റഷ്യയുമായുള്ള മിസൈൽ കരാറിൽനിന്ന് യുഎസ് പിന്മാറും: പ്രസിഡന്റ് ട്രംപ്

വാഷിങ്ടൺ ∙ ശീതയുദ്ധാനന്തരം യുഎസും റഷ്യയും തമ്മിൽ ഒപ്പുവച്ച സുപ്രധാന കരാറുകളിലൊന്നിൽനിന്നു തങ്ങൾ പിന്മാറുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

കരാർ: മധ്യദൂര, ഹൃസ്വദൂര ആണവ മിസൈലുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച 1987 ലെ ‘ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) ട്രീറ്റി’യിൽനിന്നാണു യുഎസ് പിന്മാറുന്നത്. ്്്അണുവായുധങ്ങൾ നിയന്ത്രിക്കുന്നതിന്റെയും ആയുധശേഖരം കുറയ്ക്കുന്നതിന്റെയും ഭാഗമായി അമേരിക്കയും (അന്നത്തെ) സോവിയററ് യൂണിയനും തമ്മിലേർപ്പെട്ട ചരിത്രപ്രധാനമായ കരാറാണിത്. 1987 ഡിസംബർ 8ന് വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗണും സോവിയറ്റ് ഭരണാധികാരി മിഖായേൽ ഗോർബച്ചോവുമാണ് കരാറിൽ ഒപ്പുവെച്ചത്. കരാറനുസരിച്ച് ഇരുരാജ്യങ്ങളും അവരവരുടെ എല്ലാ മധ്യദൂര (1000– 5500 കിലോമീറ്റർ ശേഷി), ഹ്രസ്വദൂര (500–1000 കി.മീ ) മിസൈലുകളും ലോഞ്ചറുകളും നശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇവ വീണ്ടും നിർമ്മിക്കില്ലെന്ന് ഉറപ്പുവരുത്താൻ നിരീക്ഷകരെ നിയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. 1991 ജൂണിനകം കരാർ പ്രകാരം ഇരുരാജ്യങ്ങളും 2692 മിസൈലുകൾ നശിപ്പിച്ചു.

പിന്മാറ്റ കാരണം: കരാർ ലംഘിച്ച് റഷ്യ, മിസൈൽ വിക്ഷേപണ സംവിധാനം വിന്യസിച്ചുവെന്നാണ് യുഎസിന്റെ ആരോപണം. യൂറോപ്പിൽ അതിവേഗം ആണവാക്രമണം നടത്താൻ ഇതുമൂലം റഷ്യയ്ക്കു കഴിയുമെന്നും യുഎസ് കരുതുന്നു. ചൈനയും റഷ്യയും ആയുധശേഷി വർധിപ്പിക്കുന്നുവെന്നാണ് യുഎസിന്റെ ഭയം. പരമ്പരാഗത മിസൈൽ സംവിധാനങ്ങളിൽ വൻ മുതൽമുടക്ക് ചൈന നടത്തിയിട്ടുണ്ട്. ഐഎൻഎഫ് കരാറിൽ കക്ഷികളല്ലാത്തതിനാൽ അവർക്കു തടസങ്ങളില്ല. എന്നാൽ, 500– 5500 കി.മീ പരിധിയിലുള്ള ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ വികസിപ്പിക്കാൻ കരാർ കാരണം യുഎസിനു കഴിയുന്നില്ല.

റഷ്യൻ പ്രതികരണം: ഏകപക്ഷീയമായ യുഎസ് പിന്മാറ്റം വളരെ അപകടകരമായിരിക്കുമെന്നും സൈനികവും സാങ്കേതികവുമായ തിരിച്ചടിയിലേക്കു നയിക്കാമെന്നും റഷ്യൻ വിദേശ സഹമന്ത്രി സെർജി റ്യാബ്കോവ്. കാര്യങ്ങൾ അതിലേക്കൊന്നും എത്തരുതെന്നാണ് റഷ്യയുടെ ആഗ്രഹം – അദ്ദേഹം പറ‍ഞ്ഞു.

ഇനി?
യുഎസ്– റഷ്യ ബന്ധത്തിലെ വിള്ളൽ, രാജ്യാന്തര ബന്ധങ്ങളിൽ പ്രതിസന്ധികൾക്കു കാരണമായേക്കാം. ആഗോളസുരക്ഷയുടെ പ്രശ്നം കൂടിയാണിത്. കരാർ സംരക്ഷിക്കണമെന്നും കരാർ ലംഘനം സംബന്ധിച്ചു റഷ്യയ്ക്കെതിരെയുണ്ടായ ആരോപണങ്ങളുടെ കാര്യത്തിൽ അവർ വ്യക്തത വരുത്തണമെന്നും നാറ്റോ ആവശ്യപ്പെട്ടു കഴിഞ്ഞു. ട്രംപ് അധികാരത്തിലെത്തിയ ശേഷം രാജ്യാന്തര കരാറുകളിൽനിന്നും വേദികളിൽനിന്നും ഏകപക്ഷീയമായി പിന്മാറുന്നതു യുഎസ് പതിവാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനടക്കം ഇതിൽ ആകുലരുമാണ്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കുന്നുണ്ട്.