രാജപക്ഷെ രാജി വച്ചു; റനിൽ വിക്രമസിംഗെ അധികാരത്തിൽ തിരികെ

മഹിന്ദ രാജപക്ഷെ, റനിൽ വിക്രമസിംഗെ

കൊളംബോ∙ രാഷ്ട്രീയ അട്ടിമറിയിലൂടെ ശ്രീലങ്ക പ്രധാനമന്ത്രിയായി നിയമിതനായ മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിഞ്ഞു. രാജപക്ഷെയ്ക്കു വേണ്ടി പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിപദത്തിൽ തിരികെ. സത്യപ്രതിജ്ഞ ഇന്നു രാവിലെ നടക്കും. പുതിയ മന്ത്രിസഭ നാളെ അധികാരമേൽക്കും.

ഒക്ടോബർ 26 നു വിക്രമസിംഗെയെ പുറത്താക്കി രാജപക്ഷെയെ പകരം നിയമിച്ച സിരിസേനയുടെ നടപടി നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച സുപ്രീം കോടതി വിധികൾക്കു പിന്നാലെയാണു ഏഴാഴ്ചയ്ക്കു ശേഷം രാജപക്ഷെയുടെ പടിയിറങ്ങൽ. പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 നു തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നീക്കവും കോടതി തടഞ്ഞിരുന്നു. വിവിധ മതാചാരങ്ങളുടെ അകമ്പടിയോടെ സ്വന്തം വസതിയിൽ നടന്ന ചടങ്ങിലാണു രാജപക്ഷെ രാജിക്കത്തിൽ ഒപ്പു വച്ചത്.

റനിൽ‍ വിക്രമസിംഗെയുമായി വെള്ളിയാഴ്ച രാത്രി സിരിസേന ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രിയായി തിരികെ നിയമിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. തന്റെ നിയമനം റദ്ദാക്കിയ കോടതി വിധിക്കെതിരെ രാജപക്ഷെയുടെ ഹർജി അടുത്തമാസം 16,17,18 തീയതികളിൽ കോടതി പരിഗണിക്കും.