സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.

സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു.

കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ വിപണി മൂല്യം 30,000 കോടി രൂപയെന്ന മാന്ത്രികസംഖ്യ പിന്നിട്ടിരിക്കുന്നു. വീണു പോയി എന്നു കരുതിയിടത്തുനിന്നാണ് ഈ ഉയിർത്തെഴുന്നേൽപ്പ്. ആയിരക്കണക്കിന് തൊഴിലാളികളുടെ ഒരു ജനപഥം സഹിച്ചും ശ്രമിച്ചും പോരടിച്ചും വിട്ടുകൊടുക്കാതെ കൊണ്ടുനടന്ന ഒരു ‘കൊച്ചു രാജ്യ’ത്തിന്റെ വിജയകഥ തന്നെയാണിത്.

ഫാക്‌ടിന്റെ വളം നിർമാണ ശാലയിൽനിന്നുള്ള കാഴ്ച (File photo by fact.co.in)
ADVERTISEMENT

എം.കെ.കെ.നായർ ഉഴുതുമറിച്ച് വളമിട്ട ‘ഫാക്ടി’ന്റെ മണ്ണിൽ വിജയത്തിന്റെ പുതിയ കൊടി നാട്ടി മുന്നേറുന്നത് വടക്കുനിന്നു വന്ന കിഷോർ രുങ്തയുടെ നേതൃത്വം. പൊതുവെ വ്യവസായസൗഹൃദമല്ലെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിന്റെ നെറുകയിലെ തിലകക്കുറിയായി നിൽക്കുന്ന ഫാക്ടിന്റെ തളർച്ചയും ഉയർച്ചയും വ്യവസായചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന ഏടുകൾ തന്നെയാണ്. സാംസ്കാരിക കേരള ഹൃദയത്തിൽ ആ വികാരത്തിന്റെ സ്പന്ദനം ഇന്നും നിലച്ചിട്ടില്ല.

∙ തുടക്കം മൂന്നു കോടി മൂലധനത്തിൽ

1930കളിലും 40കളിലുമായി ഒട്ടേറെ വൻകിട വ്യവസായശാലകൾക്കാണ് തിരുവിതാംകൂർ ഭരണകൂടം തുടക്കം കുറിച്ചത്. രണ്ടാം ലോകമഹായുദ്ധം വരുത്തിവച്ച വറുതിയുടെയും ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും പിടിയിൽനിന്നു രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. ഒട്ടേറെ അന്യനാട്ടുകാർ അങ്ങനെ തിരുവിതാംകൂറിൽ വന്ന് വ്യവസായങ്ങൾ തുടങ്ങി. തിരുവിതാംകൂറിൽ വ്യവസായവൽക്കരണത്തിന്റെ സുവർണഘട്ടമായി അതു മാറി. 

പള്ളിവാസൽ പദ്ധതിയിൽനിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തി അലൂമിനിയം കമ്പനി സ്‌ഥാപിച്ച് വിജയപതാക നാട്ടിയും തിരുവിതാംകൂർ വിസ്മയം തീർത്തു ഇക്കാലത്ത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ ആണ് അതിനായുള്ള നീക്കങ്ങളും ആസൂത്രണങ്ങളും നടത്തിയത്. ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമയാണ് അന്ന് തിരുവിതാംകൂർ മഹാരാജാവ്. ഇതിന്റെയൊക്കെ തുടർച്ചയായിട്ടാണ് വളം നിർമാണശാല തുടങ്ങാനുള്ള കോപ്പുകൂട്ടൽ സിപി തുടങ്ങിയത്. മികച്ച വളം നാട്ടിൽതന്നെ നിർമിച്ച് കാർഷികോൽപാദനം വർധിപ്പിക്കുകയെന്ന ദീർഘവീക്ഷണവും അതിനു പിന്നിലുണ്ടായിരുന്നു. 

ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ (ഫയൽ ചിത്രം)
ADVERTISEMENT

കൊച്ചിയിൽ ആലുവയ്ക്കടുത്ത് പെരിയാറിന്റെ തീരത്ത് കാടുപിടിച്ചു കിടന്ന നെടുങ്ങാട്ടുകുന്നും പരിസരവും ആയിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. ഒരു നാടിന്റെ തലവര തിരുത്തിക്കുറിക്കപ്പെട്ട നിമിഷം. തിരുവനന്തപുരത്ത് റജിസ്‌റ്റേഡ് ഓഫിസുമായി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന് രൂപം നൽകി. മദ്രാസ്, കൊച്ചി, തിരുവിതാംകൂർ സർക്കാർ പ്രതിനിധികളടങ്ങിയ ഒരു ബോർഡും രൂപവൽക്കരിച്ചു. മൂന്നു കോടി രൂപയായിരുന്നു ഫാക്ടറി തുടങ്ങാനുള്ള മൂലധനം. പണത്തിന്റെ ഭൂരിപക്ഷവും നൽകിയത് തിരുവിതാംകൂർ സർക്കാർ തന്നെ. 

പദ്ധതിയുടെ നടത്തിപ്പ് ഏൽപിച്ചത് തിരുച്ചിറപ്പിള്ളിയിൽനിന്നുള്ള ശേഷസായി ബ്രദേഴ്സിനെ. അങ്ങനെ 1943 ൽ‍ ഇന്ത്യയിലെ ആദ്യ രാസവളം നിർമാണശാലയെന്ന ലക്ഷ്യം ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ നാമ്പിട്ടു. ‘ഫാക്ട്’ എന്ന മഹാമേരുവിന്റെ ജനനമായിരുന്നു അത്. കെട്ടിട‍ നിർമാണത്തിലേക്കും ഉൽപാദനത്തിലേക്കും അതിവേഗം കടക്കാനായിരുന്നു തീരുമാനം. വളം ഉൽപാദനത്തിനുള്ള ആധുനിക സാങ്കേതികവിദ്യ തേടിയുള്ള അന്വേഷണം എത്തിച്ചേർന്നത് ഇംഗ്ലണ്ടിൽ. അവിടുത്തെ പവൻ ഗ്യാസ് കോർപറേഷൻ, ഫാക്ടറിക്കായുള്ള പ്ലാന്റും സാങ്കേതിക വിദ്യയും നൽകാൻ സമ്മതമറിയിച്ചു.

എഫ്എസിടിയിൽ ഉണ്ടായ അമോണിയ വാതക ചോർച്ച പരിഹരിക്കാനായി എത്തുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ. (ഫയൽ ചിത്രം ∙ മനോരമ)

∙ അപൂർവതകളേറെ...

അമോണിയ വാതകം ഉൽപാദിപ്പിക്കാൻ മരം ഉപയോഗിച്ചുള്ള നിർമാണരീതിയാണ് ഫാക്ടിൽ സ്വീകരിച്ചത്. ഇത്തരത്തിൽ ആദ്യമായി അമോണിയ ഉണ്ടാക്കി എന്ന റെക്കോർഡും ഫാക്ടിന് സ്വന്തം.‌‌ അതിവേഗത്തിലായിരുന്നു ഫാക്ടറിയുടെ നിർമാണം. വിദേശികളായ വിദഗ്ധർക്കൊപ്പം ഏലൂർ പ്രദേശത്തുള്ള നാട്ടുകാരും നിർമാണത്തിൽ പങ്കുവഹിച്ചുവെന്ന ചരിത്രം, ഫാക്ട് എത്രമാത്രം തുടക്കംമുതലേ ഒരു നാട് നെഞ്ചേറ്റി എന്നതിനു തെളിവാണ്. കൊച്ചിയുടെ തുറമുഖത്തുനിന്ന് ബാർജിലും വള്ളത്തിലുമായാണ് പടുകൂറ്റൻ യന്ത്രങ്ങളെത്തിച്ചത്. രണ്ടര വർഷത്തിനകം പ്ലാന്റ് പരീക്ഷണാടിസ്‌ഥാനത്തിൽ ഉൽപാദനവും തുടങ്ങി. ബാർജുകളിലാണ് അക്കാലത്ത് പെട്രോൾ എത്തിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്നതു കാരണം ഇന്ധനത്തിന് കടുത്ത ക്ഷാമം. എന്നാൽ‍ ലഭ്യത ഉറപ്പാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. നീലേശ്വരം വനത്തിൽനിന്ന് വിറക് എത്തിച്ചു. മൂന്നടി നീളത്തിലുള്ള മരക്കഷ്ണങ്ങൾ വള്ളത്തിൽ കയറ്റിയാണ് കൊണ്ടുവന്നത്. ഒരു ടൺ വിറകിന്റെ വില 18 രൂപ! 

