വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. അവിടെയെത്തിയാൽ സന്തോഷത്തോടെ ജീവിക്കാമെന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം. സത്യമാണ്, സന്തോഷമേറെയുണ്ട്. പക്ഷേ പഠനത്തിനോ തൊഴിൽ തേടിയോ ഫിൻലൻഡിലേക്കു പറക്കും മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 3 മാസം സൂര്യപ്രകാശമേൽക്കാത്ത സ്ഥലം പോലുമുണ്ട് അവിടെ. ഫിൻലൻഡിലെ ഭക്ഷണം, ജീവിതച്ചെലവ്, ജോലി, കാലാവസ്ഥ, ആരോഗ്യം, പഠനം, ഭാഷ തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി എഴുതുകയാണ് ലേഖിക, ഒപ്പം അവിടെ പഠിക്കുന്ന, ജീവിക്കുന്ന മലയാളികളുടെ അനുഭവങ്ങളും...

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. അവിടെയെത്തിയാൽ സന്തോഷത്തോടെ ജീവിക്കാമെന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം. സത്യമാണ്, സന്തോഷമേറെയുണ്ട്. പക്ഷേ പഠനത്തിനോ തൊഴിൽ തേടിയോ ഫിൻലൻഡിലേക്കു പറക്കും മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 3 മാസം സൂര്യപ്രകാശമേൽക്കാത്ത സ്ഥലം പോലുമുണ്ട് അവിടെ. ഫിൻലൻഡിലെ ഭക്ഷണം, ജീവിതച്ചെലവ്, ജോലി, കാലാവസ്ഥ, ആരോഗ്യം, പഠനം, ഭാഷ തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി എഴുതുകയാണ് ലേഖിക, ഒപ്പം അവിടെ പഠിക്കുന്ന, ജീവിക്കുന്ന മലയാളികളുടെ അനുഭവങ്ങളും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. അവിടെയെത്തിയാൽ സന്തോഷത്തോടെ ജീവിക്കാമെന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം. സത്യമാണ്, സന്തോഷമേറെയുണ്ട്. പക്ഷേ പഠനത്തിനോ തൊഴിൽ തേടിയോ ഫിൻലൻഡിലേക്കു പറക്കും മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 3 മാസം സൂര്യപ്രകാശമേൽക്കാത്ത സ്ഥലം പോലുമുണ്ട് അവിടെ. ഫിൻലൻഡിലെ ഭക്ഷണം, ജീവിതച്ചെലവ്, ജോലി, കാലാവസ്ഥ, ആരോഗ്യം, പഠനം, ഭാഷ തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി എഴുതുകയാണ് ലേഖിക, ഒപ്പം അവിടെ പഠിക്കുന്ന, ജീവിക്കുന്ന മലയാളികളുടെ അനുഭവങ്ങളും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്കരപ്പച്ച തേടിയുള്ള യാത്രയിലാണ് നാമെല്ലാം. മറുകരയിൽ ജീവിതം കൂടുതൽ  സുന്ദരമെന്നാണ് എക്കാലത്തെയും  മനുഷ്യന്റെ വ്യാമോഹം. മനുഷ്യന്റെ ചരിത്രം കുടിയേറ്റക്കഥകളുമായി എന്നും ബന്ധപ്പെട്ടു കിടക്കുന്നു. ഗൾഫ് തീരങ്ങളിൽ പത്തേമാരികളിൽ എത്തിപ്പെട്ട മലയാളികളുടെ കഥകളും നമുക്കറിയാം . എന്നാൽ ‘സ്വർഗം’ തേടിയുള്ള യാത്രകൾ പലപ്പോഴും പുതിയ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്. സന്തോഷരാജ്യങ്ങളിലെ ആനന്ദം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുകൊണ്ട് എത്തിപ്പെടുവാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. 

