യമ്മി യമ്മി ബ്രഡ് എഗ് ഫ്രൈ

ബ്രഡ്, മുട്ട ചേരുവകൾ കൊണ്ട് ഭക്ഷണത്തിൽ പല മാജിക്കും സാധിക്കും. എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രഡ് റോസ്റ്റ് പല വീടുകളിലേയും ബ്രേക്ക്ഫാസ്റ്റാണ്.  കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട ബ്രഡ് എഗ്ഗ് ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

ബ്രഡ് മൂന്നു കഷണം, ഉരുളക്കിഴങ്ങ് വലുത് രണ്ടെണ്ണം. മുട്ട മൂന്നെണ്ണം, സവാള വലുത് ഒന്ന്, പച്ചമുളക് ഒന്ന്, മുളക് ചതച്ചതും ഗരം മസാലയും രുചിക്കനുസരിച്ച്, മല്ലിയില അല്ലെങ്കിൽ കറിവേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്.

തയാറാക്കുന്ന വിധം:‌

ബ്രഡ് പാനിൽ വച്ചു ടോസ്റ്റ് ചെയ്തെടുക്കുക. ആവശ്യമെങ്കിൽ അൽപം എണ്ണ പാനിൽ തേച്ചുകൊടുക്കാം. പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ചശേഷം പൊടിയായി അരിഞ്ഞ സവാള, മല്ലിയില, പച്ചമുളക് അരിഞ്ഞത്, മുളക് ചതച്ചത്, ഗരം മസാല എന്നിവ ചേർത്തശേഷം തൊലികളഞ്ഞെടുത്ത ഉരുളക്കിഴങ്ങ് ചുരണ്ടിയിടുക. പാകത്തിന് ഉപ്പു ചേർത്ത് സ്പൂൺകൊണ്ടു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ടോസ്റ്റ് ചെയ്ത ബ്രഡ് രണ്ടു കഷണമാക്കിയെടുക്കണം. മുറിച്ചെടുത്ത കഷണത്തിനു മുകളിൽ കുറച്ചു മുട്ട മിശ്രിതം വച്ചശേഷം ആ ഭാഗം ചൂടാക്കിയ എണ്ണയിൽ വരത്തക്കവിധം ഇടുക. ശേഷം മുകൾഭാഗത്തും മിശ്രിതം ഇട്ടുകൊടുക്കാം. മുട്ടയുടെ ഗ്രേവിയും ഒഴിച്ചുകൊടുക്കാ‍ൻ മറക്കരുത്.  തീ നന്നായി കൂട്ടിവച്ചശേഷം ഒരുവശം കുറച്ചു മൊരിയുമ്പോൾ തിരിച്ചിട്ടു മറുവശവും വേവിക്കണം. ഇരുവശവും കുറച്ചു മൊരിയുമ്പോൾ ഇടത്തരം തീയിൽ വേണം ബാക്കി വേവിച്ചെടുക്കാൻ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

തയാറാക്കിയ മുട്ടമിശ്രിതം ബാക്കി വന്നാൽ കൂടുതൽ ബ്രഡ് ഉപയോഗിക്കാം. ടോസ്റ്റ് ചെയ്യാതെ ബ്രഡ് ഉപയോഗിക്കരുത്. ടോസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ എണ്ണ ഉപയോഗിക്കാനും പാടില്ല. ബ്രഡ് എഗ് ഫ്രൈ എണ്ണയിൽനിന്ന് എടുക്കുന്നതിനു മുൻപ് തീ നന്നായി കൂട്ടിവച്ചതിനുശേഷം കോരിയെടുത്താൽ എണ്ണ കുടിക്കില്ല.