ഒപ്പത്തിനൊപ്പം കോലിയും ഇന്ത്യയും; പറന്നു പിടിച്ച് രാഹുലും ജഡേജയും; ഉത്കണ്ഠയായി പാണ്ഡ്യയുടെ പരുക്ക്
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യുടെ നാലാം മൽസരം ഒടുവിൽ വിരാട് കോലിയും ബംഗ്ലാദേശും തമ്മിലുളള പോരായി മാറിപ്പോയി. ഇന്ത്യയുടെ ജയമാണോ കോലിയുടെ സെഞ്ചുറിയാണോ ആദ്യം സംഭവിക്കുക എന്നതു മാത്രമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ തിരതല്ലിയ ചോദ്യം. രണ്ടും ഒരുമിച്ചു സംഭവിച്ചപ്പോൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇരമ്പി. തുടർച്ചയായ നാലാം വിജയത്തിലൂടെ ടീം ഇന്ത്യ പ്രതീക്ഷ കാക്കുന്ന മിന്നും പ്രകടനം തുടരുന്നു.
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യുടെ നാലാം മൽസരം ഒടുവിൽ വിരാട് കോലിയും ബംഗ്ലാദേശും തമ്മിലുളള പോരായി മാറിപ്പോയി. ഇന്ത്യയുടെ ജയമാണോ കോലിയുടെ സെഞ്ചുറിയാണോ ആദ്യം സംഭവിക്കുക എന്നതു മാത്രമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ തിരതല്ലിയ ചോദ്യം. രണ്ടും ഒരുമിച്ചു സംഭവിച്ചപ്പോൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇരമ്പി. തുടർച്ചയായ നാലാം വിജയത്തിലൂടെ ടീം ഇന്ത്യ പ്രതീക്ഷ കാക്കുന്ന മിന്നും പ്രകടനം തുടരുന്നു.
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യുടെ നാലാം മൽസരം ഒടുവിൽ വിരാട് കോലിയും ബംഗ്ലാദേശും തമ്മിലുളള പോരായി മാറിപ്പോയി. ഇന്ത്യയുടെ ജയമാണോ കോലിയുടെ സെഞ്ചുറിയാണോ ആദ്യം സംഭവിക്കുക എന്നതു മാത്രമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ തിരതല്ലിയ ചോദ്യം. രണ്ടും ഒരുമിച്ചു സംഭവിച്ചപ്പോൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇരമ്പി. തുടർച്ചയായ നാലാം വിജയത്തിലൂടെ ടീം ഇന്ത്യ പ്രതീക്ഷ കാക്കുന്ന മിന്നും പ്രകടനം തുടരുന്നു.
ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മത്സരം ഒടുവിൽ വിരാട് കോലിയും ബംഗ്ലദേശും തമ്മിലുളള പോരായി മാറിപ്പോയി. ഇന്ത്യയുടെ ജയമാണോ കോലിയുടെ സെഞ്ചറിയാണോ ആദ്യം സംഭവിക്കുക എന്നതു മാത്രമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ തിരതല്ലിയ ചോദ്യം. രണ്ടും ഒരുമിച്ചു സംഭവിച്ചപ്പോൾ പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇരമ്പി. തുടർച്ചയായ നാലാം വിജയത്തിലൂടെ ടീം ഇന്ത്യ പ്രതീക്ഷ കാക്കുന്ന മിന്നും പ്രകടനം തുടരുന്നു.
യഥാർഥത്തിൽ ഒരു ഘട്ടം വരെ കോലിയോ(103) ആരാധകരോ സെഞ്ചറി ഈ മത്സരത്തിൽ പിറക്കുമെന്നു പ്രതീക്ഷിച്ചില്ല. മറു തലയ്ക്കൽ മനോഹരമായി ബാറ്റു ചെയ്തിരുന്ന കെ.എൽ. രാഹുൽ(34) ഒട്ടും വിചാരിച്ചില്ല. അല്ലെങ്കിൽ ആ ബാറ്റിൽ നിന്ന് ഇടയ്ക്ക് ഒരു സിക്സും ഫോറുകളും ചീറിപ്പായില്ലായിരുന്നു. 38–ാമത്തെ ഓവറിൽ ഇന്ത്യയുടെ സ്കോർ മൂന്നിന് 229 ആയിരുന്നു.
