വെയിൽച്ചിരിയോടെ മാടിവിളിക്കും, അടുത്താലോ പുകമഞ്ഞിന്റെ കമ്പിളി പുതച്ച് മുഖം മറയ്ക്കും. വെളുത്ത മഴയായി നനച്ചു പുണരും. ആകാശത്തുനിന്ന് ഇടിമിന്നലായി പിളർന്നുവീണ് ജീവനെടുക്കുന്ന കൊള്ളിയാനാകും. നിമിഷനേരംകൊണ്ട് പ്രകൃതിയുടെ ഭാവവിസ്മയങ്ങൾ തകർത്താടി അമ്പരപ്പിക്കും ഇലവീഴാപൂഞ്ചിറ. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള ഹിൽസ്റ്റേഷൻ. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന ഈ സ്വപ്നഭൂമികയെ നായികയാക്കി ഒരുക്കിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ, ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലെണ്ണമാണു വാരിക്കൂട്ടിയത്. മികച്ച നവാഗത സംവിധായകൻ, ഛായാഗ്രഹണം, കളറിങ്, ശബ്ദമിശ്രണം എന്നിവയ്ക്കായിരുന്നു പുരസ്കാരം. മരങ്ങളില്ലാത്ത പൂഞ്ചിറയുടെ ശബ്ദപ്രപഞ്ചമൊരുക്കിയത് അജയൻ അടാട്ട് എന്ന ചെറുപ്പക്കാരനാണ്. കണ്ണുകൊണ്ടു മാത്രമല്ല ചെവികൊണ്ടും കണ്ടറിയേണ്ടതാണ് സിനിമയെന്ന് വിശ്വസിക്കുന്ന അജയൻ മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു...

വെയിൽച്ചിരിയോടെ മാടിവിളിക്കും, അടുത്താലോ പുകമഞ്ഞിന്റെ കമ്പിളി പുതച്ച് മുഖം മറയ്ക്കും. വെളുത്ത മഴയായി നനച്ചു പുണരും. ആകാശത്തുനിന്ന് ഇടിമിന്നലായി പിളർന്നുവീണ് ജീവനെടുക്കുന്ന കൊള്ളിയാനാകും. നിമിഷനേരംകൊണ്ട് പ്രകൃതിയുടെ ഭാവവിസ്മയങ്ങൾ തകർത്താടി അമ്പരപ്പിക്കും ഇലവീഴാപൂഞ്ചിറ. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള ഹിൽസ്റ്റേഷൻ. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന ഈ സ്വപ്നഭൂമികയെ നായികയാക്കി ഒരുക്കിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ, ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലെണ്ണമാണു വാരിക്കൂട്ടിയത്. മികച്ച നവാഗത സംവിധായകൻ, ഛായാഗ്രഹണം, കളറിങ്, ശബ്ദമിശ്രണം എന്നിവയ്ക്കായിരുന്നു പുരസ്കാരം. മരങ്ങളില്ലാത്ത പൂഞ്ചിറയുടെ ശബ്ദപ്രപഞ്ചമൊരുക്കിയത് അജയൻ അടാട്ട് എന്ന ചെറുപ്പക്കാരനാണ്. കണ്ണുകൊണ്ടു മാത്രമല്ല ചെവികൊണ്ടും കണ്ടറിയേണ്ടതാണ് സിനിമയെന്ന് വിശ്വസിക്കുന്ന അജയൻ മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിൽച്ചിരിയോടെ മാടിവിളിക്കും, അടുത്താലോ പുകമഞ്ഞിന്റെ കമ്പിളി പുതച്ച് മുഖം മറയ്ക്കും. വെളുത്ത മഴയായി നനച്ചു പുണരും. ആകാശത്തുനിന്ന് ഇടിമിന്നലായി പിളർന്നുവീണ് ജീവനെടുക്കുന്ന കൊള്ളിയാനാകും. നിമിഷനേരംകൊണ്ട് പ്രകൃതിയുടെ ഭാവവിസ്മയങ്ങൾ തകർത്താടി അമ്പരപ്പിക്കും ഇലവീഴാപൂഞ്ചിറ. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള ഹിൽസ്റ്റേഷൻ. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന ഈ സ്വപ്നഭൂമികയെ നായികയാക്കി ഒരുക്കിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ, ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലെണ്ണമാണു വാരിക്കൂട്ടിയത്. മികച്ച നവാഗത സംവിധായകൻ, ഛായാഗ്രഹണം, കളറിങ്, ശബ്ദമിശ്രണം എന്നിവയ്ക്കായിരുന്നു പുരസ്കാരം. മരങ്ങളില്ലാത്ത പൂഞ്ചിറയുടെ ശബ്ദപ്രപഞ്ചമൊരുക്കിയത് അജയൻ അടാട്ട് എന്ന ചെറുപ്പക്കാരനാണ്. കണ്ണുകൊണ്ടു മാത്രമല്ല ചെവികൊണ്ടും കണ്ടറിയേണ്ടതാണ് സിനിമയെന്ന് വിശ്വസിക്കുന്ന അജയൻ മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിൽച്ചിരിയോടെ മാടിവിളിക്കും, അടുത്താലോ പുകമഞ്ഞിന്റെ കമ്പിളി പുതച്ച് മുഖം മറയ്ക്കും. വെളുത്ത മഴയായി നനച്ചു പുണരും. ആകാശത്തുനിന്ന് ഇടിമിന്നലായി പിളർന്നുവീണ് ജീവനെടുക്കുന്ന കൊള്ളിയാനാകും. നിമിഷനേരംകൊണ്ട് പ്രകൃതിയുടെ ഭാവവിസ്മയങ്ങൾ തകർത്താടി അമ്പരപ്പിക്കും ഇലവീഴാപൂഞ്ചിറ. 

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ, സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരമുള്ള ഹിൽസ്റ്റേഷൻ. സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന ഈ സ്വപ്നഭൂമികയെ നായികയാക്കി ഒരുക്കിയ ഇലവീഴാപൂഞ്ചിറ എന്ന സിനിമ, ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലെണ്ണമാണു വാരിക്കൂട്ടിയത്. മികച്ച നവാഗത സംവിധായകൻ, ഛായാഗ്രഹണം, കളറിങ്, ശബ്ദമിശ്രണം എന്നിവയ്ക്കായിരുന്നു പുരസ്കാരം. മരങ്ങളില്ലാത്ത പൂഞ്ചിറയുടെ ശബ്ദപ്രപഞ്ചമൊരുക്കിയത് അജയൻ അടാട്ട് എന്ന ചെറുപ്പക്കാരനാണ്. കണ്ണുകൊണ്ടു മാത്രമല്ല ചെവികൊണ്ടും കണ്ടറിയേണ്ടതാണ് സിനിമയെന്ന് വിശ്വസിക്കുന്ന അജയൻ മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു...

ADVERTISEMENT

∙ കരിയറിന്റെ ആദ്യഘട്ടത്തിൽത്തന്നെ സംസ്ഥാന അവാർഡ് തേടിയെത്തിയല്ലോ. എന്താണ് തോന്നുന്നത്?

ശരിക്കും അഭിനന്ദന പ്രവാഹം തന്നെയായിരുന്നു. ആദ്യമായിട്ടാണല്ലോ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. നേരിട്ടും ഫോണിലുമെല്ലാം ആശംസകളെത്തി. പലരുടെയും കോളുകൾ എടുക്കാൻ പറ്റിയില്ലെങ്കിലും സമയം കിട്ടിയപ്പോൾ തിരിച്ചുവിളിച്ചു. ഈ സന്തോഷത്തിനൊപ്പം ഒരു സങ്കടവുമുണ്ടായി. ഞങ്ങളുടെ സിനിമയ്ക്ക് നാലു സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഇത് ആഘോഷിക്കാനായി സിനിമയുടെ അണിയറക്കാരെല്ലാം കൊച്ചിയിൽ ഒരുമിച്ചു കൂടി. കേക്ക് മുറിക്കാനൊരുങ്ങുമ്പോൾ എന്റെ നാടായ തൃശൂരിലെ അടാട്ടുനിന്ന് ഒരു വിളിയെത്തി.

