ഏറ്റവും നീളമേറിയ കടൽപ്പാലം 24 ന് തുറക്കും

മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ പാലം.

ബെയ്ജിങ്∙ ചൈനയിൽ നിർമാണം പൂർത്തിയായ ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം 24ന് ഗതാഗതത്തിനായി തുറക്കും. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളും വിനോദസഞ്ചാരകേന്ദ്രങ്ങളുമായ മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്നതാണ് 55 കിലോമീറ്റർ നീളമുള്ള പാലം.  

2000 കോടി ഡോളർ (ഏകദേശം 1.34 ലക്ഷം കോടി രൂപ) ചെലവിൽ പൂർത്തിയാക്കിയ പാലത്തിന്റെ നിർമാണം 2009 ഡിസംബറിലാണു തുടങ്ങിയത്. പാലം വന്നതോടെ ഹോങ്കോങ് – മക്കാവു യാത്രാ സമയം മൂന്നു മണിക്കൂറിൽനിന്ന് 30 മിനിട്ടായി കുറയും. ആറുവരിപ്പാതയിൽ 3 തൂക്കുപാലങ്ങൾ, 3 കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയുണ്ട്.