ശ്രീലങ്ക: കോടതിയെ സമീപിക്കാൻ വിക്രമസിംഗെയുടെ പാർട്ടി

റനിൽ വിക്രമസിംഗെ

കൊളംബോ∙ കാലാവധി തീരും മുൻപേ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി) തീരുമാനിച്ചു.

കഴിഞ്ഞമാസം 26ന് വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കിയ സിരിസേന, പ്രതിപക്ഷ നേതാവായ മഹിന്ദ രാജപക്ഷെയെ പകരം നിയമിച്ചിരുന്നു. എന്നാൽ, രാജപക്ഷെക്കു ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു വ്യക്തമായതോടെ വെള്ളിയാഴ്ച അർധരാത്രി സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി 5നു തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

സിരിസേനയുടെ ഏകാധിപത്യപ്രവണതകൾക്കെതിരെ ഭരണഘടനാപരമായ നിയമവ്യവസ്ഥ ഉറപ്പു വരുത്താനാണു കോടതിയെ സമീപിക്കുന്നതെന്ന് മുൻ ധനമന്ത്രിയും യുഎൻപി നേതാവുമായ മംഗല സമരവീര പറഞ്ഞു. 2020 ഓഗസ്റ്റ് വരെയായിരുന്നു നിലവിലുള്ള സഭയുടെ കാലാവധി.

14 നു പാർലമെന്റ് ചേരാനിരിക്കെ, രാജപക്ഷെക്കു ഭൂരിപക്ഷത്തിന് 8 അംഗങ്ങളുടെ കുറവാണുണ്ടായിരുന്നത്. തമിഴ് കക്ഷികൾ പിന്തുണയ്ക്കാൻ വിസമ്മതിച്ചതാണു രാജപക്ഷെക്കു വിനയായത്. എന്നാൽ സ്പീക്കർ കരു ജയസൂര്യ പ്രസിഡന്റിന്റെ നിർദേശങ്ങൾ ധിക്കരിച്ചതാണ് പാർലമെന്റ് പിരിച്ചുവിടുന്നതിൽ കലാശിച്ചതെന്നു സിരിസേന പക്ഷത്തുള്ള മന്ത്രി ദിനേശ് ഗുണവർധനെ പറഞ്ഞു. പാർലമെന്റ് ഏകപക്ഷീ‌യമായി പിരിച്ചുവിട്ടതിനെ ബ്രിട്ടനും യുഎസും അപലപിച്ചു.