അജയൻ അടാട്ട്

എനിക്ക് അവാർഡ് കിട്ടിയ സന്തോഷത്തിൽ രാത്രിയിൽ കേക്ക് വാങ്ങാനായി ബൈക്കിൽ പോയ അതുൽ എന്ന അയൽക്കാരൻ പയ്യൻ അപകടത്തിൽപ്പെട്ടു എന്നായിരുന്നു വാർത്ത. സിനിമയിൽ വർക്ക് ചെയ്യാനിരിക്കുകയായിരുന്നു അവൻ. ഗുരുതരമായി പരുക്കേറ്റ അതുലിനെ കാണാനായി ഞാൻ നാട്ടിലേക്കു വണ്ടി കയറി. രണ്ടു ദിവസം അവനൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. പക്ഷേ മരണം അവനെ കൊണ്ടുപോയി. ഞങ്ങളെയെല്ലാം ഞെട്ടിച്ച മരണമായിരുന്നു അതുലിന്റേത്. അതിനാൽ ആഘോഷങ്ങൾ വേണ്ടെന്നുവച്ചു. അടുത്ത ദിവസം തന്നെ, തമിഴ്നാട്ടിലെ ഉസുലാംപെട്ടിയിൽ നടൻ വിജയ് സേതുപതിയുടെ ഒടിടി സിനിമയുടെ ചിത്രീകരണത്തിനൊപ്പം ചേർന്നു.

∙ ഇലവീഴാപൂഞ്ചിറ സിനിമയിൽ കഥയ്ക്കൊപ്പം കാണിയെ പിടിച്ചിരുത്തുന്നതിൽ ശബ്ദത്തിനും പ്രധാന്യമുണ്ട്. യാത്ര ചെയ്യാൻ പ്രയാസമേറിയ, വളരെ ഉയരത്തിലുള്ള സ്ഥലമാണല്ലോ. ഇലവീഴാപൂഞ്ചിറയുടെ സൗണ്ട് ഡിസൈൻ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

ADVERTISEMENT

ഈ സിനിമയിൽ അഭിനേതാക്കളുടെ അതേ പങ്കുണ്ട്, ലൊക്കേഷനും. കൂടുതൽ സമയവും ഇലവീഴാപൂഞ്ചിറ എന്ന മലമുകളിലാണ് സിനിമ സംഭവിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലെ വയർലസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള കോട്ടയം എആര്‍ ക്യാംപിലെ എഎസ്ഐ ഷാജി മാറാടിന്റെയും സിപിഒ ജി.നിധീഷിന്റെ തിരക്കഥയിലാണ് പൊലീസുകാരൻ കൂടിയായ ഷാഹി കബീര്‍ സിനിമ സംവിധാനം ചെയ്തത്. ഇവരെല്ലാം സുഹൃത്തുക്കളായതിനാൽ സിനിമയുടെ ആലോചനാഘട്ടം മുതൽ ഞാനും കൂടെയുണ്ടായിരുന്നു. ജോസഫ്, നായാട്ട് എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ഷാഹി സംവിധായകനാകുന്ന ആദ്യ ചലച്ചിത്രം. ഒരേ സമയം ഭംഗിയുള്ളതും ഭീകരവുമായ പൂഞ്ചിറയെപ്പറ്റി ഷാജിയും നിധീഷും പലപ്പോഴും പറഞ്ഞിരുന്നതിനാൽ ഏകദേശ ധാരണയുണ്ടായിരുന്നു.

നായാട്ട് സിനിമയുടെയും സൗണ്ട് ഡിപ്പാർട്ട്മെന്റ് ഞാനാണു ചെയ്തത്. പൊതുവെ പൊലീസ് ചിത്രങ്ങൾ ചെയ്യുമ്പോൾ വയർലസുകളിലെയും മറ്റും ശബ്ദങ്ങളിൽ പ്രത്യേകതയൊന്നുമുണ്ടാകില്ല. സ്ഥിരം കേൾക്കുന്ന ശബ്ദങ്ങൾ മാറ്റിപ്പിടിക്കണമെന്നു വിചാരിച്ചു. പൊലീസ് വയർലസ് സംവിധാനം യഥാർഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ഓരോ സമയത്തും ഏതുതരം സന്ദേശങ്ങളാണ് വരിക, ആരൊക്കെയാണ് സംസാരിക്കുക, എങ്ങനെയാണ് പരസ്പരം അഭിസംബോധന ചെയ്യുക, കമ്മിഷണറും എസ്‌പിയും എപ്പോഴാണു സംസാരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നേരിട്ടുകണ്ട് മനസ്സിലാക്കി. ബ്രാവോ, ഡെൽറ്റ തുടങ്ങിയ കോഡുകളാണ് പൊലീസുകാർ ഉപയോഗിക്കുക. ഇതെല്ലാം നായാട്ടിൽ കൊണ്ടുവന്നു. ഇക്കാര്യങ്ങൾ മനസ്സിലാക്കാനായി ഞാനും ഷാഹിയും ഒരാഴ്ചയോളം ഇലവീഴാപൂഞ്ചിറയിലാണ് താമസിച്ചിരുന്നത്. 

അജയൻ അടാട്ട് ശബ്ദചിത്രീകരണത്തിനിടെ.

പുതിയ സിനിമയുടെ ശബ്ദരൂപകൽപന ചിട്ടപ്പെടുത്താൻ ഈ യാത്ര സഹായിച്ചു. എപ്പോഴും ശക്തമായി കാറ്റു വീശുന്ന, മഴ പെയ്യുന്ന, ജീവനെടുക്കുന്ന ഇടിമിന്നലുണ്ടാകുന്ന സ്ഥലം. പൂഞ്ചിറയിൽനിന്ന് മുകളിലേക്ക് കുറച്ചുദൂരം ജീപ്പിലും പിന്നെ ബൈക്കിലും പോകാം. ബാക്കി നടന്നു കയറണം. വഴിയിലെങ്ങും വലിയ ഉരുളൻകല്ലുകളാണ്. കരിമ്പാറകളിൽ ഇരുന്നു വിശ്രമിച്ചാണ് മല കയറ്റം. മിന്നലേറ്റുള്ള അപകടങ്ങൾ ആവർത്തിച്ചതോടെ വ്യൂ പോയിന്‍റിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും മിന്നൽ രക്ഷാചാലകം സ്ഥാപിച്ചിട്ടുണ്ട്. നേരത്തേതന്നെ ഇവിടെ താമസിച്ചിട്ടുള്ളതിനാൽ ഇലവീഴാപൂഞ്ചിറയുടെ ശബ്ദചിത്രം മനസ്സിലുണ്ടായിരുന്നു.

ഫോണിനു റേഞ്ച് ഇല്ലാത്ത സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. ഇടയ്ക്കു വരുന്ന ടൂറിസ്റ്റുകൾ മാത്രമാണ് പൊലീസുകാർ കാണുന്ന മനുഷ്യർ. ഏകാന്തതയും തണുപ്പും വിടാതെ പിന്തുടരും.