ADVERTISEMENT

1947. സ്വാതന്ത്ര്യാനന്തരം രാജ്യം മുന്നോട്ടുള്ള കുതിപ്പിനായി ഒരുങ്ങിനിൽക്കുന്ന കാലം. ആ വർഷംതന്നെ ഇന്ത്യയിലെ വയലുകൾക്ക് ഊർജമായി അമോണിയം സൾഫേറ്റ് പുറത്തിറക്കിക്കൊണ്ടായിരുന്നു ഫാക്ടിന്റെ തേരോട്ടത്തിന്റെ തുടക്കം. ഞൊടിയിടയിൽ ആ ഉൽപന്നം കാർഷികമേഖലയ്ക്കു പ്രിയപ്പെട്ടതായി മാറി. ഫാക്ട് എന്ന പേര് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ ആദ്യ പ്ലാന്റിൽ അന്ന് പ്രതിവർഷം ഉൽപാദിപ്പിച്ചിരുന്ന അമോണിയ 10,000 ടൺ മാത്രം. പിന്നീട് അമ്പലമേട്ടിലെയും ഉദ്യോഗമണ്ഡലിലെയും പ്ലാന്റുകളിൽ എല്ലാം കൂടിയുള്ള ഉൽപാദനം 10 ലക്ഷം ടൺ എത്തിയത് ചരിത്രം. ഫാക്ടിന്റെ ബ്രാൻഡ് നാമവും ആനമാർക്ക് അടയാളവും കർഷകരുടെ വിശ്വാസത്തിന്റെ മുദ്രയായി മാറി. 

എഫ്എസിടിയുടെ കൊച്ചിയിലുള്ള ഗോഡൗൺ (ചിത്രം ∙ മനോരമ)

∙ ഗ്രാമം മാറി ‘ഫാക്ടി’നൊപ്പം

ഏലൂർ എന്ന ഗ്രാമത്തിന്റെ രൂപഭാവങ്ങൾ മാറിത്തുടങ്ങുന്നതിനും ഫാക്ട് സാക്ഷ്യം വഹിച്ചു. പതുക്കെപ്പതുക്കെ ഒരു നാഗരികത അവിടെ മുളപൊട്ടിത്തുടങ്ങി. ഉദ്യോഗസ്ഥരും ജീവനക്കാരുമായി വലിയൊരു ജനസമൂഹം ഫാക്ടറിക്കു ചുറ്റും രൂപപ്പെട്ടു. വിദേശത്തുനിന്നുള്ള ഉദ്യോഗസ്ഥർക്കായി കൊച്ചു വിമാനത്താവളം വരെ സ്ഥാപിക്കപ്പെട്ടു. യന്ത്രങ്ങളും ജനങ്ങളും ചേർന്ന് ഒരു സാംസ്കാരിക നിലം അവിടെ ഊടും പാവും നെയ്തു. കേരളം അതുവരെ കാണാത്ത ഒരു നാഗരികതയുടെ ജനനം. ഫാക്ടറിതന്നെ ഒരു നഗരമായി മാറി. 

പ്രത്യേകം പോസ്റ്റ് ഓഫിസ് സ്ഥാപിക്കപ്പെട്ടു. പക്ഷേ ആന്ധ്രപ്രദേശിലെ ഏലൂരുമായുള്ള പേരിലെ സാമ്യം കാരണം തപാൽ ഉരുപ്പടികൾ മാറിപ്പോകുന്നതു പതിവായി. അതോടെ, ഫാക്ടറി നിൽക്കുന്ന ഇടത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചു. 

വ്യവസായം എന്നർഥത്തിൽ ‘ഉദ്യോഗ്’, സ്‌ഥലം എന്നർഥത്തിൽ ‘മണ്ഡൽ’. രണ്ടും ചേർന്ന ‘ഉദ്യോഗമണ്ഡൽ’ എന്നായി ഏലൂരിന്റെ പുതിയ പേര്. 1949ലായിരുന്നു പുതിയ നഗരത്തിന് പുതിയ പേരു വീണത്. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ വരവോടെ ഫാക്ടിന്റെ നല്ല കാലം തെളിഞ്ഞു. പദ്ധതിയിൽ കൃഷിക്ക് മുൻതൂക്കം നൽകിയത് ഫാക്ടിനു ഗുണകരമായി. വളത്തിന് രാജ്യമെങ്ങും ആവശ്യം കുതിച്ചുയർന്നു. 1955 ൽ അമോണിയം ക്ലോറൈഡ് പ്ലാന്റും ഫാക്ട് തുറന്നു. 