 

ADVERTISEMENT

ഇവിടങ്ങളിലെ തൊഴിൽ, പഠന അവസരങ്ങളുടെ ആകർഷകമായ പരസ്യങ്ങളുമായുള്ള സമൂഹ മാധ്യമ പോസ്റ്റുകളും വ്ലോഗുകളും വെബ്സൈറ്റുകളും പിന്നിലല്ല. ഫിൻലൻഡ്തന്നെ വലിയ ഉദാഹരണം. ഫിന്നിഷ് ഭാഷാ  പരിജ്ഞാനമില്ലാതെ മാസങ്ങൾക്കുള്ളിൽ കുടുംബത്തോടൊപ്പം പറക്കാമെന്നുള്ള തെറ്റായ പരസ്യങ്ങളിൽ ആകൃഷ്ടരായി ചതിക്കുഴികളിൽ പെടുന്നവരുമുണ്ട്. മറ്റു രാജ്യങ്ങൾക്കു കണ്ടു പഠിക്കുവാൻ ഇവിടുത്തെ പല നല്ല മാതൃകകകളും പലപ്പോഴായി ലേഖനങ്ങളാക്കിയിട്ടുണ്ട്. എന്നാൽ ‘സന്തോഷ രാജ്യ’ത്തിന്റെ ടാഗ്‌ലൈനിൽ ഇവിടങ്ങളിൽ ആദ്യമായി എത്തിപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട മുഖ്യമായ വിഷയങ്ങളാണ് പരാമർശിക്കുന്നത്. എന്റെ വർഷങ്ങളായുള്ള ഫിൻലൻഡ് ജീവിതത്തിൽനിന്ന്  അടുത്തറിഞ്ഞ ചില നിരീക്ഷണങ്ങൾ...

 

∙ ജീവിതശൈലി മാറും, വെല്ലുവിളികളേറെ

 

ADVERTISEMENT

കാലാവസ്ഥയും സംസ്കാരവും  ജീവിത രീതികളും മലയാളിയുടെ കാഴ്ചപ്പാടിൽനിന്ന് തികച്ചും വ്യത്യസ്തമാണ് നോർഡിക് രാജ്യങ്ങളിലേത്. പുതിയ രാജ്യത്തിന്റെ പ്രതീക്ഷകളും  കൗതുകങ്ങളുമായി എത്തിപ്പെടുന്നവർക്കു, തങ്ങൾക്കു പരിചിതമല്ലാത്ത പല സാഹചര്യങ്ങളിലും വെല്ലുവിളികൾ  നേരിടേണ്ടതുണ്ട്. പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെടാനാവാതെ നിരാശരായി മടങ്ങിയവരുമുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ എന്തു ചെയ്യണം? ഫിൻലന്‍ഡിലെ കാര്യങ്ങൾ അടുത്തറിയുകയെന്നതാണ് ഒരേയൊരു പോംവഴി. അതിലേക്കുള്ള ഒരു ചൂണ്ടുപലകയായും ഇനി വായിക്കുന്ന കാര്യങ്ങളെ കാണാം...

 

∙ സ്വന്തം അധ്വാനത്തിൽ ജീവിക്കാനുള്ള മനസ്സ് അനിവാര്യം /ഏതു തൊഴിലും എടുക്കാൻ ശീലിക്കണം

 

ADVERTISEMENT

സർവകലാശാലകളിൽ പഠിക്കാൻ വരുന്ന യുവജനങ്ങൾ ദൈനംദിന ജീവിത ചെലവുകൾക്ക് പലപ്പോഴും (പാർട്ട് ടൈം) തൊഴിലുകളിൽ ഏർപ്പെടാറുണ്ട്. ഹോട്ടലുകളിൽ പണിയെടുക്കുക, വീടുകളിൽ പോയി കൊച്ചുകുട്ടികളെ  പരിരക്ഷിക്കുക, ശുചീകരണ പണികളിൽ ഏർപ്പെടുക ഇവയൊക്കെ സ്വാഭാവികമാണ്. ഇത് വിദേശ രാജ്യങ്ങളിൽ യുവജനങ്ങൾ സ്വാഭാവികമായും ഏർപ്പെടുന്ന തൊഴിലുകളാണ്. നാട്ടിലുള്ള മാതാപിതാക്കൾ അതൊരു  അഭിമാനപ്രശ്നമായി  കണ്ടു നിരാശരാകുന്ന കാഴ്ചകൾ കാണാറുണ്ട്. ‘പണിയെടുത്തു ജീവിക്കുക’ എന്നതാണ് ഇവിടുത്തെ സമ്പ്രദായം. ഏതു തൊഴിൽ എടുക്കുന്നു എന്നതിലല്ല എന്ത് തൊഴിലും എടുത്ത് അവനവന്റെ തണലിൽ ജീവിക്കുക എന്നതിനാണ് പ്രാമുഖ്യം