പല ഹിൽ സ്റ്റേഷനുകളിലും കാടുകളിലും പോയി ശബ്ദലേഖനം ചെയ്തിട്ടുണ്ട്. പൊതുവെ മലമുകളിൽ പ്രതീക്ഷിക്കുന്നതരം സൗണ്ട്സ്കേപ് ആയിരുന്നില്ല പൂഞ്ചിറയിൽ. സാധാരണ കാടുകളിൽ ചിവീടിന്റെ ശബ്ദമാകും കൂടുതൽ കേൾക്കുക. ഇവിടെ അങ്ങനെയായിരുന്നില്ല. പല രീതിയിൽ വീശുന്നതും അപ്രതീക്ഷിതവുമായ കാറ്റാണ്. വേറൊന്നും കേൾക്കാൻ പറ്റാത്തവിധം മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന കാറ്റ്. പകലും രാത്രിയും കാറ്റിനു വെവ്വേറെ ഭാവമാണ്. അപൂർവമായ ഈ ശബ്ദങ്ങളെല്ലാം അന്നുതന്നെ റിക്കോർഡ് ചെയ്തുവച്ചിരുന്നു. ഇലവീഴാപൂഞ്ചിറയിലെ വ്ലോഗറുടെ വേഷം അഭിനയിക്കാൻ എത്തിയപ്പോൾ അവിടെ താമസിച്ച് ഈ സിനിമയ്ക്കു മാത്രമായുള്ള ശബ്ദങ്ങൾ റിക്കോർഡ് ചെയ്തു. അസോഷ്യേറ്റ് സൗണ്ട് ഡിസൈനർ പയസ്മോൻ സണ്ണി, മെന്ററായിരുന്ന സീനിയർ മിക്സിങ് എൻജിനീയർ ശശികുമാർ നായർ എന്നിവരും പൂഞ്ചിറയ്ക്കു ശബ്ദമൊരുക്കാൻ സഹായിച്ചു.

ADVERTISEMENT

∙ ആ വയർലസ് സ്റ്റേഷൻ ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ടോ?

സിനിമയിൽ കാണിക്കുന്ന തകര ഷീറ്റുകൾ കൊണ്ടുള്ള വയർലസ് സ്റ്റേഷൻ തന്നെയാണു നേരത്തേ പൊലീസ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പുതിയ കോൺക്രീറ്റ് കെട്ടിടം തൊട്ടുതാഴെ നിർമിച്ചിട്ടുണ്ട്. പൊലീസിന്റെ പഴയ വയർലസ് സ്റ്റേഷൻ ഫിഷറീസ് വകുപ്പും ഉപയോഗിച്ചിരുന്നു. ട്രെയിനിന്റെ ബോഗി പോലെയുള്ള സ്റ്റേഷൻ നിലവിൽ വെറുതെ കിടക്കുകയാണ്. ഇതിനു തൊട്ടുതാഴെത്തന്നെ പൊലീസിന്റെ കെട്ടിടം കാണാമെങ്കിലും സിനിമയിൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് മായ്ച്ചു കളഞ്ഞു. ഒരാഴ്ചത്തേക്കുള്ള സാധനങ്ങളുമായി എത്തുന്ന പൊലീസുകാർ തന്നെയാണു പാചകം ചെയ്യുന്നത്. അവർക്കു കൂട്ടായി ചില നായ്ക്കളും പരിസരത്തുണ്ട്. ഫോണിനു റേഞ്ച് ഇല്ലാത്ത സ്ഥലമാണ്. ഇടയ്ക്കു വരുന്ന ടൂറിസ്റ്റുകൾ മാത്രമാണ് പൊലീസുകാർ കാണുന്ന മനുഷ്യർ. ഏകാന്തതയും തണുപ്പും വിടാതെ പിന്തുടരും.

സിനിമാ ചിത്രീകരണവേളയിൽ അജയൻ അടാട്ടും സംഘവും.

∙ ഇലവീഴാപൂഞ്ചിറയുടെ ശബ്ദങ്ങളിൽ ഓർമയിൽ തങ്ങിനിൽക്കുന്നത് എന്തെല്ലാമാണ്?

ഈ സിനിമയിൽ നമ്മൾ കാണുന്ന വിൻഡ്മിൽ ചെറിയ മോട്ടർവച്ചു കറക്കുന്നതാണ്. അതിനാൽ ആ ശബ്ദം അതേപടി ഉപയോഗിക്കാനാവില്ല. പക്ഷേ, വിൻഡ്മില്ലിന്റെ ശബ്ദം പ്രധാനപ്പെട്ടതാണുതാനും. അങ്ങനെ ആലോചിക്കുമ്പോഴാണ് അവിടെയ‌ുള്ള പോസ്റ്റിൽ ആരോ കെട്ടിയിരിക്കുന്ന തകിടുപാളി കാറ്റിൽ ഇളകുന്നതു ശ്രദ്ധിച്ചത്. പൂഞ്ചിറയിലെ പ്രത്യേക കാറ്റിന്റെ താളത്തിലാണ് ഇടവിട്ടിടവിട്ട് തകിട് അടിക്കുന്നത്. ഉടനെ അതിനടുത്തുപോയി ആ ശബ്ദം റിക്കോർഡ് ചെയ്തു. ഇത് അടിസ്ഥാന ശബ്ദമായെടുത്ത്, ഇഫക്ട്സുകളും ചേർത്താണ് വിൻഡ്മില്ലിന്റെ ശബ്ദം സൃഷ്ടിച്ചത്.

പൊലീസുകാരായ മധു (സൗബിൻ ഷാഹിർ), സുധി (സുധി കോപ്പ), പ്രഭു വെങ്കായം (ജൂഡ് ആന്തണി ജോസഫ്) എന്നിവർ താമസിക്കുന്ന ട്രെയിൻ ബോഗിക്കുള്ളിൽ ഭയങ്കര മുഴക്കമുണ്ടാകും. മലമുകളിലെ വലിയ കാറ്റിലും മഴയിലും ഈ ഒറ്റമുറിയിൽ കുലുക്കമുണ്ടാകുന്നതു പതിവാണ്. എന്നാൽ എല്ലാ കാറ്റിലും ഈ കുലുക്കവും മുഴക്കവും അനുഭവപ്പെടില്ല. മൈക്കുകളെല്ലാം ഓണാക്കി, ജനലുകൾ പ്രത്യേകരീതിയിൽ തുറന്നിട്ട്, ഏറെ നേരം കാത്തിരുന്നാണ് ഈ ശബ്ദശകലം കിട്ടിയത്. ഇതുൾപ്പെടെ ഇലവീഴാപൂഞ്ചിറയുടേതു മാത്രമായ ശബ്ദങ്ങൾ സിനിമയിലുടനീളം കൊണ്ടുവന്നിട്ടുണ്ട്.

∙ ചികിത്സയ്ക്കിടെയാണ് ഈ സിനിമയുടെ ശബ്ദമിശ്രണം ചെയ്തതെന്നു കേട്ടിരുന്നല്ലോ...

കോവിഡ് ലോക്ഡൗണിൽ പുറത്തിറങ്ങാൻ പറ്റാതിരിക്കുകയാണ്. കൊച്ചിയിൽ നിയന്ത്രിതമായ സൗകര്യങ്ങളോടെ പട സിനിമയുടെ മിക്സിങ് നടക്കുന്നുണ്ട്. അപ്പോഴാണു എന്റെ മുഖത്തിന്‍റെ ഒരുവശം തളർന്നത്. ബെല്‍സ് പാള്‍സി എന്ന അസുഖമായിരുന്നു. മുഖം ഒരു വശത്തേക്കു കോടി. കണ്ണ് അടയ്ക്കുന്നതിനും ചിരിക്കുന്നതിനും പ്രയാസം. വായില്‍ വെള്ളം എടുക്കാനും തുപ്പാനും വയ്യ. നാവിന്‍റെ ഒരുവശത്ത്‌ രുചി തിരിച്ചറിയാനും പറ്റിയിരുന്നില്ല. ഡോക്ടർ രണ്ടര മാസം വിശ്രമം നിർദേശിച്ചു. ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ നടക്കുകയാണ്. അപ്പോഴാണ് പൂഞ്ചിറ സിനിമ എഡിറ്റ് ചെയ്തു കിട്ടിയത്. എനിക്ക് അസുഖമായതിനാൽ മറ്റാരൊളെക്കൊണ്ടു ചെയ്യിപ്പിച്ചോളൂ എന്നു സംവിധായകനോടു പറഞ്ഞു. പക്ഷേ, ഞാൻ തന്നെ സൗണ്ട് ഡിസൈൻ ചെയ്താൽ മതിയെന്നും കാത്തിരിക്കാമെന്നും അവർ അറിയിച്ചു.

