ഗ്രീസിൽ പള്ളിക്ക് സമീപം സ്ഫോടനം; 2 പേർക്കു പരുക്ക്

ആതൻസ് ∙ ഗ്രീസിലെ സുപ്രധാന ആരാധനാലയങ്ങളിലൊന്നായ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് പള്ളിക്കു സമീപം നാടൻ ബോംബ് സ്ഫോടനത്തിൽ 2 പേർക്കു നിസ്സാര പരുക്കേറ്റു. നഗരത്തിലെ തിരക്കേറിയ കലൊനാകി മേഖലയിലെ പള്ളിയിൽ സെന്റ് സ്റ്റീഫൻസ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിനു മുൻപായിരുന്നു സ്ഫോടനം. കാര്യമായ നാശനഷ്ടമില്ല. പള്ളിയുടെ കവാടത്തിനു സമീപം കണ്ട സ്ഫോടകവസ്തു പള്ളിയിലെ സഹായികളിലൊരാൾ വാഹനങ്ങളിടുന്ന സ്ഥലത്തേക്കു മാറ്റിയശേഷം പൊലീസിനെ അറിയിച്ചു. അവർ എത്തും മുൻപ് സ്ഫോടനം നടന്നു.