ട്രംപിന്റെ സിറിയൻ നയത്തിൽ പ്രതിഷേധം; യുഎസ് പ്രതിരോധ സെക്രട്ടറി രാജിവച്ചു

മാറ്റിസ്

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. സിറിയയിൽ നിന്നു യുഎസ് സേനയെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് മാറ്റിസിന്റെ പെട്ടെന്നുള്ള രാജിക്കു കാരണമെന്നു കരുതുന്നു. ഫെബ്രുവരി വരെ മാറ്റിസ് തുടരും. ട്രംപ് തന്നെയാണ് ട്വിറ്ററിൽ രാജിക്കാര്യം അറിയിച്ചത്. മാറ്റിസ് പിന്നീട് രാജിക്കത്ത് പരസ്യപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തിനും മാറ്റിസ് എതിരാണ്. ‌

വ്യാഴാഴ്ച വൈറ്റ്ഹൗസിൽ ട്രംപിനെ കണ്ട മാറ്റിസ് സിറിയയിൽ നിന്ന് സേനയെ പിൻവലിക്കരുതെന്ന് എന്നാവശ്യപ്പെട്ടെങ്കിലും ട്രംപ് വഴങ്ങിയില്ല. തുടർന്ന് രാജി വയ്ക്കുകയാണെന്ന് അറിയിച്ചു. താങ്കളുടെ ലോക വീക്ഷണവുമായി യോജിച്ചു പോകുന്ന ആളെ പകരം നിയമിക്കണമെന്നു രാജിക്കത്തിൽ അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇന്ത്യ – യുഎസ് പ്രതിരോധ സഹകരണത്തിന്റെ ശക്തനായ വക്താവായിരുന്നു മാറ്റിസ്.

സിറിയയിൽ നിന്നുള്ള യുഎസ് പിന്മാറ്റം സഖ്യരാജ്യങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കും ഇറാനും സഹായകരമാകും യുഎസ് പിന്മാറ്റം. അസദ് സ്ഥാനമൊഴിയണമെന്നായിരുന്നു യുഎസ് നിലപാട്. 2017 ജനുവരിയിൽ ട്രംപ് സ്ഥാനമേറ്റ ശേഷം ഭരണസംവിധാനത്തിലെ ഉന്നതസ്ഥാനങ്ങളിൽ നിന്ന് രണ്ടു ഡസനിലേറെ പേർ രാജി വയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരുന്നു. ഏറ്റവും ഒടുവിലത്തെയാളാണ് സർവാദരണീയനായ മുൻ സൈനിക ജനറൽ കൂടിയായ ജിം മാറ്റിസ്.