ശ്രീലങ്കൻ പ്രതിസന്ധിക്കു പിന്നിൽ വിദേശ ശക്തികൾ: സിരിസേന

മൈത്രിപാല സിരിസേന

കൊളംബോ ∙ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വിദേശ ശക്തികളെ കുറ്റപ്പെടുത്തി പ്രസിഡന്റ് മൈത്രിപാല സിരിസേന. ഒരു രാജ്യത്തിന്റെയും പേരെടുത്ത് അദ്ദേഹം പരാമർശിച്ചില്ല. റനിൽ വിക്രമസിംഗെ നയിക്കുന്ന യുനൈറ്റഡ് നാഷനൽ പാർട്ടിയെയും വിമർശിച്ചു. ഒക്ടോബർ 26ന് വിക്രമസിംഗെയെ മാറ്റി മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതു മുതൽ രാജ്യത്തു രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. പിന്നീട് പാർലമെന്റ് പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തെങ്കിലും സുപ്രീം കോടതി ഈ നടപടി റദ്ദാക്കുകയാണ് ചെയ്തത്.

വിദേശശക്തികൾക്കു വഴങ്ങാതെയും അവരുടെ ഭീഷണികൾക്കു വശംവദരാകാതെയും ദേശീയ ആദർശങ്ങൾക്കൊപ്പിച്ചു താൻ പ്രവർത്തിച്ചതിനാൽ ഈ ശക്തികൾ വെല്ലുവിളിയായി നിലകൊള്ളുകയാണ്. ഗതകാല സാമ്രാജ്യത്വ ശക്തികൾ വഴിമുടക്കി നിൽക്കുകയാണ്. ലോക ഭൂപടത്തിൽ ശ്രീലങ്കയുടെ നിർണായക സ്ഥാനം മൂലം വൻശക്തികൾക്കുള്ള ആശങ്കയാണ് ഇപ്പോഴത്തെ പ്രശ്നത്തിനു പിന്നിൽ. സുപ്രീം കോടതിയെടുക്കുന്ന എതു തീരുമാനവും അംഗീകരിക്കും. ഏതു തീരുമാനവും രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കിയായിരിക്കും. വ്യക്തിക്കോ ഗ്രൂപ്പിനോ പാർട്ടിക്കോ വേണ്ടിയായിരിക്കില്ല.– സിരിസേന പറഞ്ഞു.