ADVERTISEMENT
veena
വീണ ജാൻ

ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ചു ചെയ്യുന്നതാണ് ഏറ്റവും വലിയ സന്തോഷം. വീട്ടിലിരുന്നു ബോറടിച്ചപ്പോൾ പാചകം ചെയ്യുകയും അതു പിന്നീട് പലർക്കും പ്രചോദനമാകുകയും ചെയ്ത കഥയാണ് പ്രവീണയുടേത്. ആളെ മനസ്സിലായോ? യൂട്യൂബ് ലോകത്തെ വീണച്ചേച്ചി. നാടൻ വിഭവങ്ങൾ തയാറാക്കുന്നതിലെ ലാളിത്യവും സംസാരശൈലിയും കൊണ്ട് ശ്രദ്ധേയയായ ഈ തൃശ്ശൂർക്കാരിയുടെ യൂട്യൂബ് ചാനലിന് 10 ലക്ഷം വരിക്കാരാണുള്ളത്! നാലു വർഷത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് വീണയെ തേടി ഈ നേട്ടമെത്തുന്നത്. പത്തു ലക്ഷം വരിക്കാരുള്ള ആദ്യ മലയാളി വനിതാ വ്ലോഗായ ‘വീണാസ് കറി വേൾഡ്’ ഒരു സാധാരണ വീട്ടമ്മയുടെ കൈപ്പുണ്യത്തിന്റെ കഥ കൂടിയാണ്. വീണയുടെ വാക്കുകളിൽ– ‘ഇഷ്ടമുള്ള കാര്യം ഇഷ്ടത്തോടെ ചെയ്തുകൊണ്ടിരുന്നു, മറ്റൊന്നും പ്രതീക്ഷിക്കാതെ!’ 

തന്റെ ഇഷ്ടങ്ങളെപ്പറ്റിയും പാചകത്തെപ്പറ്റിയും പ്രചോദനത്തെപ്പറ്റിയും വീണ സംസാരിക്കുന്നു: 

സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിനോ ഡാൻസിനോ ഒന്നും ഒരു സമ്മാനവും ലഭിക്കാത്ത ആളായിരുന്നു ഞാൻ. മറ്റുള്ളവർക്കുള്ള പല കഴിവുകളും കണ്ട്, ദൈവമേ, യാതൊരു കഴിവും ഇല്ലാത്തയാളാണല്ലോ ഞാൻ എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എല്ലാം മാറ്റിമറിച്ചത് പാചകലോകത്തേക്കുള്ള എൻട്രിയാണ്. യൂട്യൂബിന്റെ ആദ്യത്തെ അംഗീകാരം ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ കിട്ടുന്ന  സിൽവർ പ്ലേ ബട്ടനായിരുന്നു. സ്കൂളിലും കോളജിലും ഒരു അവാർഡും കിട്ടാത്ത ഒരാളാണ് ഞാൻ. ഇപ്പോൾ കിട്ടിയത് ഗോൾഡൻ പ്ലേ ബട്ടനാണ്. സന്തോഷം കൊണ്ട് കരഞ്ഞു പോയി. 10 ലക്ഷം (1 മില്യൻ) സബ്സ്ക്രൈബേഴ്സ് ഉള്ളവർക്കാണ് ഗോൾഡൻ പ്ലേ ബട്ടൺ കിട്ടുന്നത്. 

2006 ലാണ് ദുബായിൽ എത്തിയത്, ഇവിടെ അധികം കൂട്ടുകാരില്ലാത്തതു കൊണ്ട് വീട്ടിലിരുന്നു ബോറടിച്ചു തുടങ്ങിയപ്പോൾ ഓരോ പാചകപരീക്ഷണങ്ങൾ ചെയ്തു. അപ്പോൾ ഭർത്താവ് ജാനാണ് ഫുഡ് ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചു പറഞ്ഞത്. വീട്ടിലെത്തുന്ന അതിഥികൾക്കു ഭക്ഷണം കൊടുത്തപ്പോൾ കിട്ടിയ നല്ല അഭിപ്രായങ്ങളും പാചകത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കാരണമായി.

2008 ൽ പാചക ബ്ലോഗ് തുടങ്ങിയതിന് നല്ല അഭിപ്രായമാണ് കിട്ടിയത്, വിഡിയോ ചെയ്താൽ നല്ലതായിരിക്കുമെന്ന പ്രോത്സാഹനം കിട്ടിയെങ്കിലും ക്യാമറയ്ക്കു മുന്നിലേക്കു വരാൻ മടിയായിരുന്നു. നിരവധി ട്രയലുകൾക്ക് ശേഷം 2015 ലാണ് ആദ്യ വിഡിയോ പബ്ളിഷ് ചെയ്യുന്നത്. തെറ്റുകൾ ഒന്നൊന്നായി തിരുത്തി മുൻപോട്ട് പോയിക്കൊണ്ടിരുന്നു. 50 എപ്പിസോഡ് കഴിഞ്ഞപ്പോൾ ആത്മവിശ്വാസം കിട്ടി. ആദ്യ വിഡിയോ മുതൽ തനിയെ ചെയ്യാൻ ഭർത്താവ് ജാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനും ജോലിത്തിരക്കുണ്ട്. അതുകൊണ്ട് ക്യാമറയും വിഡിയോ എഡിറ്റിങ്ങും പഠിച്ചെടുത്തു. ആരെയും ആശ്രയിക്കരുതെന്ന് ജാനിനു നിർബന്ധം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഫൊട്ടോഗ്രഫിയും എഡിറ്റിങ്ങും പഠിച്ചത്.