അജയൻ അടാട്ട്

സൗണ്ട്സ്കേപ് മുഖ്യമായ ചിത്രമായതിനാൽ അതു കഴിഞ്ഞിട്ടേ പശ്ചാത്തലസംഗീതം ചെയ്യുന്നുള്ളൂ എന്നു സംഗീതസംവിധായകൻ അനിൽ ജോൺസണും പറഞ്ഞു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ഇതേ രീതിയിലായിരുന്നു ചെയ്തിരുന്നത്. കൊമേഴ്സ്യൽ സിനിമയിൽ സമയമില്ലാത്തതിനാൽ ഈ സാവകാശം ലഭിക്കാറില്ല. പലപ്പോഴും നമ്മൾ ചെയ്തുവച്ച ശബ്ദങ്ങളെല്ലാം സംഗീതത്തിൽ മുങ്ങിപ്പോകാറുമുണ്ട്. സംഗീതസംവിധായകനും ശബ്ദസംവിധായകനും തമ്മിൽ പൊരുത്തമുണ്ടാകുമ്പോഴാണ് ഇതുരണ്ടും ഏറ്റക്കുറച്ചിലില്ലാതെ പ്രേക്ഷകന് അനുഭവപ്പെടുക. സിനിമ യഥാർഥമാണെന്ന് നമ്മളെ തോന്നിപ്പിക്കുന്നത് അതിലെ ശബ്ദങ്ങളാണ്. ഈ റിയാലിറ്റിയോടു ചേർന്നു സംഗീതവും വരുമ്പോഴാണ് കാണികളിൽ വൈകാരിക അടുപ്പം രൂപപ്പെടുന്നത്. പഠിച്ചത് അതേപോലെ ചെയ്യാനുള്ള അവസരമായി അങ്ങനെ ഇലവീഴാപൂഞ്ചിറ മാറി.

ചികിത്സയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു, ആവശ്യത്തിനു സമയവും കിട്ടി. ജോലിയൊന്നും ചെയ്യരുതെന്നു ഡോക്ടർ പറഞ്ഞിരുന്നെങ്കിലും മടുപ്പ് മാറ്റാനായി ആരുമറിയാതെ കുറച്ചുസമയം സിനിമയ്ക്കായി മാറ്റിവച്ചു. ചികിത്സ തീർന്നതിനൊപ്പം സൗണ്ട് ഡിസൈനിനും ഏകദേശം രൂപമായി. ഒട്ടും ഈഗോ ഇല്ലാതെ, പരസ്പരം സംസാരിച്ചും ചർച്ച ചെയ്തുമാണു ഞാനും അനിലേട്ടനും ശബ്ദവും പശ്ചാത്തല സംഗീതവും ചെയ്തത്. എന്റെ സീനിയറായ പ്രമോദ് തോമസ് ആയിരുന്നു സൗണ്ട് മിക്സിങ്. അണിയറക്കാരെല്ലാം സുഹൃത്തുക്കളായതിനാൽ സിനിമയുടെ ഔട്ട്പുട്ട് നന്നാക്കാൻ എല്ലാവരും ശ്രമിച്ചു. സാങ്കേതികമായി മികച്ചതാകണമെന്നായിരുന്നു പ്രൊഡ്യൂസർ വിഷ്ണുവിന്റെയും നിലപാട്. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4കെ എച്ച്ഡിആറില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണിത്.

∙  മറ്റു ലൊക്കേഷനുകളിൽനിന്ന് വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായിരുന്നോ ഇലവീഴാപൂഞ്ചിറ?

ഇത്രയും ഉയരത്തിലായതിനാൽ ഭാരമേറിയ ക്യാമറ ഉൾപ്പെടെ പരമാവധി ഉപകരണങ്ങൾ ഒഴിവാക്കിയാണു മല കയറിയത്. ക്യാമറമാൻ മനേഷ് മാധവന്റെ ടീമും നന്നായി അധ്വാനിച്ചു. എപ്പോൾ വേണമെങ്കിലും മഴയും മിന്നലും ഉണ്ടാകുന്ന സ്ഥലമാണത്. മഴക്കാറ് കണ്ടാലുടൻ പാക്കപ്പ് ചെയ്യും. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ കെട്ടിടത്തിനുള്ളിൽ കയറി റബർ ഷീറ്റിന്റെ മുകളിൽ കയറി നിൽക്കണം. ദിവസവും പരമാവധി രണ്ടു മണിക്കൂർ മാത്രമാണു ഷൂട്ട്. മഴയത്ത് ചിത്രീകരണം സാധ്യമല്ല. പിന്നീട് സെറ്റിട്ടാണു മഴ രംഗങ്ങൾ ചിത്രീകരിച്ചത്. സിങ്ക് സൗണ്ട് ചെയ്ത സാനു, അലൻ തുടങ്ങിയവരുടെ പങ്കും എടുത്തുപറയണം. വളരെയേറെ കഷ്ടപ്പെട്ടാണ് ഇവർ ശബ്ദലേഖനം ചെയ്തത്. ഇടയ്ക്കിടെ കാലാവസ്ഥ മാറുന്നതിനാൽ ഷൂട്ടിങ്ങിനു വെളിച്ചവും പ്രശ്നമായിരുന്നു. ചിലപ്പോൾ‌ ഒരു സീൻ ചിത്രീകരിക്കാൻ ഒരാഴ്ചയെടുക്കും. അപ്പോൾ അകത്തെയും പുറത്തെയും ഷോട്ടുകൾ മാറിമാറിയെടുത്താണു പ്രശ്നം മറികടന്നത്. 

അജയൻ അടാട്ട്

25 ദിവസം കൊണ്ടു തീരുമെന്നു കരുതിയെങ്കിലും ചിത്രീകരണം തീരാൻ 45–50 ദിവസത്തോളമെടുത്തു. മലയടിവാരത്തിലെ മേലുകാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളിലും ചെറിയ ഹോം സ്റ്റേകളിലുമാണു താമസമൊരുക്കിയത്. ഷാഹിയുടെ കൂടെ വയർലസ് സ്റ്റേഷനിലായിരുന്നു എന്റെ താമസം. പൂഞ്ചിറയുടെ രാത്രിശബ്ദങ്ങളെല്ലാം റിക്കോർഡ് ചെയ്തത് ഈ സമയങ്ങളിലായിരുന്നു. പരിചയക്കാരും സുഹൃത്തുക്കളും ചേരുന്നതിന്റെ രസം സെറ്റിലുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോൾ മുതൽ സൗബിനെ പരിചയമുണ്ട്. അണിയറ പ്രവർത്തകരുടെയെല്ലാം കൂടെ നേരത്തെ സിനിമ ചെയ്തിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ചിത്രം ചെയ്യുമ്പോഴുള്ള സുഖമായിരുന്നു മുഴുവൻ സമയവും.

∙  സിനിമയിലെ സൗണ്ട്സ്കേപ്പിനെപ്പറ്റി പ്രേക്ഷകർ കൂടുതലായി സംസാരിക്കുന്ന കാലമാണിത്. സൗണ്ട് ഡിപ്പാർട്ട്മെന്റിലെ ഘടകങ്ങൾ എന്തൊക്കെയാണ്?

സിനിമയിലെ ഓഡിയോഗ്രഫിക്ക് മൂന്നു വിഭാഗത്തിലാണ് ദേശീയ അവാർഡ് നൽകുന്നത്. സിങ്ക് സൗണ്ട്/ലൊക്കേഷൻ സൗണ്ട് റിക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനർ, റീ–റിക്കോർഡിസ്റ്റ് / ഫൈനൽ മിക്സർ. ഇതെല്ലാം വെവ്വേറെയും ചിലർ ഒറ്റയ്ക്കും ചെയ്യാറുണ്ട്. രണ്ടു രീതിയിലും വർക്ക് ചെയ്യാവുന്നതാണ്. ഷൂട്ട് നടക്കുമ്പോൾ ലൊക്കേഷനിലെ തത്സമയ ശബ്ദങ്ങളും ഡയലോഗുകളുമെല്ലാം രേഖപ്പെടുത്തുന്നതാണ് സിങ്ക് സൗണ്ട് അഥവാ പ്രൊഡക്‌ഷൻ സൗണ്ട് മിക്സിങ്. സിങ്ക് സൗണ്ടും ട്രാക്കുമെല്ലാം കിട്ടുമ്പോൾ അതുവച്ച് സിനിമയുടെ മൊത്തം ശബ്ദവിന്യാസം തയാറാക്കുന്നയാളാണ് സൗണ്ട് ഡിസൈനർ. ലൊക്കേഷൻ സൗണ്ട് കിട്ടിയാൽ അതേപടിയല്ല ഉപയോഗിക്കുക. അതിലൊരുപാട് ഇഫക്ട്സുകളും നൂറുകണക്കിനു ട്രാക്കുകളും ലെയറുകളും യോജിപ്പിക്കും.