എഫ്എസിടി ഉദ്യോഗമണ്ഡലിന്റെ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ അധ്യാപകർക്കൊപ്പം. (ചിത്രം ∙ മനോരമ)

ഫാക്‌ടിൽ ആദ്യത്തെ തൊഴിലാളി സംഘടന രൂപീകരിക്കുന്നത് 1948 ജനുവരിയിലാണ്. മാസവേതനം 40 രൂപയാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. 1960 ൽ, 93 ദിവസത്തെ ശമ്പളം ലാഭവിഹിതമെന്ന നിലയിൽ വാർഷിക ബോണസായി നൽകി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു കമ്പനി. കേന്ദ്ര സർക്കാർ മുഖ്യ ഓഹരി ഉടമയായി മാറിയതോടെ 1962 ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന പദവി കൈവന്നു. ശേഷസായി ബ്രദേഴ്‌സിന് വിടപറയേണ്ട സമയമായി. മാനേജിങ് ഡയറക്‌ടർ വി. ശേഷസായി നിറഞ്ഞ മനസ്സോടെയാവണം ആ പടിയിറങ്ങിയത്. കടുത്ത ആസ്മാ രോഗിയായിരുന്ന ആ കുറിയ മനുഷ്യനുമുന്നിൽ നിറകണ്ണും കൂപ്പുകൈകളുമായി ഫാക്ടിന്റെ മുറ്റം വിതുമ്പിനിന്നു.  

∙ കഥകളിപ്പദങ്ങളാടിയ ‘ഫാക്‌ട്’

ഫാക്‌ട് സർക്കാർ സ്‌ഥാപനമായതോടെയാണ് എം.കെ.കെ.നായർ എന്ന മേപ്പള്ളി കേശവപിള്ള മകൻ കൃഷ്ണൻ നായർ മാനേജിങ് ഡയറക്‌ടറായി ചുമതലയേൽക്കുന്നത്. ഫാക്ടിന്റെ ഇതിഹാസതുല്യമായ മറ്റൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു അത്. ഭിലായ് ഉരുക്കുനിർമാണ ശാലയിൽ വിജയക്കൊടി നാട്ടി അജയ്യനായിട്ടാണ് അദ്ദേഹത്തിന്റെ വരവ്. ഫെഡോ, ഫ്യൂ എന്ന കമ്പനികളുടെ രൂപീകരണം, പ്ലാന്റുകളുടെ വികസനം, അമോണിയ ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതി, അമ്പലമേട്ടിലെ കൊച്ചിൻ ഡിവിഷൻ എന്നിങ്ങനെ ഫാക്ടിൽ നിർണായകമായ ഒട്ടേറെ പരിഷ്കാരങ്ങൾ എം.കെ.കെ.നായർ എന്ന ക്രാന്തദർശിയായ ഐഎഎസ് ഉദ്യോഗസ്ഥന്റെ മിടുക്കായിരുന്നു. ഫാക്ട് അതിന്റെ പ്രതാപത്തിന്റെ പരമോന്നതിയിൽ എത്തിയതും അദ്ദേഹത്തിന്റെ കാലത്തുതന്നെ. 

ഫാക്ടിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്ന എം.കെ.കെ.നായർ (ചിത്രം ∙ മനോരമ)

