‘5 പുസ്തകങ്ങൾക്കുള്ളിൽ ഞാൻ സാഹിത്യ അക്കാദമി പുരസ്കാരം നേടും’, അക്ഷരമല കീഴടക്കിയ ജെസിബി ഡ്രൈവർ
ഒരു ജെസിബി ഡ്രൈവറിൽ നിന്നു കേരളത്തിലെ വായനാസമൂഹം മുഴുവനുമറിയുന്ന എഴുത്തുകാരനായി മാറിയ വിസ്മയകഥയാണ് അഖിൽ കെ. എന്ന ചെറുപ്പക്കാരന്റേത്. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം കൂടി ലഭിച്ചതോടെ അഖിലിന്റെ നേട്ടത്തിനുമേൽ മറ്റൊരു പൊൻതിളക്കം കൂടിയായി. പയ്യന്നൂരിലെ ചുമട്ടുതൊഴിലാളിയായ പുഷ്പവല്ലിയുടെ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മകൻ മൂന്നു വർഷം കൊണ്ടു പല പതിപ്പുകൾ ഇറങ്ങിയ, വായനാസമൂഹം കൊണ്ടാടിയ മൂന്നു പുസ്തകങ്ങൾ എഴുതിയതും മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയതും ഏതൊരു പ്രചോദനാത്മക കഥയ്ക്കും മേലെ നിൽക്കുന്ന ജീവിതകഥയാണ്.

2020 ജൂണിലാണ് അഖിലിന്റെ ആദ്യ പുസ്തകം ഇറങ്ങുന്നത്. നീലച്ചടയൻ എന്ന പുരസ്കാരത്തിനർഹമായ കഥാസമാഹാരം 7 പതിപ്പുകളും സിംഹത്തിന്റെ കഥ എന്ന നോവൽ 5 പതിപ്പുകളും താരാകാന്തൻ എന്ന ഏറ്റവും പുതിയ നോവൽ രണ്ടു പതിപ്പുകളും പിന്നിട്ടു കഴിഞ്ഞു. എഴുത്തിന്റെയും വായനയുടെയും കൊട്ടിഘോഷിക്കപ്പെടുന്ന പരിസരങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത അഖിൽ തന്റെ സ്വപ്നങ്ങളെ മാത്രം പിന്തുടർന്ന് കരസ്ഥമാക്കിയ എഴുത്തുകാരന്റെ കസേരയിലാണ് ഇന്ന് ആത്മവിശ്വാസത്തോടെ ഇരിക്കുന്നത്. ആ ഇരിപ്പിന് ആധികാരികതയുടെയും അംഗീകാരത്തിന്റെയും ബഹുമതി ചാർത്തുന്ന ഒന്നായി മാറുകയാണ് അക്കാദമി പുരസ്കാരം. മലയാള സാഹിത്യത്തിൽ അംഗീകാരവും അവസരവും ലഭിക്കാത്ത എല്ലാ എഴുത്തുകാർക്കുമാണ് അഖിൽ തന്റെ അഭിമാനനേട്ടം സമർപ്പിക്കുന്നത്. അജ്ഞാതരായി തുടരുന്ന അവരുടെ പക്കലാണു മലയാളത്തിലെ മികച്ച കഥകളും നോവലുകളും കവിതകളുമുള്ളതെന്ന് അഖിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. അഖിൽ കെ. എന്നയാളെ ആരുമറിയില്ലല്ലോ എന്ന ന്യായീകരണത്താൽ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറാവാതിരുന്നവരുടെ അവഗണന നൽകിയ വേദനയിൽ നിന്നാണ് ഇന്നത്തെ അഖിൽ കെ. ജനിക്കുന്നത്.