സഹപ്രവർത്തകർക്കൊപ്പം അജയൻ അടാട്ട്.

ഉദാഹരണത്തിന് രാത്രിയിലെ രംഗമാണ് സിനിമയിൽ കാണുന്നതെങ്കിൽ, ലൊക്കേഷനിൽനിന്നെടുത്ത ശബ്ദം അതേപടി കേൾപ്പിക്കുകയല്ല ചെയ്യുന്നത്. മുൻപത്തേതുൾപ്പെടെ സമാനരംഗങ്ങളിലെ നിരവധി ലെയർ ശബ്ദങ്ങൾ ചേർക്കുമ്പോഴാണു രാത്രിയുടെ ഫീൽ പ്രേക്ഷകനു കിട്ടുക. സൗണ്ട് ഡിസൈനറാണ് ഡയലോഗ്, ഇഫക്ട്സ് തുടങ്ങിയവയുടെ ഇൻചാർജ്. സൗണ്ട് എഡിറ്റിങ്, ഡയലോഗ് ക്ലീനിങ്, നടത്തവും വസ്ത്രം ഉരയുന്നതും പാത്രം വീഴുന്നതും ഉൾപ്പെടെയുള്ള ശബ്ദങ്ങൾ കൃത്രിമമായി സ്റ്റുഡിയോയിൽ ചെയ്തെടുക്കുന്ന ഫോളി, ആംബിയൻസ് റിക്കോർഡിങ് തുടങ്ങിയ വിഭാഗങ്ങൾ ഡിസൈനർക്കു കീഴിലാണ്. മിക്സിങ് എൻജിനീയറാണു പശ്ചാത്തല സംഗീതവും ഡയലോഗും ഇഫക്ട്സും എല്ലാം സന്തുലനമായി മിശ്രണം‍‍‍‍ ചെയ്യുന്നത്. ഡോൾബി അറ്റ്മോസിലാണോ തിയറ്ററിലേക്കാണോ ഒടിടിക്കാണോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും ഫൈനൽ മിക്സിങ്. സൗണ്ട് ഡിസൈനിങ്ങിന് എനിക്ക് അവാർഡ് കിട്ടിയെന്നു പറയുമ്പോൾ, അത് സിങ്ക് സൗണ്ടിനും മിക്സിങ്ങിനും ഉൾപ്പെടെ കിട്ടിയ പുരസ്കാരമാണ്.

∙ അഭിനയം, സംവിധാനം തുടങ്ങിയ ആകർഷണീയ മേഖലകളെ വിട്ട് സിനിമാ ശബ്ദത്തിന്റെ ലോകത്തേക്ക് വരാനുണ്ടായ കാരണമെന്താണ്?

സ്കൂൾകാലം തൊട്ടേ നാടകങ്ങളിൽ അഭിനയിക്കുന്നതിനാൽ ഞാൻ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുമെന്നാണ് പലരും കരുതിയത്. അതൊരു ആഗ്രഹമായിരുന്നെങ്കിലും അതിനേക്കാൾ തീവ്രമായിരുന്നു പുണെ എഫ്ടിഐഐയിൽ പഠിക്കുകയെന്നത്. നാടകഗുരുവായ തൃശൂര്‍ രംഗചേതനയിലെ കെ.വി.ഗണേഷ് ആണു കുട്ടിക്കാലത്തേ ഇങ്ങനെയൊരു മോഹത്തിന്റെ വിത്തിട്ടത്. കുട്ടുമണിപ്പൂക്കൾ എന്ന കുട്ടികളുടെ സിനിമയിൽ അന്നു ഞാനും കൂട്ടുകാരും അഭിനയിച്ചിരുന്നു. അതിന്റെ ഡബ്ബിങ്ങിനായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ശബ്ദലേഖകനായ ടി.കൃഷ്ണനുണ്ണി സാറായിരുന്നു ചിത്രാഞ്ജലിയുടെ മേധാവി.

ഞങ്ങളുടെ സിനിമയുടെ ജോലി കഴിഞ്ഞപ്പോൾ എന്നോട് അവിടെ ചൈൽഡ് ‍ഡബ്ബിങ് ആർട്ടിസ്റ്റായി ചേരാൻ അദ്ദേഹം പറഞ്ഞു. സാറിന്റെ റിക്കോർഡിങ് മുറി കാണിച്ചുതരാമോ എന്നായിരുന്നു എന്റെ മറുപടി. വലിയ ഉപകരണങ്ങളുടെ നടുക്ക് രാജാവിനെപ്പോലെ കൃഷ്ണനുണ്ണി സാർ ഇരിക്കുന്നതു കണ്ടപ്പോൾ കൗതുകമായി. സാറിന്റെ അതേ ജോലിയാണ് എനിക്കിഷ്ടമെന്നു പറഞ്ഞു. ‍ഫിസിക്സ് പഠിക്കാനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനും അദ്ദേഹം നിർദേശിച്ചു. പ്ലസ്ടു കഴിഞ്ഞ് തൃശൂർ ശ്രീ കേരളവർമ കോളജിൽ ഫിസിക്സ് ബിരുദത്തിനു ചേർന്നത് ഈ കാരണം കൊണ്ടായിരുന്നു. കോളജിലെ അവസാനവർഷംതന്നെ എഫ്ടിഐഐയിലേക്കുള്ള എൻട്രൻസ് എഴുതി. ആ വർഷം, 2008ൽ, കേരളത്തിൽനിന്നു പ്രവേശനം കിട്ടിയ ഏകയാൾ ഞാനായിരുന്നു. ശ്രീരാം രാജ, സനൽ ജോർജ് എന്നീ മലയാളികളും എന്റെ ബാച്ചിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും കേരളത്തിലായിരുന്നില്ല എൻട്രൻസ് എഴുതിയത്.

ഏതുതരം സിനിമയായാലും ആലോചനയിലോ അധ്വാനത്തിലോ ഏറ്റക്കുറച്ചിലില്ലാതെ, പ്രഫഷണലായാണു ​ഞാൻ സമീപിക്കുക. എന്നാൽ, കോർപറേറ്റുകൾ സിനിമയെ കയ്യടിത്തുടങ്ങിയത് ആശങ്കയോടെ കാണണം.

ഫിലിം ഫെസ്റ്റിവലുകളിലൂടെയാണ് സിനിമയുടെ വിശാലലോകത്തെ ഇഷ്ടപ്പെട്ടത്. സാങ്കേതികമായി അറിയില്ലെങ്കിലും സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ സിനിമയിലെ സൗണ്ട് ശ്രദ്ധിച്ചിരുന്നു. കാണുക മാത്രമല്ല കേൾക്കാനും കൂടിയുള്ളതാണ് സിനിമയെന്നു തോന്നി. നമ്മുടെ നാട്ടിലെ സിനിമ വിദേശങ്ങളിലെപ്പോലെ അല്ലല്ലോ എന്നൊക്കെ ചിന്തിക്കുമായിരുന്നു. അന്നത്തെ ചലച്ചിത്രോത്സവങ്ങളിൽ മനസ്സിലേക്കു കയറിയ ചിത്രങ്ങളിലെ ഓർമകളാണ് ജോലിക്കു പ്രചോദനമാകുന്നത്. സ്കൂളിൽ കാണിച്ച സത്യജിത് റേയുടെ പഥേർ പഞ്ചാലിയും അതിന്റെ സൗണ്ട് ട്രാക്കും ഇന്നും തെളിമയോടെ മനസ്സിലുണ്ട്. ചില ക്ലാസിക് സിനിമകൾ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും പൂർണമായി മനസ്സിലായിരുന്നില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് സിനിമകൾ എങ്ങനെയാണു കണ്ടുംകേട്ടുമറിയേണ്ടത് എന്നതിനെപ്പറ്റി പുതിയ ഉൾക്കാഴ്‍ച ലഭിച്ചത്.