ചുമതലയേൽക്കുമ്പോൾ അഞ്ചു കോടിയുടെ കമ്പനിയായിരുന്ന ഫാക്ടിനെ 11 കൊല്ലംകൊണ്ട് 120 കോടി മൂല്യത്തിലേക്കെത്തിച്ചു അദ്ദേഹം.  മികച്ച ഉദ്യോഗാർഥികളെ കണ്ടെത്താൻ ‘ഫാക്ട് ഐഎഎസ്’ പരീക്ഷ ഏർപ്പെടുത്തിയതും എംകെകെ തന്നെ. എന്നാൽ ഫാക്ടറിക്കകത്ത് ഒതുങ്ങിനിന്നില്ല എം.കെ.കെ.നായരുടെ പ്രവർത്തനം. സാംസ്കാരികമായും ഫാക്ടിലെ ജനതയെ ഉടച്ചു വാർത്തു അദ്ദേഹം. വലിയ കഥകളിക്കമ്പക്കാരനായിരുന്ന എം.കെ.കെ.നായർ ഇന്ത്യയിലെ മറ്റൊരു ഫാക്ടറിയിലും കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഫാക്ടിൽ നടപ്പിലാക്കി. എഫ്എസിടിക്ക് ഒരു കഥകളി വിദ്യാലയം. വളത്തിന്റെ രാസഗന്ധത്തിനിടയിൽ ഇതെങ്ങനെ സാധ്യമാകുമെന്ന് അദ്ഭുതപ്പെട്ടവർ ഒട്ടേറെ. 

ഫാക്ട് വിദ്യാലയങ്ങളുടെ ഭാഗമായിത്തന്നെ കഥകളി വിദ്യാലയം സ്ഥാപിച്ചതിനാൽ ഒട്ടേറെ കലാകാരന്മാർക്ക് അത് അവസരമായി. വിദേശികളെ കഥകളിയിലേക്ക് ആകർഷിക്കാൻ എല്ലാ വർഷവും ഉദ്യോഗമണ്ഡൽ കളരിയിൽ കഥകളി നടത്തി. 1971 ൽ കഥകളി കോഓപ്പറേറ്റിവ് സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. ഇതൊന്നും കൂടാതെ കഥകളിക്കോപ്പു നിർമാണ പരിശീലനകേന്ദ്രവും അദ്ദേഹം ആരംഭിച്ചു. 1972 ൽ ഉദ്യോഗമണ്ഡൽ കഥകളി ക്ലബ് യൂറോപ്പ്, ഇംഗ്ലണ്ട്, സ്കാൻഡിനേവിയൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി 76 വേദികളിൽ കഥകളി അവതരിപ്പിച്ചു. ഫാക്ട് ലളിതകലാകേന്ദ്രവും ഇക്കാലത്ത് സജീവമായി. നടൻ സത്യനാണ് അത് ഉദ്ഘാടനം ചെയ്തത്. ഉദ്‌ഘാടന വേദിയിൽ നൃത്തം കാഴ്‌ചവച്ചത് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. 

ജവാഹർലാൽ നെഹ്റു, ബി.സി.റോയ്, വി.കെ.കൃഷ്ണമേനോൻ, ഇന്ദിരാ ഗാന്ധി എന്നിവർക്കൊപ്പം കഥകളി ആസ്വദിക്കുന്ന എം.കെ.കെ.നായർ. (ഫയൽ ചിത്രം ∙ മനോരമ)

കലാ സാഹിത്യ രംഗത്തെ അതികായരുടെയെല്ലാം പാദസ്പർശമേറ്റ് ഫാക്ട് ലളിതകലാകേന്ദ്രം ധന്യമായി. കലാകാരന്മാരുടെ ഒഴുക്കായിരുന്നു അവിടേക്ക്. വയലാർ രാമവർമയും ജോസഫ് മുണ്ടശേരിയും പി. കേശവദേവും സി.എൻ.ശ്രീകണ്ഠൻനായരുമെല്ലാം ഫാക്ടിലെ നിത്യസന്ദർശകരായിരുന്നു. പ്രശസ്തരുടെ രചനകളുമായി ആർട് ആൻഡ് കൾചർ എന്ന പ്രസിദ്ധീകരണവും കലാകേന്ദ്രം പുറത്തിറക്കി. 1965 ൽ ഓൾ ഇന്ത്യ റൈറ്റേഴ്സ് കോൺഗ്രസിനു വേദിയായിരുന്നു ലളിതകലാകേന്ദ്രം. അതിൽ പങ്കെടുക്കാനെത്തിയ സാഹിത്യപ്രതിഭകൾ ഫാക്ടിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിൽ അന്തിയുറങ്ങി. ഉണർന്ന്, അക്ഷരമന്ത്രണങ്ങളാൽ ഫാക്ടിനെ സാന്ദ്രമാക്കി. റൈറ്റേഴ്സ് കോൺഗ്രസിന്റെ അവസാന ദിവസം സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ജി. ശങ്കരക്കുറുപ്പ് ജ്ഞാനപീഠം അവാർഡ് ലഭിച്ച വിവരം അറിയുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന് കലയിൽ എന്തു ചെയ്യാനാകുമെന്നു കാണിച്ചുതരികയായിരുന്നു എം.കെ.കെ.നായർ. 