∙ അന്ന് അഖിലിന്റെ ഫേയ്‍സ്ബുക് നിറയെ ‘അഭിനന്ദനം’
2020 ജൂണിലാണ് ‘നീലച്ചടയൻ’ എന്ന കഥാസമാഹാരത്തിന്റെ ആദ്യ പതിപ്പ് അഖിൽ കയ്യിൽ നിന്നു കാശുമുടക്കി പ്രസിദ്ധീകരിക്കുന്നത്. വലിയ ബന്ധങ്ങളോ പരിചയങ്ങളോ മെന്റർമാരോ ഇല്ലാതിരുന്ന പയ്യന്നൂരിലെ ഒരു സാധാരണ ചെറുപ്പക്കാരന്റെ പുസ്തകം അവനെ വിശ്വസിച്ച്, അവന്റെ എഴുത്തിനെ വിശ്വസിച്ച് പുറത്തിറക്കാൻ ആരും തയാറാവാതെ വന്നപ്പോള്‍ അവനു പിന്നെ അതു മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. പ്രശസ്ത എഴുത്തുകാരനും 2018 എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തുമായ അഖിൽ പി. ധർമജനാണ് ഫെയ്സ്ബുക്കിൽ നീലച്ചടയന്റെ കവർ പ്രകാശനം നടത്തുന്നത്. അന്നു പകൽ 3 മണിക്ക് കവർ റിലീസ് നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. അഖിൽ അന്നും രാവിലെ പതിവുപോലെ ജെസിബിയുമായി ജോലിക്കു പോയി. ജോലിക്കിടയിൽ ഫോൺ എടുക്കാൻ സാധിക്കാതിരുന്നതിനാൽ അന്നു വൈകിട്ടു ജോലി കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് എഫ്ബി തുറന്നു നോക്കിയത്. സന്തോഷം കൊണ്ട് കണ്ണുനീർ വന്നുപോയെന്നു പറയുന്നു അഖിൽ. കാരണം വാൾ നിറയെ നീലച്ചടയൻ കവർ ആയിരുന്നു. അഖിലിനു നേരിട്ടു പരിചയമില്ലാത്ത എഴുത്തുകാരും അല്ലാത്തവരുമെല്ലാം കവർ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. പുതിയ തലമുറ എഴുത്തുകാരെല്ലാം ആവേശത്തോടെ തന്നെ അഖിലിന്റെ നീലച്ചടയൻ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
∙ ആ പോസ്റ്റ് അഖിൽ പിൻവലിച്ചു, എന്നാൽ ആ പ്രഖ്യാപനം പിൻവലിക്കേണ്ടി വന്നില്ല
വലിയ ആത്മവിശ്വാസം നൽകിയ ആ പിന്തുണയിൽ അഖിൽ അന്ന് എഫ്ബിയിൽ ഒരു മറുപടി പോസ്റ്റിട്ടു. അഞ്ചു പുസ്തകങ്ങൾക്കുള്ളിൽ താൻ സാഹിത്യ അക്കാദമി പുരസ്കാരം നേടും എന്നതായിരുന്നു അത്. എഴുത്തിനോട് അത്രയേറെ ആത്മാർഥതയും പ്രതിപത്തിയുമുള്ള ഒരു ചെറുപ്പക്കാരന്റെ ഉള്ളിൽ നിന്നു വന്ന സ്വപ്നപ്രഖ്യാപനമായിരുന്നു അത്. എന്നാൽ ചിലയാളുകൾ ആ വികാരത്തിലല്ല അഖിലിന്റെ പോസ്റ്റിനെ സമീപിച്ചത്. ഇന്നലെ മുളച്ച എഴുത്തുകാരന്റെ അഹങ്കാരമായി അതു വ്യാഖ്യാനിക്കപ്പെട്ടു. വിമർശനങ്ങൾ കണ്ടു മനസ്സു വേദനിച്ച അഖിൽ അന്നു രാത്രി തന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ, മനസ്സിൽ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടാതെ അഖിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ, അവകാശപ്പെട്ടതിനും 2 പുസ്തകങ്ങൾക്കിപ്പുറം ആ നേട്ടം അഖിലിനെ തേടിയെത്തിക്കഴിഞ്ഞിരിക്കുന്നു. നീലച്ചടയനെപ്പറ്റി പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ സമൂഹമാധ്യമത്തിൽ ആസ്വാദനക്കുറിപ്പ് എഴുതിയതും കൂടുതൽ വിശാലമായ വായനാസമൂഹത്തിന്റെ മുന്നിലേക്ക് ആ പുസ്തകമെത്താൻ കാരണമായി.