∙ ആദ്യമായി ജോലി ചെയ്ത സിനിമയേതാണ്?

എഫ്ടിഐഐയിൽ പഠിക്കുമ്പോൾത്തന്നെ ഞാൻ സിനിമയിൽ വർക്ക് തുടങ്ങിയിരുന്നു. രണ്ടാം വർഷം പഠനം ആരംഭിച്ചപ്പോൾ, ഫഹദ് ഫാസിൽ നായകനായ ‘അകം’ എന്ന മലയാള സിനിമയിൽ രാധാകൃഷ്ണന്റെ അസിസ്റ്റന്റ് സിങ്ക് സൗണ്ട് റിക്കോർഡിസ്റ്റായാണു തുടക്കം. ബൂം ഓപ്പറേറ്റർ, അസിസ്റ്റന്റ് റിക്കോർഡിസ്റ്റ്, എഡിറ്റർ, മിക്സർ, ഡിസൈനർ തുടങ്ങി സൗണ്ടിന്റെ എല്ലാ മേഖലകളിലും കൈവച്ചിട്ടുണ്ട്. രാജീവ് രവിയുടെ അന്നയും റസൂലിലും അഡിഷനൽ സിങ്ക് സൗണ്ട് റിക്കോർഡിസ്റ്റായി. പ്രവീൺ എം.സുകുമാരന്റെ ച്യൂയിങ്ഗം (2013) ആണ് സ്വതന്ത്രമായി വർക്ക് ചെയ്തതും ആദ്യമായി സൗണ്ട് ഡിസൈനർ ടൈറ്റിലിൽ എന്റെ പേര് വന്നതും. എന്റെ ആദ്യ വലിയ സിനിമ ആഷിഖ് അബുവിന്റെ വൈറസ് ആണ്. വൈറസിന്റെ സിങ്ക് സൗണ്ടും ഡിസൈനിങ്ങും ചെയ്തു.

അജയൻ അടാട്ട്

ഹിന്ദിയിലും തമിഴിലും ജോലി ചെയ്തിരുന്നു. പാ രഞ്ജിത്തിന്റെ വിക്രം ചിത്രം തങ്കളാനിൽ സിങ്ക് സൗണ്ട് റിക്കോർഡിസ്റ്റാണ്. രഞ്ജിത് എം.തിവാരിയുടെ അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടം, ഡോ.ബിജുവിന്റെ അദൃശ്യ ജാലകങ്ങൾ, അഞ്ജലി മേനോന്റെ കൂടെ, വണ്ടർ വിമൻ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, എബ്രിഡ് ഷൈനിന്റെ പൂമരം, ഗീതു മോഹൻദാസിന്റെ നിവിൻ പോളി ചിത്രം മൂത്തോൻ, കെ.എം.കമലിന്റെ പട, ബി.അജിത്കുമാറിന്റെ ഈട, എം.മണികണ്ഠന്റെ വിജയ് സേതുപതി ചിത്രം കടൈസി വ്യവസായി, ഇവാൻ അയിറിന്റെ ഹിന്ദിചിത്രം സോണി തുടങ്ങിയവ ഞാൻ ചെയ്തവയിൽ ശ്രദ്ധിക്കപ്പെട്ട വർക്കുകളാണ്.

∙ താരങ്ങളുടേതായ മാസ് സിനിമ, കലാമൂല്യമുള്ള സിനിമ തുടങ്ങിയ വേർതിരിവ് ശബ്ദങ്ങളുടെ ഒരുക്കത്തിലും വ്യത്യാസമുണ്ടാക്കുന്നുണ്ടോ?

ഒരുപാട് വ്യത്യാസങ്ങളുണ്ട്. രണ്ടും രണ്ടു തരത്തിലാണ് ചെയ്യേണ്ടി വരിക. അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തണം. താരങ്ങളുടെ ആരാധകർ, വണ്ടികളുടെ ബഹളം തുടങ്ങിയവ മാസ് സിനിമയുടെ സിങ്ക് സൗണ്ട് റിക്കോർഡിങ്ങിനു വെല്ലുവിളിയാണ്. ആർട് ഹൗസ് / ഇൻഡിപെൻഡന്റ് സിനിമകൾക്ക് ഇത്തരം പ്രശ്നങ്ങളില്ല. രണ്ടു തരത്തിലുള്ള സിനിമകളും ഇൻഡസ്ട്രിയിലുണ്ട്. യാതൊരു കലാമൂല്യവുമില്ലാത്ത മാസ് സിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടില്ല. സൂപ്പർ താരങ്ങളുടെ ഉൾപ്പെടെ കൊമേഴ്സ്യൽ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ശബ്ദത്തിന്റെ സൗന്ദര്യാത്മകത അറിയാവുന്നവരാണ് അതെല്ലാം ഒരുക്കിയത്.

രാജ്യാന്തര നിലവാരത്തിലല്ല ഇപ്പോഴും മലയാള സിനിമയെടുക്കുന്നത്. ഹോളിവുഡിൽ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിക്കാൻ ചെലവാക്കുന്നതിനു തുല്യമായ പണം കൊണ്ടാണ് ഇവിടെ ചിത്രമെടുക്കുക.

ഏതുതരം സിനിമയായാലും ആലോചനയിലോ അധ്വാനത്തിലോ ഏറ്റക്കുറച്ചിലില്ലാതെ, പ്രഫഷണലായാണു ​ഞാൻ സമീപിക്കുക. എന്നാൽ, കോർപറേറ്റുകൾ സിനിമയെ കയ്യടിത്തുടങ്ങിയത് ആശങ്കയോടെ കാണണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതിന് അനുസരിച്ചുള്ള ചിത്രങ്ങൾ മാത്രമെ നിർമിക്കേണ്ടതുള്ളൂ എന്ന രീതിയിലേക്ക് ഇൻഡസ്ട്രി പോകുന്നുണ്ട്. ആളുകളുടെ കാഴ്ചാശൈലി വിശകലനം ചെയ്ത്, അവർക്കു രസിക്കുന്ന സിനിമകൾ വീണ്ടുംവീണ്ടും നിർമിക്കേണ്ടി വരും. പൊതുവേ രാഷ്ട്രീയ ജാഗ്രതയുള്ള സമൂഹമായതിനാൽ മലയാള സിനിമയിൽ ഇതിനെതിരായ പ്രതിരോധങ്ങൾ കാണാനുണ്ട്. ജനങ്ങളുമായി ബന്ധമുള്ള സിനിമ കൂടുതലായി ഇവിടെ ഇറങ്ങുന്നുമുണ്ട്.

അജയൻ അടാട്ട് സഹപ്രവർത്തകർക്കൊപ്പം.

∙ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം സിനിമയിൽ കരമന ജനാർദനൻ നായർ ചോറ് കഴിക്കുന്നതിനിടെ കല്ല് കടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം കേൾക്കാം. തറവാട്ടിലെ കാരണവർ ചോറുണ്ണുമ്പോൾ നാം കേൾക്കുന്ന കല്ലുകടിയൊച്ച വലിയ കഥ പറച്ചിലിനു പകരമാണ്. കാലങ്ങൾക്കിപ്പുറം ലോകസിനിമയുടെ ഒപ്പമാണോ നമ്മുടെ സിനിമാസഞ്ചാരം?

