രുചികരമായൊരു വറുത്തരച്ച സാമ്പാർ

തേങ്ങാവറുത്തരച്ചൊരു സാമ്പാർ പരിചയപ്പെടാം. കുക്കറിൽ‍ പരിപ്പും പച്ചക്കറികളും രണ്ടു പാത്രങ്ങളിലാക്കി അടച്ചു വച്ച്  ഒരേ സമയം വേവിച്ചെടുക്കാം. രുചികരമായ വറുത്തരച്ച സാമ്പാർ തയാറാക്കാൻ വേണ്ടത്.

1. തുവര പരിപ്പ് – അര കപ്പ്
2. തേങ്ങ – അര കപ്പ്
വറ്റൽമുളക് – 5 എണ്ണം
മല്ലി – 2 സ്പൂൺ
ഉലുവ – അര സ്പൂൺ
കായം – കാൽ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
സവാള – ഒരെണ്ണം ചെറുത്
കറിവേപ്പില – 1 തണ്ട്

3. വെള്ളരിക്ക (ചതുരത്തിൽ അരിഞ്ഞത്) – അര കപ്പ്
ഉരുളക്കിഴങ്ങ് – 1
സവാള – 1
തക്കാളി – 1
വെണ്ടയ്ക്ക – 5 എണ്ണം
മുരിങ്ങക്കോൽ – 2 എണ്ണം
(സവാളയ്ക്ക് പകരം ഒരു പിടി ചുവന്നുള്ളി ഉപയോഗിച്ചാൽ കൂടുതല്‍ രുചികരമായിരിക്കും)

4. വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പം
5. ഉപ്പ് – ആവശ്യത്തിന്
6. കടുക് – ‌അര സ്പൂൺ
ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – 2 സ്പൂൺ
കറിവേപ്പില

ഒരു പ്രഷർ കുക്കറിൽ മൂന്നു ഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ അരിഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേർക്കുക. ആ പാത്രം അടച്ച് അതിന് മുകളിൽ മറ്റൊരു ചെറിയ പാത്രത്തിൽ കഴുകിയ പരിപ്പ് വെള്ളം ഒഴിച്ച് വയ്ക്കുക. ആ പാത്രവും അടച്ച് വയ്ക്കണം. ശേഷം കുക്കറും അടച്ച് വേവിക്കുക. നാല് വിസിൽ വന്നു കഴിഞ്ഞാൽ ഓഫ് ചെയ്യാം.

രണ്ടാമത്തെ ചേരുവകള്‍ ഉപയോഗിച്ച് അരപ്പ് തയ്യാറാക്കാം. ആദ്യം തേങ്ങ വറുക്കുക. എണ്ണ ചേർക്കേണ്ട ആവശ്യമില്ല. ചൂടായ ചീനച്ചട്ടിയിൽ തേങ്ങ ഇട്ട് ലൈറ്റ് ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക. ബാക്കി ചേരുവകളും ഒന്നൊന്നാ യി ചേർക്കുക. തുടർച്ചയായി ഇളക്കണം. എല്ലാ ചേരുവകളും വറുത്ത് കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. തണുത്ത് കഴിഞ്ഞാൽ പാകത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.

വെന്ത പച്ചക്കറിയിലേക്ക് വേവിച്ച പരിപ്പും അരപ്പും ചേർക്കുക. ആവശ്യമെങ്കിൽ വാളൻ പുളി ഒരൽപം വെള്ളത്തിൽ പിഴിഞ്ഞ് അരിച്ചൊഴിക്കുക. ചിലർക്ക് തക്കാളിയുടെ പുളി മാത്രം മതി യാകും. കൂടുതൽ പുളി വേണമെന്നുള്ളവർ മാത്രം വാളൻപുളി ചേർത്താൽ മതി. നല്ലത് പോലെ ഇളക്കി യോജിപ്പിച്ച് തിളപ്പി ക്കുക. തിളച്ച് കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ആറാമത്തെ ചേരുവകൾ ഉപയോഗിച്ച് താളിക്കുക. ചീനച്ചട്ടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടി കഴിയുമ്പോൾ ചുവന്നുള്ളി ഇട്ട് വഴറ്റുക. ബ്രൗൺ നിറമാകു മ്പോള്‍ സ്റ്റൗ ഓഫ് ചെയ്തു കറിവേപ്പില ഇടുക. ഇത് സാമ്പാറിലേക്കൊഴിക്കുക. വറുത്തരച്ച സാമ്പാർ തയാർ.