യൂട്യൂബിൽ ഏറ്റവും സ്വാധീനിച്ച ഫുഡ് വ്ലോഗ് വാ – ഷെഫിന്റെതായിരുന്നു, പിന്നെ വികാസ് ഖന്ന എന്ന ഷെഫ്, അദ്ദേഹത്തിന്റെ പാചകക്കുറിപ്പിനെക്കാൾ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വം ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ കുക്കിങ് ഷുക്കിങിലെ യാമൻ അഗർവാൾ എന്ന കുട്ടി ഷെഫ്, ധാരാളം റെസ്പ്പീസ് ഹോം വർക്കു ചെയ്ത് ചെയ്യാറുണ്ട്.

എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോഴും പാചകപരീക്ഷണങ്ങൾ ചെയ്തിരുന്നു. ഞാൻ തമിഴ്‌നാട് ഡിണ്ടിഗലിൽ നിന്നാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് പാസായത്. എന്നാൽ അതു പ്രഫഷനാക്കിയില്ല. അന്നും പാചകം തന്നെയായിരുന്നു മനസ്സിൽ. അതായിരുന്നു പാഷൻ. ഇപ്പോൾ നല്ലൊരു വരുമാന മാർഗം കൂടിയാണത് എന്നു മാത്രം. കുട്ടികൾ സ്കൂളിലേക്കും ഭർത്താവ് ജോലിക്കും പോയാൽ മൂന്നു നാലു മണിക്കൂർ ഷൂട്ടിനായി മാറ്റിവയ്ക്കും.

ആദ്യം പരീക്ഷണം റവ കിച്ചടി

ആദ്യത്തെ പരീക്ഷണം റവ കിച്ചടിയായിരുന്നു. അച്ഛനും അമ്മയ്ക്കും കൊടുത്തു. അച്ഛന് ഏറെ ഇഷ്ടപ്പെട്ടത് പാചകപരീക്ഷണം തുടരാൻ പ്രോത്സാഹനമായി. അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. ഇപ്പോഴും മറക്കാനാകാത്ത രുചി, പരീക്ഷക്കാലത്ത് എന്നും അമ്മ ചോറ് ഉരുട്ടിത്തരും, ഞാൻ പഠിച്ചു കൊണ്ടിരിക്കും. അമ്മ ചോദ്യം ചോദിക്കും (അമ്മ അധ്യാപികയായിരുന്നു). ഏറ്റവും സ്വാദുള്ള ഭക്ഷണം അതായിരുന്നു– അമ്മ ഉരുട്ടിത്തരുന്ന ചമ്മന്തിയും ചോറും. ലോകത്തിന്റെ ഏതു കോണിൽ പോയി ഏതു ഭക്ഷണം കഴിച്ചാലും ആ രുചി പോകില്ല.

ആഴ്ചയിൽ 4 വിഡിയോ

കുട്ടികളുടെ പരീക്ഷാ സമയത്തും എന്തെങ്കിലും അസുഖമാണെങ്കിലും മാത്രമേ വിഡിയോയുടെ എണ്ണം കുറയ്ക്കുകയുള്ളു അല്ലെങ്കിൽ ആഴ്ചയിൽ നാലു വിഡിയോ വരെ ചെയ്യും.

ഇനിയെന്ത്?

എല്ലാവരുടെയും സ്നേഹവും സഹകരണവും നേടി, ഇതേപോലെ മുന്നോട്ടു പോകുക. 1 മില്യൻ സബ്സ്ക്രൈബേഴ്സ് കിട്ടണമെന്നു വച്ച് ചെയ്തതല്ല ഇതൊന്നും. പാഷനോടെ ചെയ്തകാര്യം മാത്രം.

വിജയരഹസ്യം സ്ഥിരോത്സാഹം

veena-family
വീണ ജാൻ കുടുംബത്തോടൊപ്പം

ഇപ്പോൾ വിഡിയോ ചെയ്യുന്ന എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും തുടക്കത്തിൽ തുടർച്ചയായി ചെയ്യും, പിന്നെ ചെയ്യില്ല. ഇതിന് അങ്ങനെ മടി പറ്റില്ല. വ്യൂസ് കുറവാണെന്നു പറഞ്ഞ് നിർത്തരുത്. നിങ്ങൾക്കിഷ്ടപ്പെടുന്ന പ്രവൃത്തി പൈസ നോക്കാതെ സന്തോഷത്തോടെ ചെയ്യുക. ഫലം താനേ വരും.

തൃശൂർ ജില്ലയിലെ പെരിഞ്ഞനം എന്ന ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതുമെല്ലാം. ഇപ്പോൾ ദുബായിലാണ് സ്ഥിരതാമസം. ഭർത്താവ് ജാൻ ജോഷി, ബിസിനസ് അനാലിസിസ് മാനേജരായി എമിറേറ്റ്സിൽ ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേർ. മൂത്തയാൾ അവനീത് പത്തിൽ. രണ്ടാമൻ ആയുഷ് നാലിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com