ഗാസയിൽ വെടിനിർത്തിയപ്പോൾ ഇസ്രയേലിൽ ഭരണപ്രതിസന്ധി

ജറുസലം∙ ഹമാസ്–ഇസ്രയേൽ വെടിനിർത്തലിനു പിന്നാലെ ഇസ്രയേലിൽ ഭരണപ്രതിസന്ധി. പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഹമാസ് ഭീകരതയ്ക്കു കീഴടങ്ങിയെന്നു കുറ്റപ്പെടുത്തി അവിഗ്‌ദോർ ലീബർമാൻ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചു. നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാരിനു തീവ്രവലതുപക്ഷമായ ലീബർമാന്റെ കക്ഷി ബെറ്റെന്യു നൽകിവന്ന പിന്തുണ പിൻവലിച്ചിട്ടുണ്ട്. എങ്കിലും സർക്കാരിനു നേരിയ ഭൂരിപക്ഷത്തിൽ തുടരാനാകും.

അതിനിടെ, പ്രതിരോധമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനറ്റിന്റെ നേതൃത്വത്തിലുള്ള ഘടക കക്ഷി ഭീഷണി മുഴക്കിയിട്ടുണ്ട്. തൽക്കാലം പ്രതിരോധ വകുപ്പ് നെതന്യാഹു തന്നെ കൈകാര്യം ചെയ്യും. നേരത്തെ തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി അറിയിച്ചു.

ഇസ്രയേൽ സൈന്യത്തിന്റെ കണക്കുപ്രകാരം, കഴിഞ്ഞ 2 ദിവസത്തിനിടെ ഹമാസ് 460 റോക്കറ്റുകളും പീരങ്കി ഷെല്ലുകളുമാണു തെക്കൻ ഇസ്രയേലിലേക്കു തൊടുത്തത്. മിസൈൽ പ്രതിരോധ കവചം ഇതിൽ നൂറെണ്ണം തിരിച്ചറിഞ്ഞു തടുത്തു. കൂടുതലും തുറസ്സായ സ്ഥലങ്ങളിലാണു വീണതെങ്കിലും കുറേയെണ്ണം ഇസ്രയേൽ പട്ടണങ്ങളിലും വീണു വ്യാപകമായ വസ്തുനാശമുണ്ടാക്കി. ഒരാൾ കൊല്ലപ്പെടുകയും പത്തിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു.

തിരിച്ചടിയായി ഗാസാ മുനമ്പിലെ 160 കേന്ദ്രങ്ങളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണമാണു നടത്തിയത്. ഹമാസിന്റെ ടിവി സ്റ്റേഷൻ അടക്കം 4 തന്ത്രപ്രധാന കേന്ദ്രങ്ങളും തകർത്തു. ഇരുപക്ഷവും വെടിനിർത്തലിനു ധാരണയായതിന്റെ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണു ലീബർമാൻ രാജി പ്രഖ്യാപിച്ചത്.

ഇസ്രയേലിന്റെ ഉപരോധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗാസയിൽ അടിയന്തര സഹായമെത്തിക്കാൻ ഖത്തറിനു നെതന്യാഹു ഈയിടെ അനുമതി നൽകിയിരുന്നു. ഈ തീരുമാനത്തെ ലീബർമാന്റെ കക്ഷി എതിർത്തിരുന്നു. ചൊവ്വാഴ്ച ഹമാസുമായുള്ള വെടിനിർത്തലിനോടും അവർ യോജിച്ചില്ല.