നാടൻ രുചിയിൽ ഫിഷ് ബിരിയാണി

ഫിഷ് ബിരിയാണിക്ക് കരിമീൻ, ആവോലി, നെയ്മീൻ തുടങ്ങിയ ഏതെങ്കിലും മീനാകുന്നതാണു നല്ലത്. കരിമീനാണെങ്കിൽ 6 – 7 എണ്ണം, ആവോലി, നെയ്മീൻ തുടങ്ങിയ മീനാണെങ്കിൽ വലിയ കഷണങ്ങളാക്കിയത്. വൃത്തിയാക്കിയെടുത്ത് അൽപം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, അൽപം ചെറുനാരങ്ങാനീര് എന്നിവ യോജിപ്പിച്ചു പുരട്ടിവയ്ക്കണം.

മസാല തയാറാക്കൽ: വെളുത്തുള്ളി, ഇഞ്ചി ചതച്ചത്: രണ്ടര ടേബിൾ സ്പൂൺ, പച്ചമുളകു ചതച്ചത്: ഒന്നര ടേബിൾ സ്പൂൺ, ചുവന്നുള്ളി നീളത്തിലരിഞ്ഞത്: 1 കപ്പ്, സവാള ചതുരക്കഷണങ്ങളാക്കിയത്: 1 കപ്പ്, തക്കാളി ചതുരക്കഷണങ്ങളാക്കിയത്: 1 കപ്പ്, കറിവേപ്പില അരിഞ്ഞത്: അരക്കപ്പ്, മുളകുപൊടി: 1 ടീസ്പൂൺ, മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ, മല്ലിപ്പൊടി: അര ടീസ്പൂൺ, കുരുമുളകുപൊടി: 1 ടീസ്പൂൺ, പെരുംജീരകപ്പൊടി: അര ടീസ്പൂൺ, ഉലുവാപ്പൊടി: അര ടീസ്പൂൺ, ഉപ്പ്: പാകത്തിന്. ചെറുനാരങ്ങാനീര്: 1 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ: ആവശ്യത്തിന്.

ബിരിയാണി റൈസ് തയാറാക്കാൻ: നെയ്യ്: 50 ഗ്രാം, സവാള നേർമയായരിഞ്ഞത്: അരക്കപ്പ്, കാഷ്യൂ, കിസ്മിസ്: കുറേശ്ശെ. പട്ട: 1–2 കഷണം, ഗ്രാമ്പൂ: 4–5 എണ്ണം, ഏലക്കായ: 4–5 എണ്ണം, പെരുംജീരകം: അര ടീസ്പൂൺ, കൈമ അരി: 3 കപ്പ് വടിച്ച്, തിളച്ചവെള്ളം: 6 കപ്പ്, ഉപ്പ്: പാകത്തിന്. കുങ്കുമപ്പൂവോ മഞ്ഞൾപ്പൊടിയോ ഒരുനുള്ള്, പൊതിന, മല്ലിയില അരിഞ്ഞത്: കുറേശ്ശെ, ഗരംമസാലപ്പൊടി: 1 ടീസ്പൂൺ.

പാകപ്പെടുത്തുന്നത്: മസാല പുരട്ടിവച്ച മീൻ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഇരുവശവും ഫ്രൈ ചെയ്തെടുക്കണം. മുക്കാൽഭാഗം വെന്തുകഴിഞ്ഞാൽ കോരിയെടുത്തു മാറ്റിവയ്ക്കാവുന്നതാണ്.

ഒരു വലിയ ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് മൂപ്പിച്ചു സവാള, ചുവന്നുള്ളി ഇട്ടു വഴറ്റണം. കുറച്ചു നന്നായി വഴന്നുകഴിഞ്ഞാൽ തക്കാളി, പച്ചമുളക്, കറിവേപ്പിലയും ചേർത്തു വീണ്ടും വഴറ്റണം. ഈ കൂട്ടിലേക്ക് പൊടിമസാലകൾ, ചെറുനാരങ്ങാനീര്, ഉപ്പ് ചേർത്തു യോജിപ്പിച്ച് ഫ്രൈ ചെയ്തുവച്ച മീൻ തീരെ പൊടിഞ്ഞുപോകാതെ മസാല പൊതിയുന്ന പാകത്തിൽ നിരത്തി കുറച്ചുനേരം അടച്ചു ചെറുചൂടിൽ നന്നായി ആവി കയറിയാൽ ഇറക്കിവയ്ക്കണം. മീൻ മസാല തയാറായി.

കുറച്ചു നെയ്യിൽ സവാള, കിസ്മിസ്, കാഷ്യൂ പൊ‍ൻനിറമാകുന്നതുവരെ വഴറ്റി കോരിവച്ച് ബാക്കി നെയ്യോടൊപ്പം കുറച്ചുകൂടി ചേർത്ത് പട്ട, ഗ്രാമ്പൂ, ഏലക്കാ, പെരുംജീരകം ചേർത്തിളക്കി കഴുകി അരിച്ച് ഊറ്റിവച്ച അരിയിട്ടു കുറച്ചുനേരം വഴറ്റി തിളച്ച വെള്ളവും ഉപ്പും കുങ്കുമപ്പൂ / മഞ്ഞൾപ്പൊടി എന്നിവയും യോജിപ്പിച്ച് അടച്ചുവയ്ക്കണം. രണ്ടുമൂന്നു തവണ ഇളക്കിക്കൊടുക്കണം. തീയും ക്രമീകരിക്കേണ്ടിവരും. അരി അൽപം വേവു ബാക്കിയുള്ളപ്പോൾ ഇറക്കിവയ്ക്കാം.

കുക്കറിലോ, നോൺസ്റ്റിക്ക് പാത്രത്തിലോ നെയ്യ് തടവി ഒരു വാഴയില വിരിച്ച് കുറച്ച് റൈസ്, മീൻമസാല, വീണ്ടും റൈസ് എന്നിങ്ങനെ പകർന്ന് മുകളിൽ വറുത്തുവച്ച സവാള, കാഷ്യൂ, കിസ്മിസ്, ഗരംമസാലപ്പൊടി, പൊതീന, മല്ലിയില അരിഞ്ഞത് എന്നിവകൊണ്ടു ഗാർണിഷ് ചെയ്ത് അൽപം നെയ്യ് അവിടവിടെ തൂകി അടച്ചു ചെറിയ ചൂടിൽ ഒന്നു ദം ചെയ്തെടുത്താൽ മതി. പിക്കിൾ, പൊതിനച്ചമ്മന്തി എന്നിവയോടൊപ്പം കഴിക്കാൻ വളരെ രുചികരമായിരിക്കും.