സൗദി രാജാവിന്റെ അർധ സഹോദരൻ തലാൽ രാജകുമാരൻ അന്തരിച്ചു

റിയാദ് ∙ സൗദി അറേബ്യയിൽ ഒട്ടേറെ പരിഷ്കരണ നടപടികൾക്കു നേതൃത്വം നൽകിയ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (87) അന്തരിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അർധ സഹോദരനായ തലാൽ, വിപ്ലവകരമായ മാറ്റങ്ങൾക്കായി നിലകൊണ്ടതോടെ ‘ചുവന്ന രാജകുമാരൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

തലാൽ രാജകുമാരന്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണു സൗദിയിൽ വനിതകൾക്കു തൊഴിൽ ചെയ്യാനും വാഹനം ഓടിക്കാനുമുള്ള അവകാശങ്ങൾ അംഗീകരിക്കപ്പെട്ടത്. ഏറെക്കാലം ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ വികസനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ അധ്യക്ഷനായിരുന്നു.

1960ൽ ഭരണഘടനാ പരിഷ്കരണം ആവശ്യപ്പെട്ട് തലാലിന്റെ നേതൃത്വത്തിൽ ഏതാനും രാജകുമാരൻമാർ രംഗത്തെത്തിയതോടെ 4 വർഷത്തോളം അദ്ദേഹത്തെ രാജ്യത്തുനിന്നു പുറത്താക്കിയിരുന്നു. 1964ൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവായതോടെയാണു നാട്ടിലേക്കു മടങ്ങിയത്. ശതകോടീശ്വര വ്യവസായി അൽവലീദ് ബിൻ തലാൽ മകനാണ്.