റൊമേറോ: പാവങ്ങളുടെ പടയാളി, ഇനി സഭയുടെ വിശുദ്ധൻ

ആർച്ച്ബിഷപ് ഓസ്കർ റൊമേറോ, മരിയ കാതറിന കാസ്പർ,നസാറിയ ഇഗ്നാസിയ, നുൻസിയോ സുൽപ്രിസിയോ,വിൻസെൻസോ റൊമാനോ, ഫ്രാൻസെസ്കോ സ്പിനെല്ലി

വത്തിക്കാൻ സിറ്റി∙ ഇന്നലെ വിശുദ്ധനാക്കപ്പെട്ട സാൽവദോർ ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടെ ചിത്രവുമുള്ള ടീഷർട്ട് അണിഞ്ഞായിരുന്നു ലാറ്റിൻ അമേരിക്കയിലെ പാവങ്ങൾ ഒരു കാലത്ത് നടന്നിരുന്നത്.

കമ്യൂണിസ്റ്റ് വിപ്ളവകാരി ചെ ഗുവാരയുടെ ചിത്രമുള്ള ടീഷർട്ട് ധാരികളെപ്പോലെ തന്നെ. അക്കാലത്ത് മനുഷ്യാവകാശപ്പോരാട്ടത്തിന്റെ സജീവപ്രതീകമായിരുന്ന അദ്ദേഹത്തെ കമ്യൂണിസ്റ്റുകളും ആരാധിച്ചു. 1980 ൽ ഒരു ആശുപത്രിയിലെ ചാപ്പലിൽ കുർബാന അർപ്പിക്കുമ്പോഴാണ് വലതുപക്ഷ ഒളിപ്പോരാളി അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുമ്പോൾ റൊമേറോയുടെ രക്തം പുരണ്ട അരപ്പട്ടയാണ് ധരിച്ചിരുന്നത്. 

ദാരിദ്ര്യത്തെയും അടിച്ചമർത്തലിനെയും ദിവ്യബലിക്കിടെ നിത്യം വിമർശിക്കുകയും പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം വലതുപക്ഷ തീവ്രവാദികളുടെയും പട്ടാള ഭരണകൂടത്തിന്റെയും കണ്ണിലെ കരടായിരുന്നു. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഭരിച്ചിരുന്ന എൽ സാൽവദോർ ഭരണകൂടവും കമ്യൂണിസ്റ്റ് ഗറിലകളും തമ്മിൽ 1980–92 കാലത്തു നടന്ന യുദ്ധത്തിന്റെ തുടക്കത്തിൽ ഉണ്ടായ ഏറ്റവും പ്രധാന സംഭവം റൊമേറോയുടെ രക്തസക്ഷിത്വമായിരുന്നു. 

ഇന്നലെ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റ് അഞ്ചു പേർ ഇവരാണ്:  ഇറ്റാലിയൻ വൈദികനായ ഫ്രാൻസെസ്കോ സ്പിനെല്ലി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് അഡോറേഴ്സ് ഓഫ് ദ് ബ്ലെസ്ഡ് സാക്രമെന്റ് സ്ഥാപകൻ), ഇറ്റാലിയൻ വൈദികൻ വിൻസെൻസോ റൊമാനോ, ജർമൻ കന്യാസ്ത്രീ മരിയ കാതറിന കാസ്പർ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് പൂവർ ഹാൻഡ്മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക), അർജന്റിനയിൽ മരിച്ച സ്പാനിഷ് മിഷനറി നസാറിയ ഇഗ്നാസിയ, (ക്രൂസേഡേഴ്സ് ഓഫ് ദ് ചർച്ച് സ്ഥാപകൻ) ഇറ്റലിയിൽ നിന്നുള്ള നുൻസിയോ സുൽപ്രിസിയോ.

സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന തിരുക്കർമങ്ങളിൽ എൽ സാൽവദോർ പ്രസിഡന്റ് സാൽവദോർ സാഞ്ചെസ് സെറെൻ, ചിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര, സ്പെയിൻ രാജ്ഞി സോഫിയ എന്നിവരും പങ്കെടുത്തു.