 

∙ വീട്ടുപണി ചെയ്യാം സ്വന്തമായി

 

വീട്ടുവേലകളെല്ലാം സ്വന്തമായി ചെയ്യാൻ സജ്ജരാകണം. ആഹാരം പാകം ചെയ്യുന്നതും വീട് വൃത്തിയാക്കുന്നതും  വസ്ത്രങ്ങൾ കഴുകുന്നതും കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതുമെല്ലാം സ്വന്തമായി ചെയ്യണം. വീട്ടുജോലികൾക്കു സഹായിയെ  പ്രതീക്ഷിക്കേണ്ടതില്ല. മനുഷ്യാധ്വാനത്തിനു വലിയ വേതനം കൊടുക്കേണ്ട രാജ്യങ്ങളാണിത്. അതിനാൽ അതിസമ്പന്നർക്കുമാത്രം പ്രാപ്യമായ ഒന്നാണിത്. വീടുകളിലെ അറ്റകുറ്റപ്പണികളും സ്വയം ചെയ്യേണ്ടി വരും.  ചെറിയ ഇലക്ട്രിക് ജോലികൾ, പ്ലംബിങ് പണികളുടെ  അടിസ്ഥാന അറിവും സഹായകമാകും. എന്തിന്, സ്വന്തം വീടു പണിയുന്നതു വരെ സാധാരണയായി ഫിന്നിഷുകാർ  കുടുംബക്കാരും സുഹൃത്തുക്കളുമൊത്താണ്. അധ്വാനിക്കാനുള്ള മനസ്സുമായി വണ്ടി കയറണമെന്നു സാരം.

 

∙ കാലാവസ്ഥ നൽകുന്ന വെല്ലുവിളികൾ

 

കഠിനമായ ശൈത്യത്തിലൂടെയും പോളാർ രാത്രികളിലൂടെയും കടന്നു പോകുന്ന രാജ്യമാണ് ഫിൻലൻഡ്. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മൂന്നു മാസക്കാലം സൂര്യപ്രകാശമേൽക്കാത്ത അവസ്ഥ. ഇരുട്ടിലും തണുപ്പിലും നിരാശരായവർ. പഠിക്കാൻ വരുന്ന യുവജനം പലപ്പോഴും ഒറ്റയ്ക്കുള്ള ജീവിതത്തിൽ വിഷാദരോഗങ്ങളിൽ അകപ്പെടാറുണ്ട്. തീവ്രമായ കാലാവസ്ഥയും ഏകാന്തതയും നിരാശയിലേക്കു നയിക്കുന്നു. സൂര്യപ്രകാശത്തിന്റെ കുറവ് പരിഹരിക്കാൻ വൈറ്റമിൻ ഡി ദിനംപ്രതി കഴിക്കേണ്ടത് അനിവാര്യം. മഞ്ഞിൽ  അശ്രദ്ധമായി നടന്നാൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്. 

 

വേനൽക്കാലത്തു പാതിരാത്രിയിലും ഉണർന്നു നിൽക്കുന്ന സൂര്യനാണെങ്കിൽ ശൈത്യകാലത്തു പകൽ സമയങ്ങളിൽ ഇരുട്ടും പ്രതീക്ഷിക്കണം. ഈ വൈരുധ്യം നിറഞ്ഞ കാലാവസ്ഥകളെ അഭിമുഖീകരിക്കാൻ തയാറാകണം. ശീതകാലം പലപ്പോഴും രോഗങ്ങൾ കൊണ്ടുവരാറുണ്ട്. അന്തരീക്ഷ മലിനീകരണം കുറവാണെങ്കിലും വരണ്ട കാലാവസ്ഥ, ത്വക്ക് സംബന്ധമായ രോഗങ്ങൾ വിളിച്ചുവരത്തുന്നു. കാലഭേദങ്ങളിൽ  പ്രതീക്ഷിക്കാത്ത പല രോഗങ്ങളെയും നേരിടാൻ സജ്ജമാകണം. നാട്ടിൽ സ്വന്തമായി വാഹനം ഓടിച്ചു  പരിചയമുള്ളവരും ഇവിടുത്തെ  ഡ്രൈവിങ് നിയമങ്ങൾ പഠിക്കുന്നതാണ് അഭികാമ്യം. ഇരുട്ടിലും മഞ്ഞിലുമുള്ള പ്രത്യേക പരിശീലനം ഇവിടുത്തെ കാര്യക്ഷമമായ ഡ്രൈവിങ്ങിനു പ്രയോജനപ്പെടും.