കോലി അപ്പോൾ 73 റൺസെടുത്തു ബാറ്റു ചെയ്യുന്നു. ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 28 റൺസ് മാത്രം. കോലിക്ക് സെഞ്ചറി അടിക്കാൻ 27 റൺസും വേണം. സാധാരണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ ആ ബാറ്ററുടെ സ്കോർ തൊണ്ണൂറുകളിൽ നിൽക്കേണ്ടതാണ്. കോലിയും അങ്ങനെ വിചാരിച്ചിരിക്കാനേ തരമുള്ളൂ.എന്നാൽ പെട്ടെന്ന് ഇന്ത്യയ്ക്കു ജയിക്കാനും കോലിക്ക് സെഞ്ചറി അടിക്കാനും 20 റൺസ് എന്നായി സ്ഥിതി. അതോടെ മൂന്നക്കം കിങ് കോലി മണത്തു.
പിന്നെ കണ്ടത് രസകരമായ നിമിഷങ്ങളായിരുന്നു. കെ.എൽ.രാഹുൽ ഒരറ്റത്തു നിശ്ശബ്ദനായ കാഴ്ചക്കാരനായി നിന്നു. കോലി ഓടാൻ പറയുമ്പോൾ ഓടി,ഓടേണ്ടെന്നു പറയുമ്പോൾ ചിരിച്ചു കൊണ്ട് അവിടെ നിന്നു. അതിനിടയിൽ വരുന്നു ഒരു വൈഡ് ബോൾ. എക്സ്ട്രാ കിട്ടുന്നത് എപ്പോഴും ബാറ്റിങ് ടീമിന് സന്തോഷകരമാണ്. എന്നാൽ ഇവിടെ എക്സ്ട്രാ കിട്ടിയാൽ അതു കോലിയുടെ വ്യക്തിഗത സ്കോറിന്റെ ഭാഗമാകില്ല, മൊത്തം സ്കോർ ഉയരുകയും ചെയ്യും. ബംഗ്ലദേശുകാർ രണ്ടോ മൂന്നോ വൈഡ് എറിഞ്ഞാൽ പിന്നെ കോലിയുടെ സെഞ്ചറി പുക! അതുകൊണ്ട് നല്ല ബോളുകൾ മാത്രം ബംഗ്ലദേശുകാർ എറിയണമെന്ന് ബാറ്റർ ആഗ്രഹിക്കുന്ന സ്ഥിതിയായി. ഈ തമാശയൊന്നും സാധാരണ ഒരു ലോകകപ്പ് മത്സരത്തിൽ കാണാൻ കിട്ടുന്നതല്ല.
ഒടുവിൽ ഇന്ത്യയുടെ സ്കോറും കോലിയുടെ സ്കോറും ഒപ്പത്തിനൊപ്പമായി തന്നെ നീങ്ങി. നസും അഹമ്മദിനെ സിക്സറിനു പായിച്ച് വിരാട് കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചറി കുറിച്ചു. ലോകകപ്പ് കളികളിൽ രണ്ടാമത് ബാറ്റു ചെയ്യുന്ന അവസരത്തിൽ കോലി നേടുന്ന ആദ്യത്തെ സെഞ്ചറിയും ഇതു തന്നെ. ഏകദിന ക്രിക്കറ്റിലെ 48–ാമത്തെ സെഞ്ചറി, മുന്നിൽ മഹാനായ സച്ചിൻ തെൻഡുൽക്കർ (49) മാത്രം.
∙ മിന്നി രാഹുൽ, പറന്ന് ജഡേജ
സെഞ്ചറി നേടിയ ശേഷമുള്ള കോലിയുടെ വൻ ആഹ്ലാദ പ്രകടനം അതീവ സന്തോഷത്തോടെ നോക്കി നിന്ന കെ.എൽ.രാഹുലിന്റെ ഇന്നിങ്സിനെക്കുറിച്ചും പറയാതെ വയ്യ. പരുക്കിനും വിശ്രമത്തിനും ശേഷം ഏഷ്യാകപ്പിലൂടെ മടങ്ങിയെത്തിയ രാഹുൽ ഒരു സംഭ്രമവും ഇല്ലാതെയാണ് ഇപ്പോൾ ബാറ്റു ചെയ്യുന്നത്. ഈ ലോകകപ്പിൽ രാഹുലിനെ പുറത്താക്കാൻ ബോളർമാർക്കു കഴിഞ്ഞിട്ടില്ല. മൂന്ന് ഇന്നിങ്സിലായി ഇതുവരെ നേടിയത് 150 റൺസ്, നോട്ട് ഔട്ട്! വിമർശകരുടെ കൂരമ്പുകൾ പാഞ്ഞ ഘട്ടത്തിലും ടീം മാനേജ്മെന്റ് എന്തുകൊണ്ടാണ് ലോകേഷ് രാഹുലിൽ വിശ്വാസം അർപ്പിച്ചത് എന്നതിന്റെ രഹസ്യമാണ് ഈ പ്രതിഭ തുടർച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്നത്.
