അന്യഗ്രഹ ജീവികൾ നമ്മളെ നിരീക്ഷിക്കുന്നുണ്ടോ?

വാഷിങ്ടൻ‌∙ സൗരയൂഥത്തിലൂടെ കടന്നു പോയ, എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള അദ്ഭുത വസ്തു അന്യഗ്രഹ ജീവികൾ ഭൂമിയെ നിരീക്ഷിക്കാൻ അയച്ച ചാരപേടകമാണോ? ആയിരിക്കാമെന്ന് ഹാർവഡ‍് സർവകലാശാലയിലെ ഗവേഷകർ. 10 അടിയോളം നീളവും ചുരുട്ടിന്റെ ആകൃതിയുമുള്ള അദ്ഭുത വസ്തു കഴിഞ്ഞ ഒക്ടോബറിൽ സൗരയൂഥത്തിലൂടെ തെന്നിനീങ്ങുന്നത് ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകനായ റോബർട്ട് വെറിക്കാണു കണ്ടെത്തിയത്. ‘വിദൂരഭൂതകാലത്തു നിന്നുള്ള സന്ദേശവാഹകൻ’ എന്നർഥമുള്ള ഹവായിയൻ വാക്കായ ‘ഔമാമ’ എന്നിതിനു പേരുമിട്ടു.

ആദ്യം വാൽനക്ഷത്രമെന്നും പിന്നീടു ഛിന്നഗ്രഹമെന്നും വിലയിരുത്തപ്പെട്ട ഔമാമ ഇതു രണ്ടുമല്ലെന്നു ശാസ്ത്രലോകം വൈകാതെ കണ്ടെത്തി. സൗരയൂഥത്തിനു പുറത്തുനിന്നുള്ള വസ്തു എന്ന നിർവചനമുള്ള ‘ഇന്റർസ്റ്റെല്ലാർ’ വിഭാഗത്തിൽ ഔമാമയെ ഉൾപ്പെടുത്തി. സാധാരണ ഗതിയിൽ ഛിന്നഗ്രഹങ്ങളും മറ്റു വസ്തുക്കളുമൊക്കെ സൂര്യന്റെ ഗുരുത്വാകർഷണത്തിനു വിധേയമായുള്ള സഞ്ചാരപാതയാണ് തിരഞ്ഞെടുക്കുക. എന്നാൽ ഔമാമയുടെ സഞ്ചാരപഥം വ്യത്യസ്തമായിരുന്നു. സൂര്യന്റെ ആകർഷണത്തെ ചെറുക്കുന്ന രീതിയിൽ ഊർജം ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ഔമാമയിലുള്ളതാണു കാരണമത്രേ.

വാതകങ്ങൾ പുറന്തള്ളുന്നതുമൂലം വാൽനക്ഷത്രങ്ങൾ ഗതി മാറാറുണ്ട്. എന്നാൽ ഔമാമ വാൽനക്ഷത്രവുമല്ല. രണ്ടാമത് ഔമാമയുടെ ആകൃതിയാണ്. അസ്വാഭാവികമായി കനം കുറഞ്ഞ രീതി. ഇതുമൂലം സൂര്യനിൽ നിന്നുള്ള ഊർജം വലിച്ചെടുത്ത് മുന്നോട്ടു കുതിക്കാം.‘സോളർ സെയിൽ’ ബഹിരാകാശപേടകമാകാം ഔമാമ. ചുവപ്പു കലർന്ന നിറവും മണിക്കൂറിൽ 2 ലക്ഷം മൈൽ വേഗവുമുള്ള ഔമാമ ചാരബഹിരാകാശ പേടകമാണെന്നു ഹാർവഡ് ശാസ്ത്രജ്ഞർ കരുതാനുള്ള കാരണങ്ങൾ ഇതാണ്.

സൗരയൂഥത്തിനു വെളിയിലുള്ള മേഖലയിൽനിന്നു മനുഷ്യരെയും ഭൂമിയെയും നിരീക്ഷിക്കാനായി എത്തിയതാകാം പേടകമെന്നും പറയുന്നു. ഏബ്രഹാം ലീബ്, ഷ്മ്യേൽ ബയാലി എന്നീ ശാസ്ത്രജ്ഞരാണ് ഔമാമക്കഥയ്ക്കു കൂടുതൽ ദുരൂഹത പകർന്ന് രംഗത്തെത്തിയത്.