എൻജിഒ വിലക്ക്; ഇടപെടുമെന്ന് യുഎസ് സർക്കാർ

വാഷിങ്ടൻ∙ ഇന്ത്യയിലെ പ്രവർത്തനം പ്രതിസന്ധിയിലായ, യുഎസ് ആസ്ഥാനമായ ജീവകാരുണ്യ സംഘടന ‘കംപാഷൻ ഇന്റർനാഷനലി’നു വേണ്ടി യുഎസ് സർക്കാർ രംഗത്ത്. പ്രശ്നത്തിൽ സുതാര്യമായ നടപടിക്രമം ആവശ്യമാണെന്നും സംഘടന നേരിടുന്ന വെല്ലുവിളികൾ ഇന്ത്യൻ സർക്കാരിനു മുൻപാകെ ഉന്നയിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാർക് ടോണർ പറഞ്ഞു.

വിദേശസംഭാവന സ്വീകരിക്കാൻ മുൻകൂർ അനുമതി ആവശ്യമായ എൻജിഒകളുടെ പട്ടികയിൽ കഴിഞ്ഞ മേയിലാണു കേന്ദ്ര സർക്കാർ കംപാഷൻ ഇന്ത്യയെ ഉൾപ്പെടുത്തിയത്. യുഎസ് അധികൃതർ പലവട്ടം അഭ്യർഥിച്ചെങ്കിലും ഈ തീരുമാനം പുനഃപരിശോധിക്കാനാവില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.

സർക്കാർ അനുമതി കൂടാതെ സംഭാവനകൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നാണു കംപാഷൻ ഇന്റർനാഷനൽ പ്രസ്താവിച്ചത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണു കംപാഷൻ ഇന്റർനാഷനലിനെതിരെ കേന്ദ്രസർക്കാർ നിയന്ത്രണം വന്നത്.