വിക്കറ്റ് കീപ്പർ എന്ന നിലയിലും രാഹുൽ വളരെയെറെ മെച്ചപ്പെട്ടിരിക്കുന്നു. കീപ്പ് ചെയ്യാൻ കഴിയുന്ന ബാറ്റർ എന്ന നിലയിൽ നിന്ന് യഥാർഥ വിക്കറ്റ് കീപ്പർ– ബാറ്റ്സ്മാനായി രാഹുൽ മാറുകയാണ്. മുഹമ്മദ് സിറാജിന്റെ പന്തിൽ മെഹ്ദി ഹസനെ(3) പുറത്താക്കാനായി രാഹുൽ എടുത്ത ക്യാച്ച് സ്റ്റേഡിയത്തെ നിർന്നിമേഷമാക്കി . ഇടത്തേ വശത്തേക്ക് പറന്ന് ഒറ്റക്കയ്യിൽ രാഹുൽ പന്ത് ഒതുക്കിയപ്പോൾ അത് ഈ ലോകകപ്പിലെ ഏറ്റവും ഗംഭീരമായ ക്യാച്ചുകളിലൊന്നായി.
പിന്നാലെ അതുപോലെ മറ്റൊന്നു കൂടി വരാനുണ്ടായിരുന്നു. അത് ഫീൽഡിലെ പറക്കും താരത്തിന്റെ തന്നെയായി. രവീന്ദ്ര ജഡേജയുടേത്. ഓപ്പണിങ് കൂട്ടുകെട്ടിനു ശേഷം തകർന്ന ബംഗ്ലദേശിനെ അവരുടെ ഏറ്റവും പരിചയസമ്പന്നായ ബാറ്റർ തിരിച്ചു കൊണ്ടു വരുമെന്നു വിചാരിച്ച നിമിഷമാണ് ജഡേജയുടെ പറക്കും ക്യാച്ച് മുഷ്ഫിക്കർ റഹീമിനെ(36) കൂടാരം കയറ്റിയത്. ഇടംകയ്യനായ ജഡേജ വലതുവശത്തേക്ക് ചാടി പന്ത് കയ്യിലൊതുക്കുന്നതു കണ്ട ബോളർ ജസ്പ്രീത് ബുമ്ര ആവേശത്തിന്റെ പാരമ്യത്തിലെത്തി.
ഈ രണ്ടു ക്യാച്ചുകൾ ഫീൽഡിൽ ഇന്ത്യയ്ക്കു നൽകിയ ഊർജം ചെറുതല്ല. ഗംഭീരമായ തുടക്കമാണ് ടാൻസിദ് ഹസനും(51) ലിറ്റൺ ദാസും(66) ബംഗ്ലാ കടുവകൾക്കു നൽകിയത്. കളിക്കു മുൻപേ ക്യാപ്റ്റനെ നഷ്ടപ്പെട്ട അവർക്ക് ആത്മവിശ്വാസം ലഭിച്ച തുടക്കം. കഴിഞ്ഞ കളിയിൽ പരുക്കേറ്റ ഷാക്കിബ് അൽ ഹസന് കളിക്കാനാകില്ലെന്നത് ബംഗ്ലദേശിനെ പിടിച്ചു കുലുക്കിയിട്ടുണ്ടാകും. ഏഴായിരത്തിലേറെ ഏകദിന റൺസും മൂന്നുറിലധികം വിക്കറ്റും നേടിയിട്ടുള്ള ഷക്കീബിനെ പോലെ ഒരു കളിക്കാരനെ പുറത്തിരുത്തേണ്ടി വരിക എന്നത് ബംഗ്ലദേശ് പോലെ ഒരു ടീമിന് അചിന്തയ്യം. മൂന്നാം നമ്പറിൽ ബാറ്റു ചെയ്യുന്ന നജ്മുൾ ഹുസൈൻ ഷാന്റോയാണ് പകരം ടീമിനെ നയിച്ചത്.