ഗ്രാമങ്ങൾതോറും ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള പ്രദർശനങ്ങളിലൂടെ ലോകസിനിമയോടൊപ്പം സഞ്ചരിച്ച പാരമ്പര്യമാണു നമ്മുടേത്. സ്വയംവരവും അമ്മ അറിയാനും പോലുള്ള സിനിമകളുണ്ടാക്കിയ നാടാണ്. ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും രാജ്യാന്തര നിലവാരത്തിലല്ല ഇപ്പോഴും മലയാള സിനിമയെടുക്കുന്നത്. ഹോളിവുഡിൽ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിക്കാൻ ചെലവാക്കുന്നതിനു തുല്യമായ പണം കൊണ്ടാണ് ഇവിടെ ചിത്രമെടുക്കുക. നമ്മുടെ ബഡ്ജറ്റും പ്രേക്ഷകരുടെ എണ്ണവും തിയറ്ററുകളും കുറവാണ് എന്നതാണു കാരണം. കാശുണ്ടാക്കാൻ വേണ്ടിമാത്രം നമ്മുടേതല്ലാത്ത പശ്ചാത്തലത്തിൽ സിനിമയെടുക്കുന്നതിനോട് വ്യക്തിപരമായി താൽപര്യമില്ല. പ്രേക്ഷകർ അഥവാ വിപണി മികച്ച സാങ്കേതികത ആവശ്യപ്പെടുമ്പോൾ നൽകാൻ ഇൻഡസ്ട്രി നിർബന്ധിതമാകും. ചെറിയ വിപണിയാണ് നമ്മുടേത് എന്നു പറഞ്ഞ് സാങ്കേതികമായി മോശം സിനിമയെടുത്താൽ ഇനി സ്വീകരിക്കപ്പെടില്ല.

∙ റസൂൽ പൂക്കുട്ടിക്ക് ഓസ്കർ അവാർഡ് കിട്ടിയപ്പോഴാണ് കേരളത്തിലടക്കം ശബ്ദസംവിധാനത്തെപ്പറ്റി ജനം കൂടുതലറിഞ്ഞത്. അദ്ദേഹത്തിന്റെ സ്വാധീനത്തെ എങ്ങനെ കാണുന്നു?

സിവിൽ എൻജിനീയറിങ്ങിന് കിട്ടാത്തതുകൊണ്ടാണോ സൗണ്ട് എൻജിനീയറിങ് പഠിച്ചത്, നിന്റെ ശബ്ദം നല്ലതല്ലാതിരുന്നിട്ടും എങ്ങനെ സൗണ്ട് എൻജിനീയറായി തുടങ്ങിയ സംശയങ്ങൾ ബന്ധുക്കളടക്കം ചോദിക്കുമായിരുന്നു. റസൂൽ സാറിന് ഓസ്കർ ലഭിച്ചതോടെ നമ്മുടെ ജോലി എന്താണെന്നു പറഞ്ഞു മനസ്സിലാക്കൽ എളുപ്പമായി. സ്വകാര്യ മേഖലയിലടക്കം സൗണ്ട് കോഴ്സുകളുടെ തരംഗമുണ്ടായത് ഈ ഓസ്കാറോടെയാണ്. ഇന്ത്യയിൽ സൗണ്ട് ആർട്ടിസ്റ്റിന് കഷ്ടപ്പെട്ടു മേൽവിലാസമുണ്ടാക്കിയതും റസൂലാണ്.

അജയൻ അടാട്ട്, ഭാര്യ പാർവതി, മകൾ മേയ് സിതാര

∙ വളരെയധികം പണിയെടുത്ത് തയാറാക്കുന്ന സൗണ്ട് ട്രാക്കുകൾ അതേ മേന്മയോടെയാണോ തിയറ്ററുകളിൽ കേൾപ്പിക്കുന്നത്? ഇലവീഴാപൂഞ്ചിറ ഉൾപ്പെടെ പല സിനിമകളിലെയും ഡയലോഗുകൾ വ്യക്തമല്ലായിരുന്നെന്നും പരാതി വന്നിരുന്നല്ലോ?

നമ്മുടെ നാട്ടിലെ തിയറ്ററുകളിലെ ശബ്ദസംവിധാനങ്ങൾ മിക്കയിടത്തും പരിതാപകരമാണ്. അറ്റ്മോസ് ഇല്ലാത്ത തിയറ്ററുകളാണു കൂടുതൽ. പലയിടത്തും കാലിബറേഷൻ ചെയ്യാറില്ല. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളും തിയറ്ററുകളിൽ പാലിക്കപ്പെടുന്നില്ല. വേണ്ടതിനേക്കാൾ കൂടിയ അളവിലാണു പല സിനിമകളും, പ്രത്യേകിച്ചു തമിഴും തെലുങ്കും, മിക്സ് ചെയ്യുന്നതെന്നും ആ ശബ്ദത്തിൽ കേൾപ്പിച്ചാൽ സ്പീക്കർ കേടായിപ്പോകുമെന്നാണ് തിയറ്ററുകാരുടെ വാദം. നേരത്തേ, തിയറ്ററുകളിൽ ഡോൾബിയോ ഡിടിഎസോ ആയിരുന്നു. അവർ കൃത്യമായി പരിശോധിക്കാറുമുണ്ട്. ഇപ്പോൾ ഡിജിറ്റൽ സംവിധാനമായതിനാൽ ഡോൾബിയോ ഡിടിഎസോ ഇല്ലാതെയും സിനിമ പ്രദർശിപ്പിക്കാം. ഇവയെല്ലാം ശബ്ദമികവിനെ ദോഷകരമായി ബാധിക്കും.

സിങ്ക് സൗണ്ട് ആയതിനാൽ ഡയലോഗ് കേട്ടില്ലെന്ന പരാതിക്ക് അടിസ്ഥാനമില്ല. ഇലവീഴാപൂഞ്ചിറയിൽ രണ്ടിടത്ത് ഡയലോഗ് വ്യക്തമായില്ലെന്നാണു കേരളത്തിലുയർന്ന പരാതി. ആ രണ്ടു ഭാഗത്തും സിങ്ക് സൗണ്ടല്ല, ഡബ്ബ് ചെയ്തതാണ് ഉപയോഗിച്ചത്. പല കാര്യങ്ങളും അത്ര വ്യക്തതയോടെ പറയേണ്ടെന്ന് അഭിനേതാക്കൾ ആലോചിച്ചുറപ്പിച്ചു ചെയ്യുന്നതാണ്. റിയലിസ്റ്റിക്കായി തോന്നാൻ അഭിനേതാക്കൾ പറയുന്ന രീതികൊണ്ടും ചിലപ്പോൾ വ്യക്തതക്കുറവ് വരാം. ശബ്ദരേഖ പോലെ ജനം ഡയലോഗുകൾ കേട്ട് മനസ്സിലാക്കേണ്ടതില്ലെന്ന് സംവിധായകൻ ഉൾപ്പെടെയുള്ളവർ ആലോചിച്ചുണ്ടാകാം. എന്നാൽ, കഥ മനസ്സിലാകാത്ത തരത്തിൽ വ്യക്തതയില്ലായ്മ വരാനും പാടില്ല. ഈ സിനിമയിൽ സാങ്കേതികപ്രശ്നം കൊണ്ടല്ല അങ്ങനെ സംഭവിച്ചത്. മുംബൈയിലെ തിയറ്ററിൽ കണ്ടപ്പോൾ ഈ വ്യക്തതക്കുറവ് അനുഭവപ്പെട്ടില്ല.

∙ വിദ്യാർഥിയായിരിക്കെ നാടകങ്ങളിൽ സജീവമായിരുന്നല്ലോ. ഇപ്പോൾ സിനിമയിലും ചെറുവേഷങ്ങളിൽ കാണാം. നടനാകാനാണോ ഇഷ്ടം?

നാടകത്തിലും സിനിമയിലും ഞാൻ മികച്ച നടനാണെന്നു തോന്നിയിട്ടില്ല. അഭിനയം ഇഷ്ടമാണ്, ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ പേടിയുമില്ല. രണ്ടാം ക്ലാസ് തൊട്ട് നാടകത്തിൽ അഭിനയിച്ചിരുന്നു. സിനിമാഭിനയം പ്രഫഷനായി എടുത്തിട്ടില്ല. സുഹൃത്തുക്കളുടെ സിനിമകളായതിനാൽ ചെറിയ റോളുകളിൽ വരുന്നെന്നു മാത്രം. വൈറസിലെയും ഇലവീഴാപൂഞ്ചിറയിലെയും വേഷങ്ങൾ വൈറലായി. അവ ട്രോളുകളിലും നിറഞ്ഞപ്പോൾ സന്തോഷം തോന്നി.

