മൊയ്‌ലാളി ജങ്ക ജഗ ജഗ...: ഒരു ഇത്തിരി ചോറുതരുമോ?

‘‘മൊയ്‌ലാളി ജങ്ക ജഗ ജഗ....’’  വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്ത് മലയാളികൾക്ക് തനി പഞ്ചാബി മട്ടിലുള്ള ഓണ സദ്യയൊരുക്കിയ സിനിമയായിരുന്നു പഞ്ചാബി ഹൗസ്. സിക്കന്ദർ സിങ്ങും മനീന്ദർ സിങ്ങും പിന്നെ പത്തിരുപത് സിങ്ങുമാരും പഞ്ചാബി തൊപ്പിയും താടിയുമായി നമുക്ക് മുന്നിൽ എത്തിയപ്പോൾ ഒരു പഞ്ചാബി ധാബയിൽ കയറി റൊട്ടിയും നാനും മൂക്കുമുട്ടെ ലസ്സിയും കുടിച്ച തൃപ്‌തിയാണ് നമുക്ക് ലഭിച്ചത്. ഈ പഞ്ചാബി റൊട്ടിക്ക് ഗോതമ്പു കുഴച്ചതും ചുട്ടെടുത്തതും റാഫി മെക്കാർട്ടിൻ എന്ന ഇരട്ട സംവിധായകരായിരുന്നു. മൂക്കറ്റം കടം കയറി നാട്ടിൽ നിൽക്കക്കള്ളി ഇല്ലാതായ ഉണ്ണിക്കൃഷ്‌ണൻ വീട്ടിലേക്ക് അരിയും പച്ചക്കറിയും നിറച്ച സഞ്ചിയുമായി വരുന്നിടത്താണ് പഞ്ചാബി ഹൗസിൽ ആദ്യമായി ഭക്ഷണത്തെക്കുറിച്ച് പരാമർശിക്കപ്പെടുന്നത്. ചന്തയിൽ മീൻ കുട്ട ചുമന്ന സ്വന്തം വിയർപ്പുകൊണ്ട് വാങ്ങിയ ഭക്ഷണ സാധനങ്ങൾക്ക് എന്തു രുചിയാണെന്ന് ഉണ്ണിക്കൃഷ്‌ണൻ പറയുന്നുമുണ്ട്. കടലിൽ നിന്ന് ഉണ്ണിക്കൃഷ്‌ണനെ വലയിട്ട് പിടിച്ച് കരക്കു കയറ്റിയ രമണനും രമണന്റെ മുതലാളി ഗംഗാധരനും ആ മൽസ്യ കന്യകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. 

ബോധം വരുമ്പോൾ ഒരു പാത്രം നിറയെ കഞ്ഞിയും വാങ്ങിക്കൊടുക്കുന്നു. കഞ്ഞിയിൽ ചമ്മന്തി ഒഴിച്ച് നന്നായി ഇളക്കി മുതുമുടാ കുടിക്കുമ്പോഴാണ് രമണനും ഗംഗാധരനും പിന്നെ ഉണ്ണിക്കൃഷ്‌ണനും ആ സത്യം തിരിച്ചറിയുന്നത്. ഉണ്ണിക്കൃഷ്‌ണന് സംസാരശേഷിയില്ല. തുടർന്നങ്ങോട്ട് ഭക്ഷണത്തോട് ആക്രാന്തം കാട്ടുന്ന ഉണ്ണിക്കൃഷ്‌ണനെ വളർത്തിക്കൊണ്ടു വരാൻ മുതലാളിയും തൊഴിലാളിയും ഒത്തിരി കഷ്‌ടപ്പെടുന്നുണ്ട്. ‘‘മുതലാളി അവൻ പൊട്ടനാ, ഒരു ഗ്ലാസ് പച്ചവെള്ളം വാങ്ങിക്കൊടുത്ത് ബുൾസൈ ആണെന്നു പറഞ്ഞാമതി, വിശ്വസിച്ചോളും.’’ എന്നാണ് രമണന്റെ ഉപദേശം. പഞ്ചാബി ഹൗസിൽ എത്തിയശേഷം പണിയെടുത്ത് വിശന്ന് ഒരു വഴിക്കായപ്പോൾ അടുക്കളയിൽ ചെന്ന് രമണൻ ചോദിക്കുന്നു ഒരു ഇത്തിരി ചോറുതരുമോ.? ചോറ് എന്ന മലയാളം വാക്കിന് ഹിന്ദിയിലെ കള്ളനും തമ്മിലുള്ള ബന്ധം അതോടെ രമണനു മനസിലായി. പഞ്ചാബികൾ റൊട്ടി ചുട്ടെടുക്കുന്നതിന്റെ ശൈലി വളരെ രസകരമായി റാഫി മെക്കാർട്ടിൻ അവതരിപ്പിച്ചിട്ടുണ്ട്. 

റബർ ഷീറ്റു പോലുള്ള റൊട്ടിയിൽ അച്ചാറും പുരട്ടി വായിലേക്ക് ഉന്തി കയറ്റുമ്പോൾ ഇച്ചിരി ചാറു തരുമോ എന്നു രമണൻ ചോദിക്കുന്നു. ഉടനെ നാലു റൊട്ടി കിട്ടി. ഛെ... വീണ്ടും കിട്ടി ആറു റൊട്ടി. ചുരുക്കത്തിൽ അച്ചാറും റൊട്ടിയും ദാലുകറിയുമൊക്കെയായി നമുക്കു മുന്നിലെത്തിയ പഞ്ചാബി ഹൗസ് ഏറെ ആവേശത്തോടെയാണ് നമ്മൾ കഴിച്ചു തീർത്തത്. 

തൊട്ടുകൂട്ടാൻ: രാത്രി രമണനുമൊത്ത് മദ്യപിച്ചു കൊണ്ടിരിക്കുകയാണ് മിണ്ടാപ്രാണിയായ ഉണ്ണിക്കൃഷ്‌ണൻ. പകുതി ബോധം മറഞ്ഞ രമണനോട് ഇവിടെ തൊട്ടുകൂട്ടാൻ ഒന്നുമില്ലേടെ എന്ന് ഉണ്ണിക്കൃഷ്‌ണ്‌ൻ ചോദിക്കുന്നു. അച്ചാർ ഉണ്ടെന്ന് പറയുന്ന രമണനോട് ഉണ്ണിക്കൃഷ്‌ണൻ: ‘‘എന്നാ എടുക്കടാ, നിന്റെ അച്‌ഛന്റച്ചാറ്.’’