ബുമ്രയ്ക്കോ സിറാജിനോ ഓപ്പണിങ് സഖ്യത്തെ വേർപിരിക്കാൻ കഴിയാതെ വന്നപ്പോൾ കുൽദീപിന്റെ ഫ്ലിപ്പർ ഹസനെ വീഴ്ത്തി. വൈകാതെ ജഡേജ ഷാന്റോയേയും(8)ദാസിനെയും പറഞ്ഞയച്ച് ഇരട്ട പ്രഹരമേൽപ്പിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെ 93 റൺസ് വരെ എത്തിയ ബംഗ്ലദേശിന് പിന്നീടുള്ള 13 ഓവറിൽ 44 റൺസ് എടുക്കുന്നതിനിടയിൽ നാലു വിക്കറ്റ് നഷ്ടപ്പെട്ടു.
∙ പ്രഹരമായി പാണ്ഡ്യയുടെ പരുക്ക്
അതിനിടയിൽ ഇന്ത്യയ്ക്ക് ഒരു വൻ നഷ്ടം ഫീൽഡിൽ ഉണ്ടായി. ബൗളിങ്ങിനിടയിൽ പരുക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് ഗ്രൗണ്ട് വിട്ടു പോകേണ്ടി വന്നു. ഒന്നാമത്തെ ചേഞ്ചായി ബോളിങ്ങിനെത്തിയ പാണ്ഡ്യയെ രണ്ടു ഫോറുകളടിച്ചാണ് ലിറ്റൺ വരവേറ്റത്. അതിൽ ഒന്ന് തന്റെ നേരെ പാഞ്ഞു വരുന്നതു കണ്ട പാണ്ഡ്യ കാലു കൊണ്ട് തടയാൻ ശ്രമിച്ചത് വലിയ വിനയായി. നീട്ടിയ കാൽ വല്ലാതെ വലിഞ്ഞു നീണ്ടു, അതു മറുകാലിനെ ബാധിച്ചു. ഇരിക്കുകയാണോ വീഴുകയാണോ എന്നു സംശയിക്കുന്ന തരത്തിൽ പാണ്ഡ്യ വേദനയോടെ നിലത്തിരുന്നു.
കണങ്കാലിനേറ്റ പരുക്ക് പാണ്ഡ്യയെ വല്ലാതെ ബാധിച്ചെന്നു വ്യക്തമായിരുന്നു. വീണ്ടും പന്ത് കയ്യിലെടുത്ത് ഓവർ പൂർത്തിയാക്കാൻ നോക്കിയെങ്കിലും ഹാർദിക്കിന് സാധിച്ചില്ല. പകരം ബാക്കി ഓവറിലെ അവസാന മൂന്നു പന്ത് എറിയാനായി രോഹി വിളിച്ചപ്പോൾ എത്തിയത് കോലി. കോലിയുടെ ആ വരവ് ആരാധകർ ആസ്വദിച്ചെങ്കിലും എന്താണ് ഹാർദിക്കിന് സംഭവിച്ചതെന്ന ആകാംക്ഷ ശക്തമായിരുന്നു. ടീമിന്റെ ബാലൻസ് നിലനിർത്താൻ ഈ ഓൾ റൗണ്ടറുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണ്.
ഏതൊരു ഫാസ്റ്റ് ബോളറെയും പോലെ 10 ഓവർ പൂർത്തിയാക്കാൻ കഴിയുകയും എതിർടീമിനെ ബാറ്റു കൊണ്ട് തച്ചു തകർക്കാനുള്ള ഇന്ധനവുമായി ഇറങ്ങുകയും ചെയ്യുന്ന മാച്ച് വിന്നറാണ് പാണ്ഡ്യ. ഡ്രസിങ് റൂമിൽതുടർന്ന പാണ്ഡ്യയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ നൽകിയത്. എന്നാൽ ന്യൂസിലൻഡിനെതിരെയുള്ള അടുത്ത നിർണായക മത്സരത്തിന് പാണ്ഡ്യ ഉണ്ടാകുമോ എന്ന് ഇപ്പോൾ ഉറപ്പില്ല.
ഇന്ത്യൻ ബോളർമാർക്കു മുന്നിൽ മധ്യനിര പിടിച്ചു നിന്നില്ലെങ്കിലും മുഷ്ഫിക്കർ റഹീമും( 38) മഹമ്മദുല്ലയും( 46) ബംഗ്ലാദേശിന് എട്ടിന് 256 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തു. പതിവ് യോർക്കറുകളുമായി കളം നിറഞ്ഞ ബുമ്ര( 2–41) ഒരിക്കൽ കൂടി തിളങ്ങി. പാണ്ഡ്യയുടെ അഭാവത്തിൽ തന്റെ ക്വോട്ട ഏറിയേണ്ടി വന്ന ഷാർദുൽ താക്കൂർ തല്ലു വാങ്ങിയാണ് തുടങ്ങിയതെങ്കിലും പിന്നീട് നിയന്ത്രണത്തോടെ പന്തെറിഞ്ഞു. അപകടകാരിയായ ടൗവിഡ് ഹ്രിദ്രോയിയുടെ(16) വിക്കറ്റുമെടുത്തു. റൺസ് വിട്ടുകൊടുക്കുന്നതിലെ ധാരാളിത്തം സിറാജ്(2–60) തുടർന്നെങ്കിലും നിർണായക വിക്കറ്റുകൾ പിഴുതുന്ന ശീലം തുടർന്നു.