∙ പാട്ടുപോലെ വന്ന പരസ്യങ്ങൾ

എം.കെ.കെ.നായർ വിഭാവനം ചെയ്ത ഫാക്ട് ടൗൺഷിപ്പിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഫാക്ട് ഹൈസ്കൂൾ സംഭാവന ചെയ്തത് ഒട്ടേറെ പ്രതിഭകളെയാണ്. പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു ഫാക്ട് സ്കൂളിന്റെ അക്കാലത്തെ സ്ഥാനം. ഫാക്ട് സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫൈൻ ആർട്സ് വിഭാഗത്തിലെ അധ്യാപകരായിരുന്നു കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം ശങ്കരവാര്യർ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക, കലാമണ്ഡലം കേശവൻ, വൈക്കം കരുണാകരൻ തുടങ്ങിയവർ. 

ഫാക്‌ടിൽ ഉൽപാദിപ്പിക്കുന്ന വിവിധ വളങ്ങൾ (photo by fact.co.in)

ദേശീയ അവാർഡ് നേടിയ സ്വപ്നാടനം സിനിമയിലെ നായകൻ ഡോ.മോഹൻദാസ് ഫാക്ട് സ്കൂളിലെ വിദ്യാർഥിയാണ്. നാദിർഷ, മെക്കാർട്ടിൻ, പട്ടണം റഷീദ്, ഏലൂർ ജോർജ് തുടങ്ങിയവർ ഫാക്ട് സ്കൂളിന്റെ സംഭാവനകളാണ്. പ്രസിദ്ധ കാർഡിയോളജിസ്റ്റ് ഡോ.ശിവറാം, യൂറോളജിസ്റ്റ് ഡോ. ഉണ്ണിമൂപ്പൻ, സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, കായിക താരങ്ങളായ തോമസ് ആന്റണി, ഡി.യോഹന്നാൻ, ലളിതാ നൈനാൻ, ബോസ് നൈനാൻ, ബാസ്കറ്റ്ബോൾ താരം ഗീത, പോൾവോൾട്ട് താരങ്ങളായ വിജയൻ, ഷാഹുൽ ഹമീദ് തുടങ്ങിയവരും പഠിച്ചത് ഇവിടെത്തന്നെ. 

ഫാക്ട് വളങ്ങളുടെ പ്രചാരണത്തിനായി എംകെകെയുടെ കാലത്ത് പുറത്തിറക്കിയ വിഡിയോയും ഗാനങ്ങളും വൻഹിറ്റായിരുന്നു. റേഡിയോ തുറന്നാൽ തുടർച്ചയായി ഫാക്ടിന്റെ പരസ്യങ്ങൾ. അക്കാലത്ത് ഫാക്ടിനായി വയലാർ എഴുതിയ ഗാനം ആ സുവർണകാലഘട്ടത്തിന്റെ സ്മാരകമാണ്. എം.ബി.ശ്രീനിവാസൻ ആണ് സംഗീതം നൽകിയത്. പാടിയത് കെ.ജെ.യേശുദാസും എസ്.ജാനകിയും. 1965–68 കാലഘട്ടത്തിലാണ് ഗാനം റിലീസ് ചെയ്തതെന്ന് കരുതുന്നു. എംകെകെയുടെ പ്രേരണയിലാകണം വയലാർ ഈ ഗാനം എഴുതിയത്. അത്രയ്ക്കായിരുന്നു ഫാക്ടുമായുള്ള വയലാറിന്റെ ആത്മബന്ധം.

വയലാർ രാമവർമ.

‘ഞാറ്റുവേല പെണ്ണേ... പെണ്ണേ.., 

കാറ്റുപായ തോണിയിൽ 

നീ കൊണ്ടുവന്നതെന്താണ്...

പൂങ്കുളിരല്ലാ... പനിനീരല്ലാ... 

പൊന്നാര മണിയല്ലാ... 