 

∙ ഡോക്ടറുണ്ട്, പക്ഷേ...

 

ആരോഗ്യമേഖലകൾ നമ്മുടേതിൽനിന്നു വ്യത്യസ്തമാണ്. സ്വകാര്യ മേഖലയിൽ ആശുപത്രികൾ പടർന്നു പന്തലിച്ചു കിടക്കുന്ന നമ്മുടെ  നാട്ടിൽ ഡോക്ടറുടെ സേവനങ്ങൾ ഇഷ്ടാനുസരണം  തിരഞ്ഞെടുക്കാം. പക്ഷേ പകൽ സമയങ്ങളിൽ മാത്രമാണ് ഫിൻലൻഡിൽ സ്വകാര്യ ക്ലിനിക്കുകൾ മിക്കവാറും പ്രവർത്തിക്കുന്നത്. പൊതു മേഖലയിലെ ആശുപത്രികളാണ് പ്രധാനമായും.

 

മികച്ച ആരോഗ്യസംരക്ഷണ സംവിധാനമുണ്ടെന്ന് അവകാശപ്പെടുമ്പോഴും അനായാസേന സ്പെഷൽ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാവില്ല. അത്യാഹിത സന്ദർഭങ്ങൾ കൂടുതൽ ഗൗരവമായി കൈകാര്യം ചെയ്യുമ്പോൾ, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാധാരണ രോഗങ്ങൾക്ക് ഡോക്ടറുടെ സേവനം നമ്മുടെ ഇംഗിതമനുസരിച്ചു സാധ്യമല്ലതാനും. ചെറിയൊരു ജലദോഷപ്പനിക്കും ആന്റിബയോട്ടിക്കുകൾ കഴിച്ചു ശീലമുള്ള ഇന്ത്യക്കാർ, ഡോക്ടറുടെ കുറിപ്പില്ലാതെ ഫാർമസികളിൽനിന്ന് ഇവ ലഭ്യമാകാതെ വരുമ്പോൾ അസ്വസ്ഥരാകാറുണ്ട് .

∙ അടുപ്പിക്കില്ല, അത്ര എളുപ്പം 

 

സൗഹൃദങ്ങളിലും കുടുംബബന്ധങ്ങളിലും ഒരു ചെറിയ അകലം കൽപിക്കുന്നവരാണ് ഭൂരിഭാഗം ഫിന്നിഷുകാരും. തങ്ങളുടേതായ ഇടങ്ങളിൽ ആനന്ദവും സമാധാനവും  കണ്ടെത്തുന്നവർ. പ്രത്യേകിച്ചും വിദേശികളുമായി ചങ്ങാത്തം കൂടാൻ പൊതുവെ  താൽപര്യപ്പെടാത്തവർ. മറ്റു ദേശക്കാരെ വിശ്വാസത്തിൽ  എടുക്കാൻ തങ്ങൾക്കു കൂടുതൽ സമയം വേണ്ടിവരാറുണ്ടെന്നാണ് ഇവരുടെ പൊതുവായ അഭിപ്രായം. സർവകലാശാലകളിലും തൊഴിലിടങ്ങളിലും അയൽപക്കസൗഹൃദങ്ങളിലുമെല്ലാം ഇതിന്റെ പ്രതിഫലനങ്ങൾ വീക്ഷിക്കാം. വർഷങ്ങളെടുത്ത് ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കാം. ഒരിക്കൽ നേടിയെടുത്ത  വിശ്വാസം  സ്ഥായിയാണ്. അതുപോലെ അനാവശ്യമായി അന്യരിൽ അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാത്തവർ. അന്യന്റെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നവർ.