∙ അടുക്കള വഴിയിലെ അഖിലിന്റെ കട്ടിൽ, ലക്ഷം തികച്ച റോയൽറ്റി
എഴുത്ത് എന്താണു നൽകിയതെന്നു ചോദിച്ചാൽ മിക്കവരും പറയുന്നതുപോലെ പേരും പെരുമയും ആത്മസംതൃപ്തിയും സൗഹൃദങ്ങളും ബന്ധങ്ങളുമെന്നു മാത്രം പറഞ്ഞവസാനിപ്പിക്കില്ല അഖിൽ. എഴുത്ത് ഒരു പരിധിവരെ സാമ്പത്തിക സുരക്ഷിതത്വം നൽകിയതും ജീവിതത്തിലെ ചില സ്വപ്നങ്ങൾ നേടിയെടുക്കാൻ സഹായിച്ചതും ഒരു മറ പോലുമില്ലാതെ അഖിൽ തുറന്നു പറയും. വളരെച്ചെറിയ രണ്ടുമുറി വീട്ടിലാണ് അഖിലും അനുജനും അമ്മയും അച്ഛനുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ചെറിയ ഹാളിൽ അടുക്കള വാതിലിനോടു ചേർന്നു കട്ടിലിട്ടായിരുന്നു അഖിലിന്റെ കിടപ്പ്. പുസ്തകങ്ങളും എഴുത്തുസാമഗ്രികളും സൂക്ഷിച്ചിരുന്നതുമെല്ലാം അവിടെത്തന്നെ. രാവിലെ അമ്മയെണീറ്റ് അടുക്കളയിലേക്കു പോകണമെങ്കിൽ അഖിൽ എഴുന്നേറ്റ് കട്ടിൽ മാറ്റി വാതിൽ തുറന്നു കൊടുക്കേണ്ട സ്ഥിതി, പകൽ മുഴുവൻ എല്ലുമുറിയെ പണിയെടുത്തു ക്ഷീണിച്ച് എത്തിയ ശേഷം രാത്രിയിലായിരുന്നു അഖിലിന്റെ എഴുത്തും വായനയുമെല്ലാം. അർധരാത്രി കഴിഞ്ഞും അതു നീളും. എഴുത്തെല്ലാം കഴിഞ്ഞ് കിടന്നു കഴിഞ്ഞാൽ പിന്നെ രാവിലെ അടുക്കളവാതിൽ തുറക്കാൻ ഉറക്കം മുറിയും. സാമ്പത്തിക പരാധീനതകൾക്കിടയിൽ പുതിയ വീടിനെപ്പറ്റി ചിന്തിക്കാനേ സാധ്യമല്ലായിരുന്നു.
