മീൻകഷ്ണങ്ങള്‍ പൊടിയാതെ മീൻകറി തയാറാക്കാം

കപ്പവേവിച്ചതും മുളകരച്ച മീൻകറിയും കിടിലൻ കോമ്പിനേഷനാണ്. കപ്പവേവിച്ചതിനു പ്രിയം മീൻകറിയോടായതുകൊണ്ടാവാം കള്ള് ഷാപ്പുകളിലെത്തുന്നവരിൽ മിക്കവരും കപ്പയ്ക്ക് കൂട്ടായി മീൻകറി ഓ ർഡർ ചെയ്യുന്നത്. കുടംപുളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന കൂട്ടിൽ അല്പം കുരുമുളകിന്റെ മേമ്പൊടികൂടിയാകുമ്പോൾ സംഗതി ജോറാകും. ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. കണക്കിന് എരിവും പുളിയും പിടിച്ച മീൻകറിക്ക് ആരാധകരുമേറെയാണ്. മീൻകഷ്ണങ്ങള്‍ പൊടിയാതെ എരിവും പുളിയും ഒരുമിക്കുന്ന മീൻകറി തയാറാക്കാം

ചേരുവകൾ  

മീൻ – (കേര, നെന്മീൻ,ചൂര)
കടുക് – കാൽ ടീസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
ചെറിയ ഉള്ളി – ആറെണ്ണം ചെറുതായി അരിഞ്ഞത് (വലിപ്പം അനുസരിച്ച്)
വെളിച്ചെണ്ണ – കാൽകപ്പ്
ഇഞ്ചി –ചതച്ചത് കാൽ കപ്പ്
വെളുത്തുള്ളി – ചതച്ചത് കാൽ കപ്പ്
പച്ചമുളക് – മൂന്നെണ്ണം
മുളകുപ്പൊടി – 4 ടീസ്പൂണ്‍
മല്ലിപ്പൊടി – 2ടീസ്പൂണ്‍
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കുരുമുളക് – ചതച്ചത് അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുടംപുളി – മൂന്നെണ്ണം

മുളകരച്ച മീൻകറി തയാറാക്കാം

കഴുകി വൃത്തിയാക്കിയ മീൻകഷ്ണങ്ങളിൽ ഇത്തിരി ഉപ്പും നുള്ള് കുരുമുളകുപ്പൊടിയും മുളകുപ്പൊടിയും ചേർത്ത് പുരട്ടിവയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം പാനിൽ എണ്ണ ചേർത്ത് വറുത്തെടുക്കാം. മീൻ വറുത്തുകോരിയ എണ്ണയിലേക്ക് കാൽ സ്പൂൺ വീതം കടുകും ഉലുവയും ചേര്‍ത്തു കൊടുക്കാം. കടുകു നന്നായി പൊട്ടിവരുമ്പോൾ ചതച്ചുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും കുറച്ച് ഉപ്പും  ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ഇളം ബ്രൗൺ നിറമാകുമ്പാൾ അതിലേക്ക്  കാശ്മീരി മുളകുപൊടിയും കാൽ സ്പൂൺ മഞ്ഞപ്പൊടിയും രണ്ടുസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം. കൂട്ട് കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. മുളകുപ്പൊടിയുടെ പച്ചമണം മാറുമ്പോൾ വെള്ളത്തിൽ കുതിർത്ത  കുടംപുളിയും പുളിവെള്ളവും ചേർത്ത് ഇളക്കി കൊടുക്കാം. കൂട്ട് നന്നായി തിളച്ചുവരുമ്പോൾ രണ്ട് ഗ്ലാസ് വെള്ളവും ആവശ്യത്തിനു ഉപ്പും കാൽ സ്പൂൺ കുരുമുളക് ചതച്ചതും ചേർത്തു നന്നായി ഇളക്കിയതിനുശേഷം അടച്ചു വയ്ക്കാം. ചേരുവകളെല്ലാം ചേർന്ന് നന്നായി തിളയ്ക്കുമ്പോൾ വറുത്തുവച്ചിരിക്കുന്ന മീൻകഷണങ്ങൾ ചേർക്കാം. മുകളിലായി രണ്ട് തണ്ട് കറിവേപ്പില കൂടി ചേർത്ത് അടച്ചുവയ്ക്കാം. വെള്ളം നീട്ടി വയ്ക്കാതെ മീൻ കറി നന്നായി തിളപ്പിച്ചെടുക്കാം. കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മസാലകൂട്ടിൽ വേകുന്ന മീനിന് സ്വാദേറെയാണ്. പതിനഞ്ച് മിനിറ്റിനുള്ളിൽ മീൻകറി റെഡിയാണ്.