ഫാക്ടിന്റെ വളപ്പുരയിൽ നിന്നും 

യൂറിയാ... ഫാക്ടംഫോസ്, 

കോംപ്ലക്സ്... 

സൂപ്പർ ഫോസ്ഫേറ്റ്... സൾഫേറ്റ്...’

പുഞ്ചവയൽ പെണ്ണിനിന്നു 

പൂത്തിരുന്നാൾ...’ . 

∙ നഷ്ടത്തിന്റെ നാളുകളിലേക്ക്...

റോഡുകളും ക്വാർട്ടേഴ്സുകളും നവീകരിച്ചതും കർഷകർക്ക് രാസവളത്തെക്കുറിച്ച് അറിവു പകർന്നു നൽകിയതുമെല്ലാം പക്ഷേ, എംകെകെ എന്ന ആ മഹാമനീഷിയെ ആരോപണങ്ങളുടെ പടുകുഴിയിലാണ് കൊണ്ടുവന്നു ചാടിച്ചത്. ഫാക്ടിലെ സിഎംഡി ആയിരിക്കെ അധികാരദുർവിനിയോഗം നടത്തി എന്നായിരുന്നു ആരോപണം. പിന്നീട് എല്ലാ കുറ്റങ്ങളിൽനിന്നും അദ്ദേഹം വിമുക്തനായെങ്കിലും ഒരു മാപ്പ് പോലും പറയാനാകാതെ ഫാക്ട് ആ ഓർമകൾക്കുമുൻപിൽ ഇന്നും തലകുനിച്ചുനിൽക്കുന്നു. 

എഫ്എസിടി സംഭരണശാലയിൽ തീ പിടിത്തമുണ്ടായപ്പോൾ. (ചിത്രം ∙ മനോരമ)

എം.കെ.കെ.നായർക്കു ശേഷം ബി.കെ.ഖന്ന, ഡോ. പി.കെ.നാരായണസ്വാമി, വി.സുബ്രഹ്‌മണ്യം, എൻ.ബി.ചന്ദ്രൻ, ഡോ. ജോർജ് സ്ലീബ തുടങ്ങിയവരൊക്കെ ഫാക്ടിന്റെ തലപ്പത്തേക്കു വന്നു. പിൽക്കാലത്ത് കാപ്രോലാക്‌ടം പ്ലാന്റും അമോണിയ പ്ലാന്റുമൊക്കെ സ്ഥാപിക്കപ്പെട്ടു. ആഗോളവൽക്കരണം വലിയ തിരിച്ചടികളാണ് ഫാക്ടിന് നൽകിയത്. തുടർച്ചയായി ലാഭമുണ്ടാക്കിയിരുന്നിടത്തുനിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തിത്തുടങ്ങി. അസംസ്കൃത ഉൽപന്നങ്ങളുടെ വിലക്കയറ്റവും മാറിമാറിവന്ന സർക്കാരുകളുടെ നയങ്ങളും ഫാക്ടിന്റെ തലവര മാറ്റിയെഴുതി. ഫാക്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളും മന്ദഗതിയിലായി. എം.കെ.കെ.നായരുടെ ഓർമയ്ക്കായി നൽകിയിരുന്ന അവാർഡു പോലും നിർത്തേണ്ടിവന്നു.  

∙ ഒറ്റക്കെട്ടായി കൊച്ചി നിന്നു, ഫാക്ടിനു വേണ്ടി...

ഫാക്ട് വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കൊച്ചി നഗരം അങ്ങനെത്തന്നെ നിശ്ചലമായി നിന്നിട്ടുണ്ട് ഒരിക്കൽ. ഫാക്‌ട് സംരക്ഷണ കർമസമിതിയുടെ ആഹ്വാന പ്രകാരം നടത്തിയ നിശ്‌ചല സമരത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും തൊഴിലാളി യൂണിയനുകളും കൈകോർത്തു. മഴ ആർത്തലച്ച സായാഹ്നം. എറണാകുളം  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. പ്രതിഷേധത്തിന്റെ ആ കാൽ മണിക്കൂർ കേരളത്തിന്റെ സമരചരിത്രത്തിൽ പുതിയ ഏടായി. സ്വകാര്യവൽക്കരണത്തിനെതിരെ നഗരത്തിലെ വ്യവസായശാലകളെല്ലാം നിശ്‌ചലമായി. എല്ലാ ഓഫിസുകളും നിശ്ചലം. പൊതുവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിർത്തിയിട്ടു. ഒരു ജനത ഒരേ മനസ്സോടെ ഫാക്ടിനായി മനസ്സുകൊണ്ട് കൈകോർത്ത് മൗനമായി നിന്നു. ഫാക്ട് എത്രമാത്രം തലമുറകളുടെ വികാരമാണെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം. എവിടെയോ ഒരു വെളിച്ചമുണ്ടെന്ന് ഉറപ്പായിരുന്നു. ഫാക്ട് നൽകിയ ജീവിതങ്ങളുടെ പ്രാർഥനകളുണ്ടായിരുന്നു അതിനു പിന്നിലെന്ന് ഉറപ്പ്.