∙ ഈ എഴുത്തുകാരൻ ഇന്നും ജെസിബി പണിക്കാരൻ കൂടിയാണ്
നീലച്ചടയനും തുടർന്ന് അഖിൽ എഴുതിയ 2 പുസ്തകങ്ങളും വായനാസമൂഹം ഏറ്റെടുത്തപ്പോഴാണ് ആ സ്ഥിതിയിൽ ചെറിയ മാറ്റം സംഭവിച്ചു തുടങ്ങിയത്. പുസ്തകത്തിന്റെ പ്രതിഫലം കിട്ടിയപ്പോഴാണ് ആദ്യമായി അക്കൗണ്ടിൽ ഒരു ലക്ഷം രൂപ തികച്ചു വന്നതെന്ന് അഖിൽ പറയുന്നു. അങ്ങനെ വീടു പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ഇക്കഴിഞ്ഞ ഡിസംബറിൽ രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയുമടങ്ങിയ വീടുപണി പൂർത്തിയാക്കുകയും ചെയ്തു. അമ്മ സ്വരുക്കൂട്ടിവച്ച പൈസയോടൊപ്പം ഇതിന് അഖിലിനെ സഹായിച്ചത് സാഹിത്യമെഴുത്തിൽ നിന്നുള്ള പ്രതിഫലവുമായിരുന്നു. ഇന്ന് അഖിലിന് സ്വന്തമായി മുറിയുണ്ട്. അവിടെ മനോഹരമായി പുസ്തകങ്ങൾ അടുക്കിവച്ച എഴുത്തുമേശയുണ്ട്. ആരെയും ശല്യപ്പെടുത്താതെ, ബുദ്ധിമുട്ടുകളില്ലാതെ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. സ്വന്തം പൈസ മുടക്കി പുതിയ ബൈക്കും അഖിൽ വാങ്ങി. ഇതെല്ലാം എഴുത്തു നൽകിയതാണെന്നു തുറന്നു പറയുന്നതിൽ അഖിലിന് ഒരു മടിയുമില്ല. മുൻപ് മാസത്തിൽ എല്ലാ ദിവസവുമെന്നോണം ജെസിബി ഓടിക്കാൻ പോയിരുന്ന അഖിൽ ഇന്ന് പത്തോ പതിനഞ്ചോ ദിവസമേ പണിക്കു പോകുന്നുള്ളൂ. ബാക്കി സമയം മുഴുവൻ എഴുത്തിനും വായനയ്ക്കുമായി നീക്കിവയ്ക്കുന്നു. ജീവിതപ്രാരാബ്ധങ്ങളിൽപ്പെട്ട് ഇതുവരെയുള്ള കാലത്തു നടക്കാതിരുന്ന വായന തിരിച്ചുപിടിക്കണമെന്ന വാശിയിലുമാണ് അഖിൽ. അതു തന്റെ എഴുത്തിനെ നവീകരിക്കുമെന്ന ബോധ്യവുമുണ്ട്. ഇതിനെല്ലാം പശ്ചാത്തലമായി സാമ്പത്തിക സുരക്ഷിതത്വം നൽകാൻ ഒരുപരിധിവരെ എഴുത്തിനു കഴിഞ്ഞുെവന്നും അഖിൽ സാക്ഷ്യപ്പെടുത്തുന്നു.
∙ ‘സ്ഥിരവരുമാനം കിട്ടിയപ്പോൾ എഴുത്ത് മോഹം വീണ്ടും തലപൊക്കി’
അമ്മ പുഷ്പവല്ലി ചുമടെടുക്കാൻ പോയാണ് അഖിലിനെയും അനുജൻ അജിലിനെയും പഠിപ്പിച്ചിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടിരുന്ന അക്കാലത്ത് അമ്മയ്ക്ക് ഇനിയും ബുദ്ധിമുട്ടാകേണ്ട എന്നും അനുജന്റെ വിദ്യാഭ്യാസം മുടങ്ങേണ്ട എന്നും കരുതിയാണ് അഖിൽ പ്ലസ് ടു കഴിഞ്ഞപ്പോൾ വിദ്യാഭ്യാസം അവസാനിപ്പിച്ചതും പണിക്കു പോയിത്തുടങ്ങിയതും. അനുജൻ ഇപ്പോൾ ഡിഗ്രി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ഗ്രാഫിക് ഡിസൈനിങ് പഠിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴേ എഴുത്തുകാരൻ ആകണമെന്ന മോഹം ഉള്ളിലുറച്ചിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ യാതൊരുവിധ പ്രോൽസാഹനവും നൽകാത്തതിനാൽ മോഹം ഉള്ളിലടക്കി ജീവിക്കുകയായിരുന്നു അഖിൽ. ചെറുപ്രായത്തിലേ പത്രവിതരണക്കാരനായും മറ്റു ജോലികൾ ചെയ്തും വീട്ടിലെ കടുത്ത ദാരിദ്ര്യം ലഘൂകരിക്കാൻ തനിക്കു കഴിയുംവിധം പരിശ്രമിച്ചിരുന്ന അഖിലിന് അപ്പോൾ എഴുത്ത് വലിയ ആർഭാടമായിരുന്നു. പിന്നീടു ജെസിബി ഡ്രൈവറായി മാറുകയും സ്ഥിരമായി വരുമാനം ലഭിച്ചുതുടങ്ങുകയും ചെയ്തപ്പോഴാണ് തന്റെ ഉള്ളിലെ എഴുതാനുള്ള കനൽ അഖിൽ ഊതിത്തെളിച്ചതും നീലച്ചടയൻ എന്ന ഹിറ്റ് പുസ്തകം സംഭവിക്കുന്നതും. പിന്നീട് അഖിലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിംഹത്തിന്റെ കഥ, താരാകാന്തൻ എന്നീ രണ്ടു നോവലുകൾക്കു ശേഷം തന്റെ ദേശം പശ്ചാത്തലമായി വരുന്ന അടുത്ത നോവലിന്റെ പണിപ്പുരയിലാണ് അഖിലിപ്പോൾ. ചില പുസ്തകങ്ങൾ സിനിമയാക്കാനുള്ള ചർച്ചകളും നടക്കുന്നു.
