അർജന്റീനയുടെ മുങ്ങിക്കപ്പൽ കണ്ടെത്തി; ഒരു വർഷത്തിനുശേഷം

അർജന്റീനയുടെ ‘സൻ ഹുവാ’ നാവികമുങ്ങിക്കപ്പൽ (ഫയൽചിത്രം)

ബ്യൂനസ് ഐറിസ്∙ അർജന്റീനയുടെ നാവികമുങ്ങിക്കപ്പൽ ‘സൻ ഹുവാ’ അവശിഷ്ടങ്ങൾ ഒരു വർഷത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി. 44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ് സ്വകാര്യകമ്പനി ഓഷൻ ഇൻഫിനിറ്റിയെ നിയോഗിക്കുകയായിരുന്നു.

അർജന്റീനയുടെ തീരത്തു നിന്ന് 450 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രോപരിതലത്തിൽ നിന്നു 2600 അടി താഴെ തകർന്ന നിലയിലാണു കപ്പൽ കണ്ടെത്തിയത്. ഒരാഴ്ചത്തേയ്ക്കുള്ള ശുദ്ധവായു സംഭരിച്ചു വയ്ക്കാനുള്ള ശേഷിയായിരുന്നു മുങ്ങിക്കപ്പലിലുണ്ടായിരുന്നത്. 13 രാജ്യങ്ങൾ ചേർന്നു രണ്ടാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം നവംബർ 15ന് വിനിമയബന്ധമറ്റ മുങ്ങിക്കപ്പൽ ബാറ്ററി തകരാർ മൂലമുള്ള ഷോട്ട് സർക്യൂട്ടിനെ തുടർന്നു പൊട്ടിത്തെറിച്ചിരിക്കാമെന്നായിരുന്നു നിഗമനം. സംഭവത്തെ തുടർന്നു രാജ്യത്തിന്റെ നാവികസേനാമേധാവി ഉൾപ്പെടെ പല ഉന്നതരെയും സർക്കാർ പുറത്താക്കിയിരുന്നു.