എല്ലാ പ്രതിബന്ധങ്ങളും ഫാക്ടിലെ ജനസമൂഹം ഒന്നിച്ചുനിന്ന് സഹിച്ചു നേരിട്ടു. തീർന്നുപോയി എന്നു വിധിച്ചവരുടെ മുഖത്തുനോക്കി ഒരു ചെറുപുഞ്ചിരിയോടെ ഫാക്ട് വീണ്ടും മുന്നോട്ടാഞ്ഞുതുടങ്ങി. വൈവിധ്യവൽക്കരണത്തിലൂടെ, പുതിയ നേതൃത്വത്തിന്റെ കൈപിടിച്ച് വിസ്മയകരമായ തിരിച്ചുവരവാണ് പിന്നീട് രാജ്യം കണ്ടത്. ദീർഘകാലം നഷ്ടത്തിലായിരുന്ന സ്ഥാപനം നിലവിൽ നാലു വർഷമായി ലാഭത്തിലാണ്. മൂന്നു വർഷം മുൻപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ കിഷോർ രുങ്ത ഫാക്ടിന്റെ ചിറകുകളിൽ പുതിയ പുതിയ തൂവലുകൾ തുന്നിച്ചേർത്തുകൊണ്ടിരിക്കുകയാണ്. 

രാസവളം ഉൽപാദനം 15 ലക്ഷം ടണ്ണായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമ്പലമേട് കൊച്ചിൻ ഡിവിഷനിൽ ഒരുങ്ങുന്ന പുതിയ പ്ലാന്റ് 2024ൽ പൂർത്തിയാകും. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വിറ്റുവരവാണു ഫാക്ട് നേടിയത്. 6198.15 കോടി രൂപ. കോവിഡ് മഹാമാരിയും പിന്നാലെ റഷ്യ – യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച പ്രതിസന്ധികളിലും മികച്ച ഉൽപാദനം കൈവരിക്കാൻ ഫാക്ടിനു കഴിഞ്ഞു. അതോടൊപ്പം ഫാക്ടിന് ഊർജമേകി വിപണി മൂല്യം കഴിഞ്ഞദിവസം 30,000 കോടി രൂപ കടക്കുകയും ചെയ്തു. 

എഫ്എസിടി മാനേജിങ് ഡയറക്ടർ കിഷോർ രുങ്ത. (ചിത്രം∙മനോരമ)

അടുത്തിടെ ഓഹരിവില 480ഉം കടന്ന് മുന്നേറിയിരുന്നു, അഞ്ച് വർഷം മുൻപ് വെറും 24 രൂപ മാത്രമായിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്. ഇനി മിനിരത്ന പദവിയിലേക്കുള്ള ജൈത്രയാത്ര തുടങ്ങുകയാണ് ഫാക്ട്. അതിനു മുന്നിൽ കടമ്പകൾ ഒട്ടേറെ. രണ്ടു വർഷത്തിനുള്ളിൽ 8,000 കോടി രൂപ വിറ്റുവരവു നേടുകയാണ് ഉടനുള്ള ലക്ഷ്യം. അതോടൊപ്പം ഫാക്ടിൽനിന്ന് വീണ്ടും കലയുടെ, സംഗീതത്തിന്റെ, കായികാവേശത്തിന്റെ ആർപ്പുവിളിക്കായി കാതോർക്കുന്നുണ്ട് കേരളം.

English Summary: From Crisis to Profit: The Return of Kerala's Fertilisers And Chemicals Travancore Limited (FACT)