സീനിയർ ബുഷിന് യുഎസിന്റെ വിട

ആദരവോടെ വിട: വാഷിങ്ടനിലെ നാഷനൽ കത്തീഡ്രലിൽ യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു. ബുഷിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൻ, ജിമ്മി കാർട്ടർ എന്നിവരും. മെലനിയ ട്രംപ്, മിഷേൽ ഒബാമ, ഹിലറി ക്ലിന്റൻ, റോസലിൻ കാർട്ടർ എന്നിവർ സമീപം. ചിത്രം: റോയിട്ടേഴ്സ്

ഹൂസ്റ്റൺ ∙ മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ള്യു. ബുഷിന് യുഎസ് ജനത വിട ചൊല്ലി. ടെക്സസിലെ പ്രസിഡൻഷ്യൽ ലൈബ്രറി പരിസരത്തെ കുടംബ വക സ്ഥലത്താണ് ഭാര്യ ബാർബറ, മൂന്നാം വയസ്സിൽ രക്താർബുദം മൂലം മരിച്ച മകൾ റോബിൻ എന്നിവരോടൊപ്പം അദ്ദേഹത്തിനും അന്ത്യവിശ്രമം. ഹൂസ്റ്റൺ പള്ളിയിലും ക്യാപ്പിറ്റോൾ ഹില്ലിലും നാഷനൽ കത്തീഡ്രലിലും ടെക്സസിലുമായി ആയിരങ്ങൾ അന്ത്യദർശനത്തിന് എത്തി.

ഔദ്യോഗിക ബഹുമതികളോടെ നാഷനൽ കത്തീഡ്രലിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബുഷിന്റെ മകനും മുൻ പ്രസിഡന്റുമായ ജോർജ് ഡബ്ള്യൂ. ബുഷ്, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൻ, ജിമ്മി കാർട്ടർ തുടങ്ങി അനേകം പ്രമുഖർ പങ്കെടുത്തു. സെന്റ് മാർട്ടിൻസ് എപ്പിസ്കോപ്പൽ പള്ളിയിലായിരുന്നു അന്തിമ സംസ്കാരകർമങ്ങൾ.