 

∙ ഡിജിറ്റൽ മേഖലയുടെ അതിപ്രസരം

 

പേപ്പറിൽ അപേക്ഷ എഴുതുന്ന സാഹചര്യം ഇവിടെ വിരളമാണ്. ഓൺലൈൻ സേവനങ്ങളാണ് എവിടെയും. ബാങ്ക്, ആശുപത്രി, ഇൻഷുറൻസ്  സേവനങ്ങളെല്ലാം ഓൺലൈൻ വഴി. പ്രത്യേകിച്ചും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പല സേവനങ്ങളും. പൊതു ഗതാഗത ടിക്കറ്റുകൾ, ആശുപത്രി സേവനങ്ങൾ ഇവയ്ക്കൊക്കെ പ്രത്യേകം ആപ്ലിക്കേഷനുകൾ ഉണ്ടാകും. വിദ്യാലയങ്ങളിൽ അധ്യാപകരുമായി രക്ഷിതാക്കൾ സംവദിക്കുന്നതും പ്രത്യേക ആപ്ലിക്കേഷനുകൾ വഴി. പല കരാറുകളും ഡിജിറ്റലായി ഒപ്പിടുന്ന സംവിധാനമാണ്. പൊതുവെ പണമിടപാടുകൾ ബാങ്ക് കാർഡുകൾ വഴിയാണ്. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് നോട്ടുകളുടെ ആവശ്യം.

 

∙ അഞ്ചിന് അത്താഴം കഴിക്കുന്ന രാജ്യം

 

തണുപ്പുരാജ്യമായാലും ഫിൻലൻഡുകാർക്കു കുടിക്കാൻ പ്രിയം തണുത്ത വെള്ളംതന്നെയാണ്. തീന്മേശയിൽ ചൂടു വെള്ളത്തിന് സ്ഥാനമില്ല. ലോകത്തിലെ വലിയ കാപ്പി, ബീയർ കുടിയന്മാരുമാണിവർ. നമ്മുടെ നാടൻ ചായ എവിടെയും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കേണ്ടതില്ല. മാംസവും ചീസുമെല്ലാം നന്നായി അകത്താക്കുന്നവർ.  ഉരുളക്കിഴങ്ങും സാലഡുമൊക്കെയാണ് സ്ഥിരം വിഭവങ്ങൾ. നമ്മുടെ ഭക്ഷണശീലങ്ങളിൽ  ഒഴിവാക്കാനാവാത്ത മസാലകൾക്ക് ഇവിടെ  വലിയ പങ്കില്ല. ചുരുങ്ങിയത് ഉപ്പും കുരുമുളകും പ്രതീക്ഷിക്കാം. യൂണിവേഴ്സിറ്റികളിൽനിന്നും സ്കൂളുകളിൽനിന്നുമെല്ലാം സമാന ഭക്ഷണശീലങ്ങൾ പരിശീലിക്കേണ്ടതുണ്ട്  . 

 

പരിമിതമായുള്ള ഇന്ത്യൻ റസ്റ്ററന്റുകൾ ഈ നാട്ടുകാരുടെ രുചികൾ പരിപോഷിപ്പിക്കാൻ എരിവും പുളിയും കുറച്ചുള്ള ആഹാരമാണ് തയാറാക്കുന്നത്. വടക്കേ ഇന്ത്യൻ പാചകമാണ് പ്രധാനമായും. നാടൻ കേരള വിഭവങ്ങൾക്ക് സ്വന്തം അടുക്കളയിൽതന്നെ അധ്വാനിക്കേണ്ടതുണ്ട്. രാവിലെ 11ന് ഉച്ചഭക്ഷണവും വൈകിട്ട് 5ന് അത്താഴവും കഴിക്കാൻ ശീലിക്കേണ്ടതുണ്ട്. തീൻമേശയിൽ കത്തിയും മുള്ളും ഉപയോഗിക്കുന്ന പാശ്ചാത്യസംസ്കാരം പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ!

