത്തിക്കാന്റെ പ്രസ്താവനയിൽ തയ്‌വാന്റെ കാര്യം പരാമർശിച്ചിട്ടില്ല. തയ്‌വാനെ സ്വതന്ത്രരാജ്യമായാണ് വത്തിക്കാൻ പരിഗണിക്കുന്നതെങ്കിലും തങ്ങളുടെ ഭാഗമാണെന്നാണ് ചൈന വാദിച്ചുപോരുന്നത്. തയ്‌വാനുമായി നയതന്ത്രബന്ധമുള്ള വത്തിക്കാന് 1951 മുതൽ ചൈനയുമായി നയതന്ത്ര ബന്ധമില്ല. ചൈനയുമായി വത്തിക്കാൻ കരാറുണ്ടാക്കിയാലും അതു തങ്ങൾക്കു ദോഷകരമാവില്ലെന്നു തയ്‌വാൻ ഇതിനിടെ പ്രതികരിച്ചു.

ലിത്വാനിയ അടക്കമുള്ള രാജ്യങ്ങളിൽ 4 ദിവസത്തെ പര്യടനം ഫ്രാൻസിസ് മാർപാപ്പ ആരംഭിക്കുന്ന വേളയിലാണ് താൽക്കാലിക കരാറിൽ ബെയ്ജിങ്ങിൽ ഇ‌രുപക്ഷത്തെയും പ്രതിനിധികൾ ഒപ്പുവച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ചാവോയും വത്തിക്കാൻ അണ്ടർ സെക്രട്ടറി അന്റോയിൻ കമിലേരിയുമാണ് കരാറിൽ ഒപ്പുവച്ചത്.

ചൈനയിൽ സഭ രണ്ടു വിഭാഗമായാണ് പ്രവർത്തിച്ചുവരുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഭാഗം പരസ്യമായും വത്തിക്കാനോടു കൂറു പുലർത്തുന്ന വിഭാഗം രഹസ്യമായും പ്രവർത്തിക്കുന്നു. ആകെ 1.2 കോടി വിശ്വാസികളാണുള്ളത്. സർക്കാരിനോടു പൂർണ വിധേയത്വമുള്ള കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ കീഴിലുള്ള വിഭാഗത്തിലെ പുരോഹിതരെ കമ്യൂണിസ്റ്റ് പാർട്ടിയാണ് നിശ്ചയിക്കുന്നത്.