ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഏതെല്ലാം വിധത്തിലുള്ള ഭക്ഷണം കഴിച്ചാലും മിനി സ്‌ക്രീൻ താരം ശ്രീറാം രാമചന്ദ്രന് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് നാന ഉണ്ടാക്കുന്ന കോഴിക്കോടൻ സ്റ്റൈൽ മീൻ കറിയാണ് .

ഭക്ഷണപ്രിയനല്ല, എന്നാൽ ഭക്ഷണം ഏറെ ആസ്വദിച്ചു കഴിക്കുന്ന വ്യക്തിയാണ് ശ്രീറാം രാമചന്ദ്രൻ. കോഴിക്കോടൻ രുചികൾ ഏറെ ഇഷ്ടപ്പെടുന്ന ശ്രീറാം ഒരു നോൺ വെജ് പ്രേമിയാണ്.നോൺ വേജ് ഇല്ലാത്ത ഭക്ഷണത്തെപ്പറ്റി ശ്രീറാമിന് ചിന്തിക്കാനേ ആവില്ല. 

'' അച്ഛൻ പൂർണ വെജിറ്റേറിയൻ ആണ്. ഓണം, വിഷു പോലുള്ള ആഘോഷങ്ങൾക്ക് പൂർണ വെജിറ്റേറിയൻ ഭക്ഷണം വേണമെന്ന് അച്ഛന് നിർബന്ധമുണ്ട്. അത്കൊണ്ട് 'അമ്മ അന്നേ ദിവസം ഇറച്ചിയും മീനും ഒന്നുമുണ്ടാക്കില്ല. അമ്മയുണ്ടാക്കുന്ന പാലട പായസം വച്ച് ഞാൻ ആ കുറവ് മറികടക്കും'' ശ്രീറാം പറയുന്നു. 

ഷൂട്ടിങ്ങിന്റെ ഭാഗമായി ധാരാളം യാത്രകൾ ചെയ്യേണ്ടി വരുന്ന ശ്രീറാമിന് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്താണെന്നു ചോദിച്ചാൽ, ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ നാന ഉണ്ടാക്കുന്ന കോഴിക്കോടൻ മീൻകറി. 

''എന്റെ അമ്മൂമ്മയെ നോക്കാൻ വന്ന സ്ത്രീയാണ് നാന. നാരായണി എന്നാണ് പേര്. ഞാൻ നാന എന്ന് വിളിക്കും. കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് ഞങ്ങൾക്ക് നാന. പലരുചികളിലുള്ള മീൻകറി കഴിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ആസ്വദിച്ചു കഴിക്കുന്നത് എന്റെ നാനയുണ്ടാക്കുന്ന മീൻ കറിയാണ്. ഒരവധി കിട്ടിയാൽ കോഴിക്കോട് പോകാനുള്ള തിടുക്കത്തിന് പിന്നിൽ മുളകിട്ടു വച്ച ആ മീൻ കറി രുചി തന്നെയാണ്'' ശ്രീറാമിന്റെ വാക്കിലും നാക്കിലും  രുചിയോർമകൾ അലയടിക്കുന്നു. 

English Summary: Food talk with Sreeram Ramachandran