Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ സിംഹാസനത്തിൽ നാലാമതും ഷെയ്ഖ് ഹസീന

Sheikh Hasina ഷെയ്ഖ് ഹസീന

ധാക്ക ∙ ബംഗ്ലദേശിന്റെ ചരിത്രത്തിൽ 4 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയായി ഷെയ്ഖ് ഹസീനയുടെ മഹാവിജയം. 350 അംഗ പാർലമെന്റിൽ തിരഞ്ഞെടുപ്പു നടന്ന 299 സീറ്റുകളിൽ 288 എണ്ണവും ഹസീനയുടെ അവാമി ലീഗും സഖ്യകക്ഷികളും നേടി. ആകെ വോട്ടിൽ 82 ശതമാനവും ഭരണസഖ്യത്തിനാണ്. ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് ഖാലിദ സിയയുടെ പാർട്ടിയായ ബിഎൻപിക്കും സഖ്യകക്ഷികൾക്കും കൂടി ആകെ ലഭിച്ചത് 7 സീറ്റുകൾ മാത്രം. വിജയത്തിൽ അഭിനന്ദിച്ച് ആദ്യം വിളിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു ഹസീനയുടെ ഓഫിസ് അറിയിച്ചു. ഇന്ത്യ അനുകൂല നിലപാടുള്ള പാർട്ടിയാണ് അവാമി ലീഗ്.

അക്രമങ്ങളും അട്ടിമറിയും വ്യാപകമായി നടന്ന വോട്ടെടുപ്പ് പ്രഹസനമായിരുന്നുവെന്നു മുഖ്യപ്രതിപക്ഷമായ ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) ഉൾപ്പെട്ട ദേശീയ ഐക്യമുന്നണി നേതാവ് കമാൽ ഹുസൈൻ ആരോപിച്ചു. ഫലം അംഗീകരിക്കുന്നില്ലെന്നറയിച്ച ഹുസൈൻ, നിഷ്പക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടു.

പോളിങ് സ്റ്റേഷനുകൾ ഉദ്യോഗസ്ഥരുടെ ഉച്ചയൂണിനായി അടച്ചിട്ട് വോട്ടർമാരെ തിരിച്ചയച്ച സംഭവങ്ങളും മിന്നൽ വേഗത്തിൽ വോട്ട് എണ്ണിത്തീർന്നതും പ്രതിഷേധത്തിനിടയാക്കി. പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നോക്കിനിൽക്കെ, അവാമി ലീഗ് പ്രവർത്തകർ പെട്ടികളിൽ ബാലറ്റുകൾ കുത്തിയിടുന്നതിന്റെ വിവരണങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം സംഭവത്തിനു ദൃക്‌സാക്ഷിയായതായി ബിബിസി പ്രതിനിധിയും റിപ്പോർട്ട് ചെയ്തു. ഹ്യൂമൻ റൈറ്റ്സ് വാച്ച് തെക്കേഷ്യ മേധാവി മീനാക്ഷി ഗാംഗുലി തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയിൽ ആശങ്ക രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനിടയിലെ ഏറ്റുമുട്ടലുകളിൽ 18 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ. 

ഷെയ്ഖ് ഹസീന (71)

ബംഗ്ലദേശിന്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ മകൾക്ക് ഇനിയുള്ള വിശേഷണം ചരിത്രവനിതയെന്ന്. നാലാം തവണയും പ്രധാ‌നമന്ത്രിയായി റെക്കോർഡ് നേട്ടത്തിനുടമ. ഇപ്പോൾ, തുടർച്ചയായ മൂന്നാം തവണയാണു ഹസീന ഭരണം കയ്യാളുന്നത്. ബംഗ്ലദേശിന്റെ ചോര മണക്കുന്ന രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു 1975 ലെ പട്ടാള അട്ടിമറിയും മുജിബുർ റഹ്‌മാന്റെയും കുടുംബാംഗങ്ങളുടെയും കൊലപാതകവും. ഹസീന അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. അവർ തിരിച്ചെത്തി, അവശേഷിക്കുന്ന തീപ്പൊരിയായി ബംഗ്ലദേശ് രാഷ്ട്രീയത്തിലെ ഉരുക്കുവനിതയായി ചുവടുറപ്പിക്കുകയായിരുന്നു. ഏകാധിപത്യ പ്രവണതകൾ ആരോപിക്കപ്പെടുന്ന ഹസീനയുടെ ഭരണകാലത്ത് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതു രാജ്യാന്തര പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്ക് 6 % ആണ്. 

രോഗിയായി ഖാലിദ; ഭാവി തുലാസിൽ

അഴിമതിക്കേസിൽപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതൽ 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുന്ന പ്രതിപക്ഷ നേതാവ് ഖാലിദ സിയ (73), 1981 ൽ വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി സിയഉർ റഹ്മാന്റെ ഭാര്യ. കുടുംബരാഷ്ട്രീയത്തിലൂടെ ഉയർന്നുവന്നു ബദ്ധശത്രുക്കളായ ഖാലിദയും ഹസീനയും മാറി മാറി ഭരണം കയ്യാളിയിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ടാണു ഖാലിദയെ ഒതുക്കി ഹസീന അതിശക്തയായത്.

ശരീരം ഭാഗികമായി തളർന്ന് ഖാലിദ തീർത്തും അവശയാണെന്നാണു റിപ്പോർട്ട്. ഖാലിദയുടെ മകനും ബിഎൻപി ആക്ടിങ് മേധാവിയുമായ താരീഖ് റഹ്മാൻ, ഹസീനയ്ക്കെതിരെ 2004 ൽ നടന്ന ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി ലണ്ടനിൽ കഴിയുന്നു.