വിവാദങ്ങൾ യുവാക്കളെ അകറ്റുന്നു: മാർപാപ്പ

എസ്റ്റോണിയയിലെ ലിബർട്ടി സ്ക്വയറിൽ കുർബാനയിൽ പങ്കെടുക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: എഎഫ്പി

ടാലി‍ൻ (എസ്റ്റോണിയ) ∙ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ലൈംഗികാതിക്രമ വിവാദങ്ങൾ വിശ്വാസികളെ സഭയിൽനിന്ന് അകറ്റുകയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ഭാവിതലമുറയെ ഒപ്പംനിർത്താൻ സഭയുടെ രീതികൾ മാറ്റണമെന്നും മാർപാപ്പ പറഞ്ഞു. ബാൾട്ടിക് രാജ്യങ്ങളിലെ 4 ദിവസത്തെ സന്ദർശത്തിന്റെ അവസാനം യുവാക്കളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജർമനിയിലും ചിലെയിലും പതിറ്റാണ്ടുകൾ നീണ്ട ലൈംഗിക പീഡനങ്ങളും അതു മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച് സഭ ആരോപണം നേരിടുന്ന ഘട്ടത്തിലാണു മാർപാപ്പയുടെ സ്വയംവിമർശനം. ‘ഇത്തരം പരാതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചു ചെറുപ്പക്കാർക്കുള്ള വിയോജിപ്പ് ന്യായമാണ്. പീഡനങ്ങളും സാമ്പത്തിക ക്രമക്കേടുകളും തള്ളിപ്പറയാത്തതിനു യുവാക്കൾ ക്ഷുഭിതരാകുന്നതു സ്വാഭാവികം. ചെറുപ്പക്കാരോടു പുതിയതൊന്നും നമുക്കു പറയാനില്ലാതായി. അവർ വിട്ടുപോകുന്നത് വെറുതെയല്ല. നമ്മൾ സ്വയം മാറണം’– അദ്ദേഹം പറഞ്ഞു.