സഹപ്രവർത്തകരോടൊപ്പം അജയൻ അടാട്ട്.

∙ കഥ കേൾക്കുമ്പോൾ അതിന്റെ രംഗങ്ങളാണു നമ്മൾ ആലോചിക്കുക. ശബ്ദ കലാകാരൻ എന്ന നിലയിൽ, സിനിമയുടെ ചർച്ചയിൽ ദൃശ്യമായാണോ ശബ്ദമായാണോ കഥയെ ഉൾക്കൊള്ളുക?

സ്ക്രിപ്റ്റ് വായനയുടെ ഘട്ടത്തിൽ രണ്ടു തരത്തിലും സിനിമയെ മനസ്സിലാക്കാൻ ശ്രമിക്കും. നമ്മൾ ശീലിച്ച രീതികൾ വച്ചാകും കഥയെപ്പറ്റി ആലോചിക്കുക. എല്ലാ ഘടകങ്ങളും ഒത്തുചേർന്നു സിനിമ പുറത്തിറങ്ങുമ്പോഴുള്ള രൂപം തികച്ചും വ്യത്യസ്തമായിരിക്കും. തിരക്കഥ വായിക്കുമ്പോഴുണ്ടാകുന്ന ദൃശ്യശ്രവ്യ ഭാഷയാകും അടിസ്ഥാനമെങ്കിലും വലിയ മാറ്റങ്ങൾ ഇതിനിടെ സംഭവിച്ചിരിക്കും.

ശബ്‌ദം എങ്ങനെയാണ് മനുഷ്യരെ വൈകാരികമായി ബാധിക്കുന്നതെന്ന ശാസ്ത്രീയ പഠനങ്ങളും പരിചയപാഠങ്ങളും ഉപയോഗിച്ചാണ് സൗണ്ട്സ്കേപ് തയാറാക്കുന്നത്. ആൾക്കൂട്ടത്തിൽ നിൽക്കുന്നൊരാൾ പലതരം ശബ്ദത്തിനിടയിലായിരിക്കും. ഞെട്ടിക്കുന്നൊരു വിവരം അറിയുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന അയാളുടെ തലച്ചോർ ഈ ശബ്ദ കോലാഹങ്ങളെയെല്ലാം ഒഴിവാക്കും. ഈ രണ്ടു സമയങ്ങളിലും അയാളിലെ ശബ്ദപരിഗണനകൾ മാറും. ഇങ്ങനെ വിവിധ വൈകാരിക അവസരങ്ങളിൽ നാം കേൾക്കുന്നതും ഒഴിവാക്കുന്നതും മുൻഗണന കൊടുക്കുന്നതുമായ ശബ്ദങ്ങളെ വിലയിരുത്തിയാണു സിനിമയിലെ ശബ്ദവിന്യാസം രൂപപ്പെടുത്തുന്നത്.‌

∙ ബോളിവുഡിന്റെ പ്രലോഭനം ഒഴിവാക്കി മലയാളത്തിലേക്കു വന്നതെങ്ങനെയാണ്?

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണു കലക്ടീവ് ഫേസ് വൺ. രാജീവ് രവി, മധു നീലകണ്ഠൻ, ബി.അജിത് കുമാർ, കെ.എം.കമൽ, റസൂൽ പൂക്കുട്ടി തുടങ്ങിയവരാണ് ഇതിനു മുൻകയ്യെടുത്തത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകാർ അല്ലാത്തവരും ഭാഗമാണ്. സിനിമ നിർമിക്കാൻ വേണ്ടിയായിരുന്നില്ല, ആശയങ്ങളുടെ പൊതുഇടം എന്നതായിരുന്നു ലക്ഷ്യം. സിനിമയിലും ജീവിതത്തിലും സമാനമായ അഭിപ്രായമുള്ള, വ്യക്തമായ രാഷ്ട്രീയമുള്ള സുഹൃത്തുക്കളുടെ കൂട്ടമാണെന്നതാണു പ്രത്യേകത. കെ.എം.കമലിന്റെ ഐഡി എന്ന സിനിമയാണ് കലക്ടീവ് ഫേസ് വൺ ആദ്യമായി നിർമിച്ചത്. മുംബൈയിൽ തുടരാതെ, കേരളത്തിൽ വരാനും മലയാള സിനിമകൾ ചെയ്യാനും കാരണം കലക്ടീവാണ്. രാജീവേട്ടൻ ഉള്ളതുകൊണ്ടാണ് ഞാനും ഇവിടെയെത്തിയത്. പതിയെ മറ്റു സിനിമകളുടെ ഭാഗമാവുകയും കൊച്ചിയിൽ താമസമാക്കുകയുമായിരുന്നു. ഹിന്ദിയിൽ ജോലി ചെയ്യാൻ ഇഷ്ടമാണ്, ചെയ്തിട്ടുമുണ്ട്. ഇവിടുത്തെ തിരക്കുകൾ കാരണം പോകാൻ പറ്റാത്തതാണ്. ഇത്രയും സിനിമകൾ ചെയ്യുമെന്നു കരുതിയതല്ല. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ ഭാഗ്യമുണ്ടായി. മാതൃഭാഷയാണ് എന്നതാണ് മലയാളത്തിൽ ജോലി ചെയ്യുമ്പോഴുള്ള അധികഗുണം. നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണല്ലോ ശബ്ദവും. ഏതു ഭാഷയിലും ജോലി ചെയ്യുന്നതിനു പ്രയാസമില്ല.

അജയൻ അടാട്ട് സിനിമാ ചിത്രീകരണത്തിനിടെ.

∙ അജയന്റെ സിനിമാസ്വപ്നങ്ങളെ കുടുംബം എങ്ങനെയാണു സമീപിച്ചത്?

റെയിൽവേ മെയിൽ സർവീസിൽനിന്നു വിരമിച്ച അച്ഛൻ കെ.അരവിന്ദാക്ഷൻ, അമ്മ ടി.പത്മാവതി, കാലടി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന ഭാര്യ പാർവതി, ഒന്നാം ക്ലാസ് വിദ്യാർഥിയായ മകൾ മേയ് സിതാര എന്നിവരുൾപ്പെട്ടതാണു കുടുംബം. കലാകുടുംബമൊന്നും ആയിരുന്നില്ലെങ്കിലും കലയോട് എതിർപ്പില്ലാത്ത, നമുക്ക് പൂർണ സ്വാതന്ത്ര്യമുള്ള വീടാണ്. നാടകത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നതിനെ തടഞ്ഞില്ല. അച്ഛന്റെ സുഹ‍ൃത്തായ രാജു തോമസാണ് എന്നെ നാടകത്തിലേക്കു കൊണ്ടുവന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതുവരെ നാടകം ചെയ്യാത്ത ദിവസങ്ങൾ കുറവായിരുന്നു. 

ഇഷ്ട വഴിയിലൂടെ നടക്കാൻ കുട്ടിക്കാലത്തേതു പോലെ ഇപ്പോഴും സാധിക്കുന്നു. വിവാഹശേഷവും ആ പിന്തുണയുണ്ട്. രാത്രിയെന്നോ പകലെന്നോ നിശ്ചയമില്ലാത്ത ജോലിയാണിത്. ബന്ധുക്കളുടെ കല്യാണത്തിനോ പിറന്നാളിനോ ആശുപത്രി കാര്യത്തിനോ പോലും എത്താൻ പറ്റിയില്ലെന്നു വരാം. ഷൂട്ടിലായതിനാൽ ഫോൺവിളി വന്നാലും എടുക്കാനാകില്ല. ഇതെല്ലാം മോളുൾപ്പെടെ വീട്ടുകാരും കൂട്ടുകാരും മനസ്സിലാക്കുന്നതിനാൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനാകുന്നുണ്ട്.

English Summary: Interview with Sound Designer Ajayan Adat, the Kerala State Film Award Winner