∙ പരീക്ഷിക്കപ്പെടാതെ ഇന്ത്യൻ വാലറ്റം
256 റൺസ് എന്നത് പ്രതിരോധിച്ചു നോക്കാൻ കഴിയുന്ന ഒരു സ്കോർ തന്നെയായിരുന്നു. കഴിഞ്ഞ നാലു കളികളിൽ മൂന്നിലും ഇന്ത്യയെ തോൽപ്പിച്ച ചരിത്രമുള്ള ബംഗ്ലയ്ക്ക് ആ റെക്കോർഡും പ്രതീക്ഷയ്ക്കു വക നൽകിയിരുന്നിരിക്കാം. പക്ഷേ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയ്ക്കും:(48)ശുഭ്മാൻ ഗില്ലിനും(53) വ്യക്തമായ പദ്ധതി വേറെ ഉണ്ടായി. പവർപ്ലേയുടെ നിയന്ത്രണങ്ങൾ ഉള്ളതോ ഇല്ലാത്തതോ ഒന്നും ഇപ്പോൾ ‘ഹിറ്റ്മാനു’ വിഷയമല്ല. ബാക്ക് വേർഡ് സ്ക്വയറിൽ ഹസൻ മഹമൂദിനെതിരെ പായിച്ച സിക്സർ തന്നെ ഉദാഹരണം
അതേ മഹമൂദിനതിരെ തന്നെ കാട്ടിയ ആവേശം രോഹിതിനെ വീഴ്ത്തി. പിന്നാലെ എത്തിയ കോലി രോഹിത് നിർത്തിയ ഇടത്തു നിന്നു തന്നെയാണ് തുടങ്ങിയത്. രണ്ട് ഫ്രീ ഹിറ്റുകൾ ലഭിച്ച കോലിക്ക് ആരും കൊതിക്കുന്ന തുടക്കമാണ് കിട്ടിയത്. ഒന്നു ഫോറും ഒന്ന് സിക്സും. പിന്നെ വിരാടിനെ പിടിച്ചു കെട്ടാൻ ആർക്കും കഴിഞ്ഞില്ല.
സച്ചിനും കോലിക്കും ശേഷമുള്ള ഇന്ത്യൻ ബാറ്റിങ് വാഗ്ദാനമെന്നു വിശ്വസിക്കപ്പെടുന്ന ശുഭ്മാൻ ഗിൽ മനോഹരമായി പന്തു പ്ലേസ് ചെയ്തു മുന്നേറിക്കൊണ്ടിരുന്നു. തകർത്തടിക്കാൻ തുനിയാതെയും മോശം പന്തുകൾ കൃത്യമായി അതിർത്തിയിലേക്കു പായിച്ചും സിംഗിളുകൾ ഓടിയെടുത്തും കോലിയും ഗില്ലും മുന്നേറി. ലോകകപ്പിലെ ആദ്യ അർധ സെഞ്ചറി കുറിച്ച് ഗിൽ മടങ്ങിയപ്പോൾ പിന്നാലെ വന്ന ശ്രേയസ് അയ്യർ(19) ഉജ്വലമായി തുടങ്ങിയെങ്കിലും മെഹിദി ഹസനെ സിക്സറിനു പായിക്കാനുള്ള ആവേശത്തിൽ കിട്ടിയ അവസരം കളഞ്ഞു. കോലിയും രാഹുലും ശേഷം ജോലി തീർത്തു.
ഈ വിജയം ഏഴു വിക്കറ്റിനായതോടെ ഇന്ത്യൻ വാലറ്റത്തിന്റെ ഫോം നാലാം മത്സരത്തിലും പരീക്ഷിക്കപ്പെട്ടില്ല. ഇന്ത്യയുടെ അതേ ഫോമിൽ ഈ ലോകകപ്പിൽ കളിക്കുന്ന കീവീസിനെതിരെ അതു സംഭവിക്കുമോ എന്നു ഞായറാഴ്ച അറിയാം.