അവിശ്വാസം തെരേസ മേ അതിജീവിച്ചു

തെരേസ മേ

ലണ്ടൻ∙ സ്വന്തം പാർട്ടിയിൽ നിന്നുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അതിജീവിച്ചു. തെരേസയ്ക്കനുകൂലമായി 200 എംപിമാർ വോട്ടു ചെയ്തപ്പോൾ എതിരായി 117 വോട്ടു ലഭിച്ചു. ഇതോടെ കുറഞ്ഞത് ഒരു വർഷമെങ്കിലും തെരേസയ്ക്കു പാർട്ടി നേതാവായി തുടരാനാകും. അതേ സമയം, 2022ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനില്ലെന്ന് തെരേസ മേ അവിശ്വാസവോട്ടെടുപ്പിനു മുന്നോടിയായുള്ള ചർച്ചയിൽ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറുന്നതു സംബന്ധിച്ച (ബ്രെക്സിറ്റ്) കരാറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഒരു വിഭാഗം കൺസർവേറ്റിവ് എംപിമാർ തെരേസയ്ക്കെതിരെ അവിശ്വാസം കൊണ്ടു വന്നത്.