വെജിറ്റേറിയൻ ഭക്ഷണ പ്രിയർക്ക് പ്രിയകരമാണീ മസാലക്കടല!

വെജിറ്റേറിയൻ ഭക്ഷണ പ്രിയർക്ക് പ്രിയകരമായൊരു രുചിക്കൂട്ടാണ് മസാലക്കടല.

01. കടല — രണ്ടു കപ്പ്

02. വെള്ളം — നാലരക്കപ്പ്

03. ഉപ്പ് — പാകത്തിന്

04. റിഫൈൻഡ് ഓയിൽ — ഒന്നരക്കപ്പ്

05. സവാള കനം കുറച്ച് അരിഞ്ഞത് — ഒന്നരക്കപ്പ്

06. ഉരുളക്കിഴങ്ങും റൊട്ടിയും ചെറിയ ചതുരക്കഷണങ്ങളാക്കിയത് — അരക്കപ്പ് വീതം

07. പച്ചമുളക് — ആറ് , രണ്ടായി കീറിയത്

     തക്കാളി — രണ്ട്, ഓരോന്നും എട്ടു കഷണങ്ങളാക്കിയത്

08. പഞ്ചസാര — അര ടീസ്പൂൺ

     ഉപ്പ് — പാകത്തിന്

09. കടുക് — അര ടീസ്പൂൺ

10. മുളകുപൊടി — രണ്ടു ടീസ്പൂൺ

    മല്ലിപ്പൊടി — രണ്ടു ടീസ്പൂൺ

    മഞ്ഞൾപ്പൊടി— കാൽ ടീസ്പൂൺ

11. മല്ലിയില— കുറച്ച്

12. നാരങ്ങ — ഒന്ന്

പാകം ചെയ്യുന്ന വിധം

01. കടല നന്നായി കഴുകി രണ്ടു കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക.

02. രാവിലെ ഇത് ഊറ്റി രണ്ടരക്കപ്പ് വെള്ളം ചേർത്തു പ്രഷർകുക്കറിലാക്കി 40 മിനിറ്റ് വേവിക്കുക.

03. ഒരു കപ്പ് എണ്ണ ചൂടാക്കി ഒരു സവാള അരിഞ്ഞതു ചേർത്തു നന്നായി വറുത്തു മാറ്റിവയ്ക്കുക. ഇതുപോലെ തന്നെ ഉരുളക്കിഴങ്ങും റൊട്ടിക്കഷണങ്ങളും വെവ്വേറെ വറുത്തു മാറ്റി വയ്ക്കുക.

04. ഇതേ എണ്ണയിൽ പച്ചമുളകും തക്കാളിയും വഴറ്റുക. ഇതിൽ ഉപ്പും പഞ്ചസാരയും വിതറി അടുപ്പിൽ നിന്നു വാങ്ങുക.

05. മറ്റൊരു പാനിൽ ബാക്കിയുള്ള അരക്കപ്പ് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

06. ഇതിൽ ബാക്കിയുള്ള അരക്കപ്പ് സവാള ചേർത്തു ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചശേഷം പത്താമത്തെ ചേരുവ അൽപം വെള്ളത്തിൽ കലക്കിയതു ചേർക്കുക.

07. മൂത്തമണം വരുമ്പോൾ കടല ചേർത്തിളക്കി വാങ്ങുക.

08. ഒരു പരന്ന പാത്രത്തിൽ കടല നിരത്തി അതിനു മുകളിൽ വറുത്തു വച്ചിരിക്കുന്ന സവാള, ഉരുളക്കിഴങ്ങ്, റൊട്ടി വറുത്തത്, നാരങ്ങാക്കഷണങ്ങൾ, മല്ലിയില എന്നിവകൊണ്ട് അലങ്കരിച്ചു വിളമ്പുക.