 

∙ ഭാഷയും പ്രയോഗങ്ങളും

 

തദ്ദേശീയർ ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യുമ്പോഴും, എവിടെയും ഫിന്നിഷ് ഭാഷയുടെ അതിപ്രസരമാണ്. സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ ഷോപ്പുകളിലും ഫിന്നിഷ് ഭാഷയിലാണ് എഴുത്ത്. താരതമ്യേന വൈഷമ്യമേറിയ ഭാഷയാണിത്. ഗൂഗിൾ ട്രാൻസ്ലേറ്റർ പോലുള്ള ഭാഷാ പരിഭാഷാ സഹായികൾ പലപ്പോഴും സന്തത സഹചാരിയാക്കേണ്ടതുണ്ട്. ഭാഗികമായി ഐടി മേഖല ഒഴിച്ച് മറ്റെവിടെയും ഫിന്നിഷ് ഭാഷയിലെ പ്രാവീണ്യം തൊഴിലുകൾക്കും അനിവാര്യം. മറ്റു തൊഴിൽ മേഖലകളിൽ ചുരുക്കം ചിലർ മാത്രമാണ് ഫിന്നിഷ് ഭാഷാ  പ്രാവീണ്യമില്ലാതെ പ്രവേശിച്ചിട്ടുള്ളത്. 

 

പങ്കാളിയുടെ വിസയിൽ എത്തിപ്പെടുന്നവരിൽ പലർക്കും വിദഗ്ധ തൊഴിലുകളിൽ അനുഭവജ്ഞാനമുണ്ടെങ്കിലും അവരുടെ മേഖലകളിൽ പ്രവേശിക്കാൻ സാധിക്കാതെ വരാറുണ്ട്. ഭാഷാജ്ഞാനമില്ലാത്തതാണ് മുഖ്യമായ കാരണം. ബാങ്ക്, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ പലപ്പോഴും അപേക്ഷകൾ ഫിന്നിഷ് ഭാഷയിലായിരിക്കും രേഖപ്പെടുത്തേണ്ടത്.

 

ഇംഗ്ലിഷ് ഭാഷാ സ്കൂളുകൾ നന്നേ കുറവായതിനാൽ ഫിന്നിഷ് ഭാഷാ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ടതായി വരും. പ്രാദേശിക സ്കൂളുകളിൽ ഇംഗ്ലിഷ് ഭാഷ ഒരു പാഠ്യ വിഷയമാണ്. സ്വീഡിഷ്, ഇവിടുത്തെ മറ്റൊരു ഔദ്യോഗിക ഭാഷ ആയതിനാൽ സ്വീഡിഷ് ഭാഷയും വിദ്യാലയങ്ങളിൽ നിർബന്ധമായും  പഠിച്ചിരിക്കണം. ഇംഗ്ലിഷിലുള്ള ഉന്നത വിദ്യാഭ്യാസ അവസരങ്ങളും പരിമിതമാണ്

 

പൊതുവെ തുല്യത പ്രകടമായ സമൂഹത്തിൽ, വേർതിരിവുകൾ തുച്ഛമാണ്. അതിനാൽതന്നെ ‘സർ, മാഡം’ വിളികൾ എവിടെയുമില്ല. വിദ്യാലയങ്ങളിലും സർവകലാശാലകളിലും അധ്യാപകരെ പേരു വിളിച്ചാണ് അഭിസംബോധന. തൊഴിലിടങ്ങളിലും അയൽപക്ക സൗഹൃദങ്ങളിലുമെല്ലാം സമാന സംസ്കാരമാണ് . പരിചയപ്പെടലുകളിൽ തന്റെ കുടുംബത്തോടൊപ്പം വീട്ടിലെ നായയെയും പൂച്ചയെയും പരിചയപ്പെടുത്തുന്നതിൽ അദ്ഭുതം കൊള്ളേണ്ടതില്ല. വളർത്തു മൃഗങ്ങളും ഇവർക്ക് സ്വന്തം. സത്യസന്ധതയ്ക്കും വശ്വാസത്തിനും പ്രാധാന്യം കൊടുക്കുന്ന സമൂഹമാണിത്. തൊഴിലിടങ്ങളിലും സാമൂഹിക ജീവിതത്തിലും അറിയാത്ത കാര്യങ്ങൾ വിനയപൂർവം ‘അറിയില്ല’ എന്നുതന്നെ അറിയിക്കുന്നതാണ് അഭികാമ്യം.  

