അസാൻജിനെതിരെ യുഎസ് കോടതിയിൽ കുറ്റം ചുമത്തി

ജൂലിയൻ അസാൻജ്

വാഷിങ്ടൻ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരെ വിർജീനിയയിലെ അലക്സാൻഡ്രിയ ഡിസ്ട്രിക്ട് കോടതിയിൽ കുറ്റം ചുമത്തിയിട്ടുള്ളതായി യുഎസ് നീതിന്യായ വകുപ്പിലെ അസിസ്റ്റന്റ് അറ്റോർണി കെല്ലൻ ഡ്വൈയർ അബദ്ധത്തിൽ വെളിപ്പെടുത്തിയത് വിവാദമാകുന്നു.

2010 ൽ യുഎസ് സർക്കാരിന്റെ നയതന്ത്ര രേഖകൾ ചോർത്തി വിക്കിലീക്സിൽ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയാണ്. മറ്റൊരു കേസിന്റെ രേഖകളോടൊപ്പം അസാൻജിന്റെ കേസിന്റെ വിവരങ്ങളും അബദ്ധത്തിൽ നൽകുകയായിരുന്നു. ഈ രേഖകൾ അസാൻജ് അറസ്റ്റിലാകുന്നതുവരെ പുറത്തുവിടരുതെന്ന് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് എന്തു കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നു വ്യക്തമല്ല.

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടതു സംബന്ധിച്ച് സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ നടത്തുന്ന അന്വേഷണത്തിലും അസാൻജിനെതിരെ കുറ്റംചുമത്തിയിട്ടുള്ള കാര്യം പരിഗണിച്ചേക്കാം. ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ കംപ്യൂട്ടറുകളിൽ നിന്ന് വിവരം ചോർത്തി അവ പ്രസിഡന്റ് ട്രംപിന് അനുകൂലമായി ഉപയോഗിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. വസ്തുതാപരമായ വിവരങ്ങൾ പുറത്തു കൊണ്ടുവന്നതിന് നോട്ടിസ് പോലും നൽകാതെ അസാൻജിന്റെ പേരിൽ കുറ്റം ചുമത്തിയതിനെ യുഎസ് മാധ്യമങ്ങൾ വിമർശിച്ചു.