∙ ‘അങ്ങനെ ആ എഴുത്തുകാരനെ തേടി പ്രസാധകർ എത്തിത്തുടങ്ങി’
8 കഥകളാണ് അഖിലിന്റെ പുരസ്കാരം ലഭിച്ച കഥാസമാഹാരമായ നീലച്ചടയനിലുള്ളത്. വായനയുടെ ലഹരി പടർത്തുന്ന ആഖ്യാനപാടവം നിറഞ്ഞ കഥകൾ. നാലുവർഷമെടുത്താണ് നീലച്ചടയനിലെ കഥകൾ എഴുതി പൂർത്തിയാക്കിയത്. എഴുതി സൂക്ഷിച്ച കഥകൾ ചേർത്ത് അഖിൽ മുൻകയ്യെടുത്തു തന്നെ ആദ്യ പുസ്തകമിറക്കുകയായിരുന്നു. അടുത്ത 2 പുസ്തകങ്ങൾ ഇറക്കാനായി അഖിലിന് ഒരു വിഷമവുമുണ്ടായില്ല. ഇപ്പോൾ നാലാമത്തെ പുസ്തകത്തിന്റെ അവകാശം തേടി ഒന്നിലേറെ പ്രസാധകർ അഖിലിനെ സമീപിച്ചുകഴിഞ്ഞു. ജീവിതബുദ്ധിമുട്ടുകളിൽ നടക്കാതെ പോയ വായന തിരിച്ചുപിടിക്കാൻ കൂടിയുള്ള ശ്രമത്തിലാണ് അഖിലിപ്പോൾ. കഴിഞ്ഞ ആറു മാസമായി നന്നായി വായിക്കുന്നുണ്ടെന്നു പറയുന്നു അഖിൽ. അരുൺ ആർഷ എഴുതിയ ‘ദാമിയന്റെ അതിഥികൾ’ ആണ് അഖിലിന്റെ ഇഷ്ട പുസ്തകങ്ങളിലൊന്ന്. മലയാളി വായനാസമൂഹം കാര്യമായി ശ്രദ്ധിക്കാത്ത പുസ്തകങ്ങളിലൊന്നാണത് എന്നാണ് അഖിലിന്റെ അഭിപ്രായം. ഏറെ വായന കിട്ടേണ്ടിയിരുന്ന ഒന്ന്. ആനന്ദിന്റെ വേട്ടക്കാരനും വിരുന്നുകാരനുമാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതു യാഥാർഥ്യമാക്കുവാൻ ലോകം മുഴുവൻ കൂടെ നിൽക്കുമെന്നതിന് അഖിലിനേക്കാളും മികച്ച ഉദാഹരണം ഇപ്പോൾ ഓർമയിലില്ല. ഇനിയും മികച്ച പുസ്തകങ്ങൾ ആ തൂലികയിൽ നിന്നു പിറക്കാനിരിക്കുന്നതേയുള്ളൂ, തേടിയെത്തുവാൻ പുരസ്കാരങ്ങളും.
English Sumamry: The life story of writer Akhil K, Kerala Sahitya Akademi Award Winner