 

∙ സർവകലാശാല വിദ്യാർഥികളുടെ ആശങ്കകൾ/ അനുഭവങ്ങൾ

 

സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ കോഴ്സിന് ഫിൻലൻഡിലെ തുർക്കുവിൽ എത്തിയ വയനാട്ടുകാരൻ അലൻ ബി തോമസിന്റെ അഭിപ്രായത്തിൽ ‘‘മഞ്ഞിലെ മായാലോകം ചിത്രങ്ങളിൽ മാത്രം വര്‍ണശബളമാണ്. എന്നാൽ അതിലെ ജീവിതം ക്ലേശങ്ങൾ നിറഞ്ഞതും.’’  വിദേശികളുമായി ചങ്ങാത്തം കൂടാൻ തങ്ങൾക്കു വിമുഖതയുണ്ടെന്ന് ഒരു ഫിന്നിഷ് സുഹൃത്ത് പറഞ്ഞതും അലൻ ഓർത്തെടുക്കുന്നു. ജീവിതം എന്തെന്നു പഠിക്കാൻ, ഈ പ്രവാസ ജീവിതം തന്നെ സഹായിച്ചുവെന്നാണ് അലന്റെ അഭിപ്രായം.

 

ലപ്പീൻറന്ത യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദത്തിന്‌ എത്തിയ കൊല്ലം സ്വദേശി ദേവിക ശശിയുടെ അനുഭവം ഇങ്ങനെ: ‘‘പഠനം ചെറിയ നഗരങ്ങളിലാണെങ്കിൽ പ്രാരംഭദശയിൽ പ്രയാസമേറും. പ്രത്യേകിച്ചും സർവകലാശാലകളിൽ രാജ്യാന്തര  വിദ്യാർഥി സമൂഹം ഇല്ലാത്തപക്ഷം സൗഹൃദങ്ങളുണ്ടാക്കാൻ ബുദ്ധിമുട്ടാണ്. ശീതകാലത്തെ ഇരുട്ടും തണുപ്പും ഒറ്റപ്പെടലും മാനസികാരോഗ്യത്തെ ബാധിക്കും. 

 

പഠനകാലത്തു പാർട്ട് ടൈം ജോലി നേടിയെടുക്കാൻ, ഹെൽസിങ്കി ഒഴികെയുള്ള നഗരങ്ങളിൽ ബുദ്ധിമുട്ടാണ്. അതിനാൽ പഠനകാലയളവിലെ മുഴുവൻ ചെലവുകളും സ്വന്തം പോക്കറ്റിൽനിന്ന് എടുക്കേണ്ടതുണ്ട്. പാർട്ട് ടൈം ജോലിയിൽ‌നിന്ന് പഠിക്കാനുള്ള തുകയും ജീവിതച്ചെലവും കണ്ടെത്തുന്നത് മറ്റു രാജ്യങ്ങളിലെന്നപോലെ ഫിൻലൻഡിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുമില്ല. തൊഴിൽരഹിതരാകുമ്പോൾ, സർക്കാർ സാമ്പത്തിക സഹായം നൽകുമ്പോഴും, ഒരു പുതിയ തൊഴിൽ കണ്ടെത്തുന്നതുവരെയുള്ള ഈ സഹായം പലപ്പോഴും ആശങ്കകൾ  നിറഞ്ഞതാണ്. പല സന്ദർഭങ്ങളിലും തൊഴിൽരഹിതരുടെ എണ്ണം കുറയ്ക്കാൻ, നമ്മുടെ ബിരുദവുമായി ബന്ധമില്ലാത്ത ജോലികളിൽ പ്രവേശിക്കേണ്ടതായി വരും.

 

2021 ൽ  യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കിയിൽ ഗവേഷണത്തിന് എത്തിയ തിരുവനന്തപുരം സ്വദേശി ആരതി പ്രീത് ബാബുവിനു സമാനമായ അനുഭവമാണ്. മിതഭാഷികളായ ഫിന്നിഷുകാർ പ്രത്യേകിച്ചും വിദേശികളുമായി അകലം പാലിക്കാറുണ്ട്. വിദേശികൾ ശ്രമിച്ചാൽ മാത്രം ചങ്ങാത്തം കൂടുന്നവർ. രാവിലെ നേരത്തേ വന്ന് വൈകുന്നേരം വേഗത്തിൽ ജോലി അവസാനിപ്പിക്കുന്നവർ. മന്ദഗതിയിലുള്ള തൊഴിൽ സംസ്കാരമാണിവിടെ. അതിനാൽ സമ്മർദങ്ങൾ കുറവാണെങ്കിലും ഗവേഷണങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം എടുക്കാറുണ്ട്.  

