അഴിമതിക്കേസ്: ഖാലിദയ്ക്ക് വീണ്ടും ശിക്ഷ; 7 വർഷം

ഖാലിദ സിയ

ധാക്ക∙ അഴിമതിക്കേസിൽ 5 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയെ മറ്റൊരു അഴിമതിക്കേസിൽ സുപ്രീം കോടതി 7 വർഷം കഠിനതടവിനു ശിക്ഷിച്ചു. ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ പേരിലുള്ള ജീവകാരുണ്യ സ്ഥാപനത്തിൽ നിന്ന് 3.15 കോടി ടക്ക (3.75 ലക്ഷം ഡോളർ) തട്ടിയെടുത്തതിനാണ് ശിക്ഷ. ഇപ്പോഴത്തെ ശിക്ഷകൂടി ചേർത്താൽ ഖാലിദ 2 വർഷം കൂടുതൽ ജയിലിൽ കിടക്കണം.

ഡിസംബറിൽ പൊതുതിരഞ്ഞെടുപ്പു നേരിടാനുള്ള ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിക്കു കനത്ത ആഘാതമാണ് പാർട്ടി അധ്യക്ഷയ്ക്ക് അഴിമതിക്കേസിൽ ലഭിക്കുന്ന രണ്ടാമത്തെ ശിക്ഷ. ഖാലിദയുടെ മുൻ രാഷ്ട്രീയകാര്യ സെക്രട്ടറി ഹാരിസ് ചൗധരി, സഹായിയും ബംഗ്ലദേശ് ജല ഗതാഗത അതോറിറ്റി മുൻ ആക്ടിങ് ഡയറക്ടറുമായ സിയാവുൽ ഇസ്‍ലാം മുന്ന, ധാക്ക മുൻ മേയർ സാദിഖ് ഹുസൈൻ ഖോക്കയുടെ സെക്രട്ടറി മുനിറുൽ ഇസ്‌ലാം ഖാൻ എന്നിവരും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും 10 ലക്ഷം ടക്ക (11,784 ഡോളർ) വീതം പിഴയും വിധിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അഴിമതിക്കേസിൽ ഖാലിദ 5 കൊല്ലം കഠിനതടവിന് ശിക്ഷിക്കപ്പെട്ടത്. ജയിലിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന അവരുടെ ഇടതുകൈ തളർന്നിരുന്നു. അവാമി ലീഗ് അധ്യക്ഷയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയ്ക്കുനേരെ 2004ൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിൽ ഖാലിദയുടെ മകൻ താരിഖ് റഹ്മാന് ജീവപര്യന്തം തടവും വിധിച്ചിരുന്നു. താരിഖ് ബ്രിട്ടനിൽ ഒളിവിലാണ്.