ദോഷകോപത്തെ നേരിടുന്നതിന് പറ്റിയ സമയമാണ് കർക്കടകമാസം. കർക്കടകത്തിൽ വിശപ്പുണ്ടാകുന്ന തൃദോഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയർ,അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങൾ ചേർന്ന കർക്കടകക്കഞ്ഞി ഏറ്റവും വിശേഷമത്രെ. രാവിലെ തയാറാക്കിയ കർക്കടകക്കഞ്ഞി തേച്ചു കുളികഴിഞ്ഞ് പത്തു മണിയോടെ കഴിക്കാം. 

നാടൻ രീതിയിൽ വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് കർക്കടകക്കഞ്ഞി എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടുത്തുകയാണ് വീണാ ജാൻ. കർക്കടകക്കഞ്ഞി സ്പെഷൽ കിറ്റിനേക്കാൾ രുചികരമാണ് ഈ കൂട്ട്.

ചേരുവകൾ

  • ഉണക്കലരി /പായസം അരി/ ഞവര അരി – ½ കപ്പ്
  • ജീരകം – 1 ടീസ്പൂൺ
  • ഉലുവ – 1 ടീസ്പൂൺ
  • ചതകുപ്പ – 1 ടീസ്പൂൺ
  • കക്കുംകാ – 1 (നിർബന്ധമില്ല)
  • കടുക് – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
  • ആശാളി – 1 ടീസ്പൂൺ
  • വെള്ളം – 4–5 കപ്പ്
  • തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമേ തന്നെ ഉണക്കലരി അര കപ്പ് എടുത്ത് ഒരു പാത്ര ത്തിൽ ഇരുപതു മിനിട്ട് നേരം വെള്ളത്തിലിട്ട് കുതിരാൻ വയ്ക്കുക. ഇനി മറ്റൊരു പാത്രത്തിൽ ജീരകം, കടുക്, ഉലുവ, ചതകുപ്പ (പച്ചമരുന്നുകടയിൽ കിട്ടും കിട്ടുമെങ്കിൽ ചേർക്കുക)  എന്നിവ  ഒരോ ടീസ്പൂൺ വീതം എടുത്ത് വെള്ളമൊഴിച്ച് 20 മിനിട്ട് നേരം കുതിരാൻ വയ്ക്കുക. ഇനി കക്കുംകാ പൊട്ടിച്ച് അതിനുള്ളിലെ വിത്ത് എടുത്ത്  വെള്ളത്തിലിട്ട് വയ്ക്കുക വൈകിട്ട് കഞ്ഞി ഉണ്ടാക്കണമെന്നുണ്ടെങ്കിൽ കക്കുംകാ രാവിലെ തന്നെ വെള്ളത്തിലിടണം. എന്നാലേ ഇതിന്റെ കട്ടി മാറി നന്നായി അരയ്ക്കാൻ പറ്റൂ. ഇതിന് ഒരു കനപ്പുണ്ടാകും അത് മാറണമെങ്കിൽ വെള്ളത്തിലിട്ടു വയ്ക്കണം.  ‌

ഒരു കുക്കറിൽ അര കപ്പ് കുതിർത്ത അരി കഴുകി നാല് ഗ്ലാസ് വെള്ളം (ഒരു ലിറ്റർ) ഒഴിച്ച് വേകാൻ വയ്ക്കുക. മീഡിയം ഫ്ളെയിമിൽ ഒരു വിസിലാണ് ഇതിന്റെ പാകം പ്രഷർ പോയി കഴിഞ്ഞതിനുശേഷം കുക്കറിന്റെ മൂടി തുറക്കുക.  മിക്സിയുടെ ചെറിയ ജാറിൽ കുതിർത്തു വച്ചിരിക്കുന്ന ജീരകം, കടുക്, ഉലുവ, ചതകുപ്പ എന്നിവ ഓരോ സ്പൂൺ വീതവും അര ടീസ്പൂൺ മഞ്ഞൾ പ്പൊടിയും ഒരു കക്കും കായയുെട വിത്തിന്റെ പകുതിയും (അര കപ്പ് അരിയെടുക്കുമ്പോൾ കക്കുംകായുടെ വിത്തിന്റെ പകുതി എടുത്താൽ മതി) മൂന്ന് േടബിൾ സ്പൂൺ തേങ്ങ ചിരകിയതും കൂടി ചേർത്ത് (ഇതിന്റെ കൂടെ ആശാളി ചേർക്കേണ്ടവർക്ക് ചേർത്ത് അരയ്ക്കാം. ഇത് ചേർത്തരച്ചാൽ കഞ്ഞി വല്ലാതെ കുറുകിപ്പോകും അതു കൊണ്ട് ആശാളി നമുക്ക് ലാസ്റ്റ് കഞ്ഞിയിലേക്ക് ഒന്നു വിതറി കൊടുത്താൽ മതിയാകും) മഷി പോലെ അരച്ചെടുക്കുക. ഈ അരപ്പ് വെന്തിരിക്കുന്ന കഞ്ഞിയിലേക്ക് ഇട്ട് നന്നായി ഇളക്കി തീ കുറച്ച് വച്ച്  തിളപ്പിക്കുക. ഒരു പത്ത് മിനിട്ട് ഇങ്ങനെ തിളപ്പിച്ച കഞ്ഞിയിൽ ഒരു ടീസ്പൂണ്‍ ആശാളി വിതറുക. വേണമെങ്കിൽ ഉപ്പിട്ട് കഴിക്കുക. ആശാളിയും കക്കുംകായും ചതുകുപ്പയും പച്ചമരുന്ന് കടിയിൽ കിട്ടും കിട്ടിയില്ലെങ്കിൽ ജീരകം,ഉലുവ,കടുക് എന്നിവ ചേർത്ത്  കഞ്ഞി തയാറാക്കുക.