 

∙ കുടുംബവുമൊത്തുള്ള  ജീവിതം സ്വപ്നംകണ്ടെത്തുമ്പോൾ...

 

തുച്ഛമായ വേതനത്തിൽ ഇവിടങ്ങളിൽ എത്തുന്നവർക്ക്, കുടുംബത്തെ കൂടെക്കൂട്ടാൻ വീണ്ടും പല ബാലികേറാമലകളിലൂടെ സഞ്ചരിക്കണം. തങ്ങളുടെ ശമ്പളംകൊണ്ട് കുടുംബത്തെ മുഴുവനായി കൊണ്ടുവരുവാൻ സാധിക്കാത്ത നഴ്സുമാരെ പരിചയമുണ്ട് . സ്വന്തം കുടുംബത്തിൽനിന്ന് വിദൂരത്തിലുള്ള  ജീവിതത്തിൽ നിരാശരായവരുമുണ്ട്. പങ്കാളിയുടെ വീസയിൽ ഇവിടെ എത്തിച്ചേരുന്നവർക്ക്, നഴ്‌സിങ് പോലുള്ള വ്യത്യസ്തമായ മേഖലകളിലെ പരിശീലനത്തിൽ പ്രവേശിക്കേണ്ടി വരാറുണ്ട്. ഫിന്നിഷ് ഭാഷാ പരിശീനത്തിനുശേഷമാണ് തൊഴിൽ പരിശീലനം. ഈ മേഖലയിലെ തൊഴിലാളികളുടെ ദൗർലഭ്യം മൂലമാണിത്.

 

താരതമ്യേന ജീവിതച്ചെലവുകൾ ഏറിയ രാജ്യമാണിത്. ആയതിനാൽ ഇന്ത്യൻ കറൻസിയിലെ തത്തുല്യമായ മൂല്യത്തിൽ ആകൃഷ്ടരായി കുറഞ്ഞ വേതനത്തിലെ തൊഴിലുകൾ സ്വീകരിക്കുമ്പോൾ, പ്രായോഗികമായി ചിന്തിക്കേണ്ടതുണ്ട്‌. സകുടുംബം സ്ഥിരതാമസമാക്കാമെന്ന പ്രത്യാശയിൽ കടൽ കടക്കുമ്പോൾ പരിഗണിക്കേണ്ട കാതലായ ചില യാഥാര്‍ത്ഥ്യങ്ങളാണിവ.  

 

സുഖ–ദുഃഖ സമ്മിശ്രമാണ് ഏതൊരു നാടും. നിമ്നോന്നതങ്ങൾ നിറഞ്ഞ ജീവിതപാതകൾ. നാം കാണുകയും അനുഭവിച്ചറിയുകയും ചെയ്യാത്ത, പുതിയ ജനസഞ്ചയത്തിന്റെ ശരിതെറ്റുകളും സംസ്കാരവുമെല്ലാം ഉൾക്കൊള്ളാനുള്ള ഹൃദയവിശാലത പ്രവാസ ജീവിതം ഒരാൾക്കു നൽകുന്നു; വ്യത്യസ്തതകളെ നിർഭയം അംഗീകരിക്കുവാനുള്ള മനസ്സും. എന്നാൽ സന്തോഷ രാജ്യങ്ങളിലെ സ്വപ്നലക്ഷ്യങ്ങളിൽ എത്തിപ്പെട്ടാൽ ജീവിതം കരകയറും എന്ന സ്വപ്നത്തിൽ വിമാനം കയറുന്നവർ നേരിടേണ്ട യാഥാർഥ്യങ്ങളുടെ ഒരു ചെറിയ അവലോകനമാണിത്. പുതിയ കാലാവസ്ഥയും ഭൂപ്രകൃതികളും ഭാഷയും ആഹാര രീതികളും സാമൂഹിക ജീവിതവുമെല്ലാം ഉൾക്കൊണ്ടു ജീവിക്കുവാനുള്ള ആർജവം അനിവാര്യമാണ് ഫിൻലൻഡിൽ, അതിലേക്കുള്ള ഒരു ചവിട്ടുപടിയാകട്ടെ ഇത്...

 

(ലേഖിക ഹെൽസിങ്കിയിൽ ഐടി പ്രഫഷനലാണ്)

 

English Summary: Moving to Finland from Kerala? Here is Everything You Need to Know