രാജപക്ഷെ ഇനി പ്രതിപക്ഷ നേതാവ്

കൊളംബോ ∙ ഏഴാഴ്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമിട്ടുകൊണ്ട്, സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ മുഖ്യ പ്രതിപക്ഷ നേതാവായി. സ്പീക്കർ കാരു ജയസൂര്യയാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പദത്തിൽ റനിൽ വിക്രമസിംഗെ തിരികെയെത്തിയതിനുശേഷം നടന്ന ആദ്യ പാ‍ർലമെന്റ് സമ്മേളനമായിരുന്നു ഇന്നലത്തേത്.

വിക്രമസിംഗെയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെയാണു സിരിസേന നേതൃത്വം നൽകുന്ന യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യുപിഎഫ്എ) മുഖ്യ പ്രതിപക്ഷമായതും യുപിഎഫ്എയിൽ ചേർന്ന രാജപക്ഷെ പ്രതിപക്ഷ നേതാവായതും. രാജപക്ഷെയുടെ പാർലമെന്റ് അംഗത്വത്തിന്റെ സാധുത ചോദ്യം ചെയ്തു തമിഴ് നാഷനൽ അലയൻസ് രംഗത്തെത്തിയിട്ടുണ്ട്.

സിരിസേന ശ്രീലങ്കൻ പ്രസിഡന്റും സർക്കാരിന്റെ ഭാഗവുമായതിനാൽ യുപിഎഫ്എ എങ്ങനെ പ്രതിപക്ഷമാകുമെന്ന ചോദ്യവും ചില അംഗങ്ങൾ ഉയർത്തിയിട്ടുണ്ട്.